പ്രവചനങ്ങളിൽ പതറാതെ, ആത്മവിശ്വാസത്തോടെ പ്രതിപക്ഷ ക്യാംപ്

പ്രചാരണത്തിൽ നടത്തിയ ചിട്ടയായ സംഘടനാ പ്രവര്‍ത്തനവും നേതാക്കളുടെ ഐക്യവുമാണ് ആത്മവിശ്വാസം പകരുന്നതെന്ന് പ്രതിപക്ഷത്തെ മുതിർന്ന നേതാക്കൾ
Congress, INDIA alliance confident despite Exit Poll setback
പ്രവചനങ്ങളിൽ പതറാതെ, ആത്മവിശ്വാസത്തോടെ പ്രതിപക്ഷ ക്യാംപ്File

ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം പുറത്ത് വരാന്‍ മണിക്കൂറുകള്‍ മാത്രം ശേഷിക്കെ, എക്സിറ്റ് പോൾ ഫലങ്ങൾ മിക്കതും എതിരാണെങ്കിലും തികഞ്ഞ ആത്മവിശ്വാസത്തിലാണ് വിശാല പ്രതിപക്ഷ ഐക്യമായ ഇന്ത്യ സഖ്യത്തിന്‍റെയും കോൺഗ്രസിന്‍റെയും ക്യാംപുകൾ. എക്സിറ്റ് പോളുകളിലല്ല, പ്രചാരണത്തിൽ നടത്തിയ ചിട്ടയായ സംഘടനാ പ്രവര്‍ത്തനവും നേതാക്കളുടെ ഐക്യവുമാണ് ആത്മവിശ്വാസം പകരുന്നതെന്ന് പ്രതിപക്ഷത്തെ മുതിർന്ന നേതാക്കൾ പറയുന്നു. തെരഞ്ഞെടുപ്പ് ഫലം വരും മുൻപ് തന്നെ കേന്ദ്ര സര്‍ക്കാര്‍ രൂപീകരണത്തെക്കുറിച്ചു പോലും സംസാരിക്കാൻ ഇവരിൽ ചിലർ തയാറാകുന്നു.

കുരുക്ഷേത്ര യുദ്ധ കാലത്ത് എതിരാളികളെ വളഞ്ഞിട്ട് ആക്രമിച്ച് വീഴ്ത്താന്‍ ചക്രവ്യൂഹം ചമച്ച കഥകള്‍ വായിച്ചറിഞ്ഞ ഇന്ത്യക്കാർ, അത്തരം ചക്രവ്യൂഹങ്ങള്‍ നേരിട്ടുകണ്ടത് ഈ ലോക്‌സഭാ തെരഞ്ഞെടുപ്പ് പോരാട്ടത്തിലാണെന്ന് കോൺഗ്രസ് ദേശീയ നേതൃത്വം വിലയിരുത്തുന്നു. രാഷ്‌ട്രീയ എതിരാളികളെ വീഴ്ത്താന്‍ പ്രാദേശിക സര്‍ക്കാരുകളെ വീഴ്ത്തുകയും, ഇഡിയെ ഉപയോഗിച്ച് പ്രതിപക്ഷത്തെ മുന്‍നിര നേതാക്കളെ വേട്ടയാടുകയും, പാര്‍ട്ടികളുടെ ഫണ്ട് മരവിപ്പിക്കാന്‍ ആദായ നികുതി വിഭാഗത്തെ ഉപയോഗിക്കുകയും വരെ ചെയ്തെന്ന് അവർ ചൂണ്ടിക്കാട്ടുന്നു.

ബിജെപി തന്ത്രങ്ങളെ നേരിടാൻ ഇത്തവണ മുൻനിരയിൽ സോണിയ ഗാന്ധി ഉണ്ടായിരുന്നില്ല എന്നതും ശ്രദ്ധേയമാണ്. പ്രായാധിക്യവും അസുഖവും സോണിയയെ ഒരു പരിധിവരെ പിന്നോട്ടു വലിക്കുകയായിരുന്നു. എന്നാൽ, പ്രായം മറക്കുന്ന പ്രവർത്തനവുമായി മല്ലികാർജുൻ ഖാർഗെയും നവോർജവുമായി രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും മുന്നിൽ നിന്നു. സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാലിനെപ്പോലെ ഇവർക്കൊപ്പം കാര്യക്ഷമമായൊരു നേതൃനിരയും ഫലപ്രദമായി പ്രവർത്തിച്ചു എന്നാണ് പാർട്ടിയുടെ ഇതുവരെയുള്ള വിലയിരുത്തൽ.

