
ജയ്പുർ: നിയമസഭാ തെരഞ്ഞെടുപ്പു പ്രചാരണം ചൂടുപിടിക്കുന്നതിനിടെ രാജസ്ഥാനിൽ മുൻ എംഎൽഎമാരുൾപ്പെടെ നിരവധി കോൺഗ്രസ് നേതാക്കൾ ബിജെപിയിൽ ചേർന്നു. മുൻ എംഎൽഎമാരായ ചന്ദ്ര ശേഖർ വൈദ്, നന്ദലാൽ പൂനിയ, മുൻ ജയ്പുർ മേയർ ജ്യോതി ഖണ്ഡേൽവാൾ, മാണ്ഡവയിലെ മുൻ സ്വതന്ത്ര സ്ഥാനാർഥി ഹരിസിങ് ചരൺ, മുൻ ഐപിഎസ് ഉദ്യോഗസ്ഥരായ കേസർ സിങ് ശെഖാവത്, ഭീം സിങ് എന്നിവരാണ് ശനിയാഴ്ച ബിജെപിയിൽ ചേർന്നത്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയിലും പാർട്ടിയിലുമുള്ള വിശ്വാസം വർധിച്ചതിനാലാണു നേതാക്കൾ കൂട്ടത്തോടെ വരുന്നതെന്നു ബിജെപി സംസ്ഥാന അധ്യക്ഷൻ സി.പി. ജോഷി പറഞ്ഞു. കാർഷിക വായ്പാ ഇളവുൾപ്പെടെ കോൺഗ്രസിന്‍റെ വാഗ്ദാനങ്ങളിൽ എന്താണു സംഭവിക്കുന്നതെന്നു ജനം കണ്ടറിഞ്ഞു കഴിഞ്ഞു. ഇനി അത്തരം പൊള്ളയായ വാഗ്ദാനങ്ങൾക്കു പിന്നാലെ ജനങ്ങൾ പോകില്ല.
എൻഫോഴ്സ്മെന്‍റ് ഡയറക്റ്ററേറ്റിനെതിരേ കോൺഗ്രസ് മുഖ്യമന്ത്രിമാരായ അശോക് ഗെഹ്‌ലോട്ടും ഭൂപേഷ് ബഘേലും നടത്തിയ മോശമായ പരാമർശങ്ങൾ അപലപനീയമാണെന്നും ജോഷി. സത്യസന്ധരും സമർപ്പിതരുമായ പ്രവർത്തകരെ കോൺഗ്രസ് നേതൃത്വം അവഗണിക്കുന്നതിനാലാണു താൻ ബിജെപിയിൽ ചേർന്നതെന്നു ജ്യോതി ഖണ്ഡേൽവാൾ പറഞ്ഞു.