വിവാദ പരാമർശം;  അമിത് ഷായ്ക്കെതിരെ പരാതി നൽകി കോൺഗ്രസ്

വിവാദ പരാമർശം; അമിത് ഷായ്ക്കെതിരെ പരാതി നൽകി കോൺഗ്രസ്

കോൺഗ്രസ് അധികാരത്തിലെത്തിയാൽ കർണാടകയിൽ കലാപമുണ്ടാകുമെന്ന് അമിത് ഷാ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ പറഞ്ഞിരുന്നു

ബെംഗളൂരു: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കെതിരെ പരാതിയുമായി കോൺഗ്രസ്. വിവാദ പ്രസംഗം നടത്തി, പ്രതിപക്ഷത്തെ അപകീർത്തിപ്പെടുത്താൻ ശ്രമിച്ചു എന്നീ ആരോപണങ്ങൾ ഉയർത്തിയാണ് പരാതി നൽകിയിരിക്കുന്നത്. കോൺഗ്രസ് നേതാക്കളായ രൺദീപ് സിംഗ് സുർജേവാല, ഡി കെ ശിവകുമാർ, ഡോ പരമേശ്വർ എന്നിവർ ബെംഗളൂരുവിലെ ഹൈ ഗ്രൗണ്ട്സ് പൊലീസ് സ്റ്റേഷനിലെത്തിയാണ് പരാതി നൽകിയത്.

കോൺഗ്രസ് അധികാരത്തിലെത്തിയാൽ കർണാടകയിൽ കലാപമുണ്ടാകുമെന്ന് അമിത് ഷാ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ പറഞ്ഞിരുന്നു. ഇതിനെതിരെയാണ് കോൺഗ്രസ് നേതാക്കൾ പരാതി നൽകിയത്.' കോൺഗ്രസ് അധികാരത്തിലെത്തിയാൽ കുടുംബ രാഷ്ട്രീയം പ്രോത്സാഹിപ്പിക്കും. പോപ്പുലർ ഫ്രണ്ടിനേർപ്പെടുത്തിയ വിലക്ക് നീക്കും. ഇതോടെ പ്രതിസന്ധിയിലാകുന്നത് കർണാടകയാണ്. കലാപങ്ങൾക്ക് സാക്ഷിയാകേണ്ടി വരും. അഴിമതി വർധിക്കും. റിവേഴ്സ് ഗിയറിലായിരിക്കും സംസ്ഥാനത്തിന്‍റെ വികസനം. ബിജെപിക്ക് മാത്രമേ കർണാടകയെ മുന്നോട്ട് നയിക്കാനാവുക' എന്നായിരുന്നു അമിത് ഷാ പ്രസംഗത്തിൽ ഉന്നയിച്ചത്.

അമിത് ഷായെക്കെതിരെ നിയമപ്രകാരം നടപടി സ്വീകരിക്കണമെന്ന് ഡി കെ ശിവകുമാർ. സാധാരണക്കാരനാണ് ഇത്തരത്തിൽ ഒരു പരാമർശം നടത്തിയതെങ്കിൽ ഇതിനോടകം അറസ്റ്റ് ചെയ്തേനേ. കേന്ദ്ര ആഭ്യന്തര മന്ത്രിക്ക് ഇത്തരത്തിൽ പരാമർശിക്കാനാവില്ല. അദ്ദേഹം ആഭ്യന്തരമന്ത്രിയാണ്. അല്ലാതെ ബിജെപിയുടെ താരപ്രചാരകനല്ലായെന്നും ഡി കെ ശിവകുമാർ പ്രതികരിച്ചു.

Related Stories

No stories found.
logo
Metro Vaartha
www.metrovaartha.com