
രാജസ്ഥാൻ: രാജസ്ഥാനിലെ കോൺഗ്രസ് തർക്കം മുറുകുന്നത് ഹൈക്കമാൻഡിന് തലവേദനയാവുകയാണ്. ഇതിന്‍റെ പശ്ചാത്തലത്തിൽ ഇന്ന് ഡൽഹിയിൽ നിർണായക യോഗം ചേരും. സംസ്ഥാനത്തിന്‍റെ ചുമതലയുള്ള എസ്.എസ്.സി. രാൺധാവ പിസിസി നേതാക്കളുമായും ചർച്ച നടത്തിയ ശേഷം ഹൈക്കമാൻഡിന് റിപ്പോർട്ടു നൽകും.
ഗെഹ്‌ലോത്ത്- സച്ചിൻ തർക്കത്തിൽ ഇരുപക്ഷത്തേയും തള്ളിപ്പറയാനാവാത്ത അവസ്ഥയിലാണ് ഹൈക്കമാൻഡ്. നിയമസഭ തെരഞ്ഞടുപ്പ് അടുത്തിരിക്കുന്ന സാഹചര്യവും വെല്ലുവിളിയാണ്. അതുകൊണ്ടു തന്നെ കടുത്ത നടപടിയിലേക്ക് കടക്കില്ല. ബിജെപി നേതാവ് വസുന്ധര രാജെയെ ചൊല്ലിയാണ് തർക്കം മുറുകുന്നത്. ബിജെപിയുടെ അഴിമതിക്കെതിരെ നടപടിയില്ലെന്നും ഗെഹ്‌ലോത്തിന്‍റെ നേതാവ് സോണിയാഗാന്ധിയല്ല വസുന്ധര രാജെയാണെന്നും സച്ചിൻ ആരോപിക്കുന്നു. 2 വർഷമായി തുടരുന്ന തർക്കം തെരഞ്ഞെടുപ്പ് അടുക്കും തോറും പ്രതിസന്ധി സൃഷ്ടിക്കുകയാണ്.
സച്ചിനെതിരെ കടുത്ത നടപടിവേണമെന്ന് ഗെഹ്‌ലോത്ത് ആവശ്യപ്പെടുമ്പോൾ അഴിമതിക്കെതിരായ നടപടിയാണ് സച്ചിൻ പ്രതീക്ഷിക്കുന്നത്. എന്താണ് യോഗത്തിനു ശേഷം എസ്.എസ്.സി. രാൺധാവ ഹൈക്കമാൻഡിന് നൽകുന്ന റിപ്പോർട്ടെന്നത് പ്രധാനമാണ്.
സംസ്ഥാനത്തെ അഴിമതിക്കെതിരേ 125 കിലോ മീറ്റർ 'ജൻ സംഘർഷ് യാത്ര' നടത്തുകയാണ് സച്ചിൻ. 5 ദിവസം നീണ്ടയാത്രയ്ക്ക് ഇന്നലെ അശോക് ഉദ്യാനിൽ നിന്നും തുടക്കമായി. വ്യക്തികൾക്കെതിരെയല്ല, അഴിമതിക്കെതിരെയാണ് തന്‍റെ യാത്രയെന്നാണ് സച്ചിൻ പ്രതികരിച്ചത്. എന്നാൽ യാത്രയും കോൺഗ്രസുമായി യാതൊരു ബന്ധവുമില്ലെന്ന് ഇന്നലെ തന്നെ കോൺഗ്രസ് നേതൃത്വം വ്യക്തമാക്കിയിരുന്നു. പരസ്യമായി സച്ചിനെതിരെ രംഗത്തു വന്നില്ലെങ്കിലും വിവിധ കോണുകളിൽ നിന്നും അതൃപ്തികൾ പുറത്തു വരുന്നുണ്ട്.