
ന്യൂഡൽഹി: ബിബിസി ഓഫീസിൽ ആദായ നികുതി വകുപ്പ് പരിശോധന നടത്തുന്നതിനെ രൂക്ഷമായി വിമർശിച്ച് കോൺഗ്രസ്. ഇത് അപ്രഖ്യാപിത അടിയന്തരാവസ്ഥയെന്ന് കോൺഗ്രസ് നേതാവ് ജയറാം രമേശ് ആരോപിച്ചു. അദാനി വിഷയത്തിൽ ജെപിസി അന്വേഷണം ആവശ്യപെടുകയാണ് എന്നാൽ സർക്കാർ ബിബിസിയിൽ പരിശോധന നടത്തുന്ന തിരക്കിലാണെന്നും അദ്ദേഹം വിമർശിച്ചു. വിനാശ കാലേ വിപരീത ബുദ്ധിയെന്ന് കോൺഗ്രസ് വിമർശിച്ചു.
ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട ഡോക്യുമെന്‍ററി വിവാദം നിലനിൽക്കുന്നതിനിടെയാണ് ബിബിസി ഓഫീസുകളിൽ റെയ്ഡ് നടക്കുന്നത്. ബിബിസിയുടെ മുംബൈ, ഡൽഹി എന്നിവിടങ്ങളിലെ ഓഫീസുകളിലാണ് പതിനൊന്നുമണിയോടെ ആദായ നികുതി വകുപ്പ് റെയ്ഡ് നടത്തുന്നത്. പരിശോധനയ്ക്കിടെ മാധ്യമ പ്രവര്‍ത്തകരുടെയും ജീവനക്കാരുടെയും ഫോണുകള്‍ ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തു. അടുത്ത ഷിഫ്റ്റിലുള്ള ജോലിക്കാര്‍ ഓഫീസില്‍ എത്തേണ്ടതില്ലെന്ന നിര്‍ദേശവും നല്‍കി.
ജീവനക്കാരുടെ പക്കൽ നിന്നും പിടിച്ചെടുത്ത ഇലക്ട്രോണിക് ഉപകരണങ്ങളുടെ ബാക്കപ്പ് എടുത്ത് വ്യക്തികൾക്ക് തിരികെ കൈമാറുമെന്നാണ് ആദായ നികുതി ഉദ്യോഗസ്ഥരുടെ വിശദീകരണം. അക്കൗണ്ട്, ധനകാര്യ ഡിപ്പാർട്ട്മെന്‍ററി എന്നിവയിലെ ഉദ്യോഗസ്ഥരുടെ ലാപ്പ് ടോപ്പുകൾ, കംപ്യൂട്ടറുകൾ എന്നിവ പിടിച്ചെടുത്തതായും ആദായ നികുതി വകുപ്പ് വൃത്തങ്ങൾ വ്യക്തമാക്കി.നികുതി അടച്ചതുമായി ബന്ധപ്പെട്ടും സാമ്പത്തിക ധനസമാഹരണവുമായി ബന്ധപ്പെട്ടും ബിബിസിക്കെതിരെ ചില പരാതികള്‍ ഉയര്‍ന്നിരുന്നു. ഇത് സംബന്ധിച്ച് പരിശോധനയ്ക്കാണ് റെയ്ഡുകളെന്നാണ് ഐടി അധികൃതരുടെ വിശദീകരണം.