
പൊതുതെരഞ്ഞെടുപ്പിന്റെ ക്വാർട്ടർ ഫൈനലെന്നു വിശേഷിപ്പിക്കപ്പെട്ട കർണാടക നിയമസഭാ തെരഞ്ഞെടുപ്പിലെ വിജയം കോൺഗ്രസിനു നൽകുന്ന ആത്മവിശ്വാസം ചെറുതല്ല. സെമി ഫൈനലെന്നു വിശേഷിപ്പിക്കപ്പെടുന്ന നാലു നിയമസഭാ തെരഞ്ഞെടുപ്പുകളെ കൂടുതൽ കരുത്തോടെ നേരിടാൻ പാർട്ടിക്ക് കർണാടക വിജയം അടിത്തറയാകും. രാജസ്ഥാൻ, ഛത്തിസ്ഗഡ്, മധ്യപ്രദേശ്, തെലങ്കാന തെരഞ്ഞെടുപ്പുകളാണ് ഇനി വരാനിരിക്കുന്നത്. ഇതിൽ തെലങ്കാനയൊഴികെ മൂന്നിടത്തും കോൺഗ്രസും ബിജെപിയും നേരിട്ടുള്ള മത്സരമാണ്. തെലങ്കാനയിൽ ബിആർഎസും കോൺഗ്രസും ബിജെപിയും തമ്മിലാണു മത്സരം.
ഗ്രാമങ്ങൾ തൂത്തുവാരി
യുപിയിലും ഗുജറാത്തിലും വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും ഉൾപ്പെടെ പരാജയപ്പെട്ടതും നേതാക്കൾ കൊഴിഞ്ഞുപോകുന്നതു പതിവായതുമുൾപ്പെടെ വെല്ലുവിളികൾക്കിടെയാണു ഹിമാചൽ പ്രദേശിനു പിന്നാലെ കർണാടകയിലും കോൺഗ്രസിന് വിജയം. ലോക്സഭയിലേക്ക് 28 സീറ്റുകളുള്ള കർണാടകയിൽ നിലവിൽ 25 സീറ്റുകളും ബിജെപിക്കാണ്. ഇന്നലെ ഗ്രാമപ്രദേശങ്ങളിൽ ലഭിച്ച വിജയത്തിന്റെ തോത് കണക്കാക്കിയാൽ 2024ൽ കോൺഗ്രസിന് കൂടുതൽ പ്രതീക്ഷിക്കാമെന്ന് ഉറപ്പ്. സംസ്ഥാനത്തൊട്ടാകെ 43 ശതമാനത്തോളം വോട്ട് ലഭിച്ച കോൺഗ്രസിന് ഗ്രാമപ്രദേശങ്ങളിൽ 44-45 ശതമാനത്തോളമാണു വോട്ട് വിഹിതം.
പ്രതിപക്ഷ നേതൃത്വം
തുടർച്ചയായ തെരഞ്ഞെടുപ്പു പരാജയങ്ങളെത്തുടർന്ന് തങ്ങളെ അവഗണിക്കുന്ന മറ്റു പ്രതിപക്ഷ പാർട്ടികൾക്ക് കോൺഗ്രസിന്റെ മറുപടി കൂടിയാണു കർണാടകയിലെ വിജയം. ബിജെപിക്ക് ബദലായി ദേശീയ തലത്തിൽ കോൺഗ്രസ് മാത്രമേയുള്ളൂ എന്ന വ്യക്തമായ സന്ദേശമാണ് തെരഞ്ഞെടുപ്പു ഫലം നൽകുന്നത്. കോൺഗ്രസിനെ ഒഴിവാക്കി മൂന്നാം മുന്നണിക്കുള്ള ശ്രമങ്ങൾ ഫലപ്രദമാവില്ലെന്നും കർണാടക തെളിയിക്കുന്നു. കോൺഗ്രസിനും തങ്ങൾക്കും രണ്ടു മുഖ്യമന്ത്രിമാരെന്നായിരുന്നു നേരത്തേ ആം ആദ്മി പാർട്ടിയുടെ അവകാശവാദം. ഇപ്പോൾ കോൺഗ്രസ് നാലു സംസ്ഥാനങ്ങളിൽ ഭരണകക്ഷിയായി. ഇനി അതു വർധിക്കാമെന്നതും കാണാതിരിക്കാനാവില്ല പ്രതിപക്ഷത്തിന്.
കരുത്തുറ്റ പ്രാദേശിക നേതൃത്വം
കർണാടകയിലെ വിജയത്തിൽ പ്രാദേശിക നേതൃത്വമാണ് നിർണായകമായത് എന്നതു കോൺഗ്രസിന് ഈ തെരഞ്ഞെടുപ്പു നൽകുന്ന പാഠം. പിസിസി അധ്യക്ഷൻ ഡി.കെ. ശിവകുമാറും മുൻ മുഖ്യമന്ത്രി എസ്. സിദ്ധരാമയ്യയും എല്ലാ ഭിന്നതകലും മാറ്റിവച്ച് ഒരേ മനസോടെയാണു തെരഞ്ഞെടുപ്പു നേരിട്ടത്. ശിവകുമാർ സംഘടനാ തലത്തിൽ പാർട്ടിയെ ചലിപ്പിച്ചു. എംഎൽഎമാരെ അടർത്തി മാറ്റുന്നതുൾപ്പെടെ ബിജെപി നേതൃത്വത്തിന്റെ ഏതു നീക്കത്തെയും ശക്തമായി ചെറുക്കാനും അതേ നാണയത്തിൽ തിരിച്ചടിക്കാനും കഴിയുന്ന നേതാവാണ് താനെന്ന വിശ്വാസം ശിവകുമാറിന് അണികളിലും വോട്ടർമാരിലുമുണ്ടാക്കാനായി. സിദ്ധരാമയ്യയുടെ ജനകീയ മുഖവും പാർട്ടിക്ക് ഗുണം ചെയ്തു. സംസ്ഥാനങ്ങളിൽ ശക്തരായ നേതാക്കളും സംഘടനാ അടിത്തറയുമുണ്ടെങ്കിൽ ബിജെപിയെ നേരിടാനാകുമെന്ന സന്ദേശമാണ് കോൺഗ്രസ് നേതൃത്വത്തിന് കർണാടക നൽകുന്നത്.
ജനകീയ പ്രശ്നങ്ങൾ
പഴയ പെൻഷൻ പദ്ധതി തിരികെക്കൊണ്ടുവരും, എല്ലാ വീട്ടമ്മമാർക്കും മാസം 1500 രൂപ നൽകും തുടങ്ങിയ വാഗ്ദാനങ്ങളായിരുന്നു ഹിമാചൽ പ്രദേശിൽ കോൺഗ്രസിന്റെ വിജയത്തിൽ നിർണായകമായത്. സമാനമായ പ്രഖ്യാപനങ്ങൾ കർണാടകയിലും കോൺഗ്രസിനെ തുണച്ചു. ഒപ്പം ഹിമാചലിൽ ബിജെപിക്ക് വിനയായ വിമത പ്രശ്നങ്ങൾ കർണാടകയിൽ ആവർത്തിച്ചതും കോൺഗ്രസിന് കാര്യങ്ങൾ എളുപ്പമാക്കി.