വ്യക്തമായ പദ്ധതികളുമായി തെരഞ്ഞെടുപ്പ് നേരിടാനാണ് കോൺഗ്രസ് ഇത്തവണ ശ്രമിച്ചത്. ബിജെപിയുടെ അജൻഡയ്ക്കു പിന്നാലെ പോകുന്ന പതിവ് വിട്ട്, തങ്ങൾ തിരികൊളുത്തിയ പ്രചരണത്തിനു പിന്നാലെ ബിജെപിയെ കൊണ്ടുവരാൻ സാധിച്ചു എന്നാണ് അവർ അവകാശപ്പെടുന്നത്. ബിജെപിയെപ്പോലും മറികടക്കുന്ന സോഷ്യല്‍ മീഡിയ ക്യാംപെയ്നിങ് പുറത്തെടുക്കാൻ സാധിച്ചെന്നും കോൺഗ്രസ് നേതാക്കൾ വിശ്വസിക്കുന്നു.

സ്ഥാനാർഥി നിർണയത്തിലും ജനക്ഷേമ പദ്ധതികള്‍ ഉള്‍പ്പെടുന്ന പ്രകടന പത്രിക തയാറാക്കുന്നതിലും കോണ്‍ഗ്രസ് പ്രത്യേകം ശ്രദ്ധ ചെലുത്തി. സ്ഥാനാർഥി നിർണയത്തെച്ചൊല്ലി പതിവുള്ള വാദപ്രതിവാദങ്ങൾ ഇക്കുറി വളരെ കുറഞ്ഞു. സ്ഥാനാർഥി നിർണയത്തിനായി കോണ്‍ഗ്രസിന്‍റെ ഓരോ സംസ്ഥാനങ്ങളിലെയും സ്‌ക്രീനിങ് കമ്മിറ്റി യോഗങ്ങളിൽ നേരിട്ട് പങ്കെടുത്ത നേതാക്കളിൽ കേരളത്തിൽനിന്നുള്ള കെ.സി. വേണുഗോപാലും ഉൾപ്പെടുന്നു.

പാർട്ടി അധ്യക്ഷ പദവിയിൽ ഇല്ലാതിരുന്നിട്ടും, 107 റാലികളിലും റോഡ് ഷോകളിലും പ്രധാന പ്രചാരണ പരിപാടികളിലും പങ്കെടുത്ത രാഹുൽ ഗാന്ധി തന്നെയാണ് അക്ഷരാർഥത്തിൽ കോൺഗ്രസിന്‍റെ പ്രചാരണം നയിച്ചത്. 108 പൊതുയോഗങ്ങളിലും റോഡ് ഷോകളിലും പങ്കെടുത്ത പ്രിയങ്ക ഗാന്ധിയും ദേശീയ രാഷ്‌ട്രീയത്തിൽ സാന്നിധ്യം കൂടുതൽ സജീവമാക്കി. നൂറിലധികം മീഡിയ ബൈറ്റുകളും ഒരു ടിവി അഭിമുഖവും അഞ്ച് പത്ര അഭിമുഖങ്ങളും അവര്‍ നല്‍കി. ഉത്തർ പ്രദേശിലെ റായ്ബറേലി, അമേഠി മണ്ഡലങ്ങളിൽ കൂടുതൽ ശ്രദ്ധ ചെലുത്താനാണ് നിയോഗിക്കപ്പെട്ടിരുന്നതെങ്കിലും, കേരളം അടക്കമുള്ള 16 സംസ്ഥാനങ്ങളിലും ഒരു കേന്ദ്രഭരണ പ്രദേശത്തും അവർ പ്രചാരണത്തിനെത്തി. അമേഠിയിലും റായ്ബറേലിയിലും ആയിരക്കണക്കിന് തൊഴിലാളികള്‍ പങ്കെടുത്ത രണ്ട് സമ്മേളനങ്ങളെയും പ്രിയങ്ക അഭിസംബോധന ചെയ്തു.

തെരഞ്ഞെടുപ്പിനു മുൻപേ നടത്തിയ 'ഭാരത് ജോഡോ യാത്ര' കോണ്‍ഗ്രസിനെയും രാജ്യത്തെയും വീണ്ടെടുക്കാനുള്ള രാഷ്‌ട്രീയ മുന്നേറ്റം എന്ന നിലയിലാണ് അവതരിപ്പിക്കപ്പെട്ടത്. ഈ തെരഞ്ഞെടുപ്പിനെ നേരിടാന്‍ കോണ്‍ഗ്രസിന്‍റെ ബലവും അടിത്തറയും രൂപപ്പെടുത്താൻ ഈ യാത്രകൾക്കു സാധിച്ചിട്ടുണ്ടെന്നാണ് നേതാക്കൾ പ്രതീക്ഷിക്കുന്നത്.

28 പ്രതിപക്ഷ പാര്‍ട്ടികളെ ഇന്ത്യ മുന്നണി എന്ന ഒറ്റ കുടക്കീഴിൽ അണിനിരത്തിയാണ് കോൺഗ്രസ് ഇത്തവണ തെരഞ്ഞെടുപ്പ് നേരിട്ടത്. പ്രതീക്ഷിച്ചത്ര വലിയ പ്രശ്നങ്ങൽ മുന്നണിയുടെ സീറ്റ് വിഭജനത്തിലുമുണ്ടായില്ല. തെക്കേ അറ്റത്ത് തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍ മുതല്‍ പടിഞ്ഞാറ് എന്‍സിപി നേതാവ് ശരദ് പവാര്‍, കിഴക്ക് ആര്‍ജെഡി അധ്യക്ഷന്‍ ലാലു പ്രസാദ് യാദവ്, രാജ്യത്തിന്‍റെ ഹൃദയഭാഗത്ത് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ മുതല്‍ വടക്കേയറ്റത്ത് ജമ്മു കശ്മീരിൽ ഫാറൂഖ് അബ്ദുള്ള വരെ നീളുന്ന നേതാക്കളെ ഏകോപിപ്പിക്കുന്നതിനുള്ള ഉത്തരവാദിത്വം വഹിച്ചവരിൽ കെ.സി. വേണുഗോപാലും ഉണ്ടായിരുന്നു.

അതേസമയം, ജനവിധി അട്ടിമറിക്കാൻ ഏതു ജനാധിപത്യവിരുദ്ധ നടപടികളും സ്വീകരിക്കാൻ നരേന്ദ്ര മോദിയും ബിജെപിയും മടിക്കില്ലെന്നും കോൺഗ്രസ് നേതാക്കൾ ആരോപിക്കുന്നു. തെരഞ്ഞെടുപ്പ് കമ്മീഷൻ ഉൾപ്പെടെ രാജ്യത്തിൻറെ സ്വതന്ത്ര ഭരണഘടനാ സ്ഥാപനങ്ങൾ പലതിനെയും അവർ ഇതിനായി വിനിയോഗിക്കുന്നു എന്നാണ് ആരോപണം. പോളിങ് ശതമാനത്തിന്‍റെ കൃത്യമായ കണക്കുകൾ പുറത്തുവിടുന്നതിന് ഇലക്ഷൻ കമ്മീഷൻ കാട്ടിയിട്ടുള്ള അലംഭാവം ഒരു തെരഞ്ഞെടുപ്പ് അട്ടിമറയിലേക്ക് വരെ വിരൽ ചൂണ്ടുന്നതാണെന്ന ആശങ്ക പാർട്ടിക്കുണ്ട്. ഒരുപക്ഷേ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിനുശേഷം ഇതു സംബന്ധിച്ച നിയമ പോരാട്ടങ്ങൾ തന്നെ തുടങ്ങിയാലും അദ്ഭുതപ്പെടാനില്ല.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com