പ്രകടനത്തിന്‍റെ അടിസ്ഥാനത്തിലായിരിക്കണം ഇന്ത‍്യൻ ടീമിലേക്കുള്ള തെരഞ്ഞെടുപ്പ്; നിലപാട് വ‍്യക്തമാക്കി കോൺഗ്രസ് എംപി

ഒരാൾ മികച്ച പ്രകടനം പുറത്തെടുക്കുന്നുണ്ടെങ്കിൽ അയാൾ എവിടെ നിന്നാണ് വരുന്നതെന്ന് ഒരു വിഷയമേയല്ലെന്നായിരുന്നു കോൺഗ്രസ് എംപി ഇമ്രാൻ മസൂദിന്‍റെ പ്രതികരണം
congress mp imran masood siraj playing 11 controversy

ഇമ്രാൻ മസൂദ്, മുഹമ്മദ് സിറാജ്

Updated on: 

ന‍്യൂഡൽഹി: ന‍്യൂസിലൻഡിനെതിരായ ആദ‍്യ ടെസ്റ്റ് മത്സരത്തിൽ പേസർ മുഹമ്മദ് സിറാജിനെ ഇന്ത‍്യയുടെ പ്ലെയിങ് ഇലവനിൽ ഉൾപ്പെടുത്താത്തിനെ ചൊല്ലിയുണ്ടായ വിവാദത്തിൽ പ്രതികരണവുമായി കോൺഗ്രസ് എംപി ഇമ്രാൻ മസൂദ്.

ഇന്ത‍്യൻ ക്രിക്കറ്റ് ടീമിലേക്ക് താരങ്ങളെ തെരഞ്ഞെടുക്കേണ്ടത് പ്രകടനത്തിന്‍റെ അടിസ്ഥാനത്തിലായിരിക്കണമെന്നും മറിച്ച് പശ്ചാത്തലത്തിന്‍റെ അടിസ്ഥാനത്തിലായിരിക്കരുതെന്നും അദ്ദേഹം പറഞ്ഞു.

അടുത്തിടെ ടെസ്റ്റ് ഫോർമാറ്റിൽ നിന്നും വിരമിച്ച മുഹമ്മദ് ഷമിക്ക് പ്ലെയിങ് ഇലവനിൽ ഇടം ലഭിക്കാത്തതിനെ പറ്റി മാധ‍്യമപ്രവർത്തകർ ചോദിച്ചപ്പോൾ ഷമിയുണ്ട്, സർഫറാസുണ്ട് അങ്ങനെ ഒട്ടേറെ താരങ്ങളുണ്ട്. പ്രകടനത്തിന്‍റെ അടിസ്ഥാനത്തിലായിരിക്കണം തെരഞ്ഞെടുപ്പുകളെന്നും ഒരാൾ മികച്ച പ്രകടനം പുറത്തെടുക്കുന്നുണ്ടെങ്കിൽ അയാൾ എവിടെ നിന്നാണ് വരുന്നതെന്ന് ഒരു വിഷയമേയല്ലെന്നായിരുന്നു അദ്ദേഹത്തിന്‍റെ മറുപടി.

കായികരംഗത്തേക്ക് അനാവശ‍്യമായി രാഷ്‌ട്രീയം കൊണ്ടുവരുന്നുവെന്ന് പറഞ്ഞ് ഇമ്രാൻ മസൂദിന്‍റെ മുൻപത്തെ പരാമർശത്തിനെതിരേ ബിജെപി രംഗത്തെത്തിയിരുന്നു. രാജ‍്യത്ത് കഴിവിന്‍റെ അടിസ്ഥാനത്തിലാണ് അവസരങ്ങൾ നൽകുന്നതെന്ന് നേരത്തെ കേന്ദ്ര മന്ത്രി കിരൺ റിജിജു വ‍്യക്തമാക്കിയിരുന്നു. സ്വന്തം പാർട്ടിയിൽ നിന്നും വരെ ഇമ്രാൻ മസൂദിന് വിമർശനം നേരിടേണ്ടി വന്നിരുന്നു.

രാഷ്ട്രീയം കായികരംഗവുമായി കൂട്ടിക്കലർത്തരുതെന്ന് കോൺഗ്രസ് രാജ‍്യസഭാ എംപി രഞ്ജീത് രഞ്ജൻ പറഞ്ഞിരുന്നു. സിറാജിനെ പ്ലെയിങ് ഇലവനിൽ ഉൾപ്പെടുത്താത്തതിന്‍റെ കാരണം അദ്ദേഹത്തിന്‍റെ പേരാണെന്നായിരുന്നു വാർത്താ ഏജൻസിയായ എഎൻഐയോട് സംസാരിക്കവെ ഇമ്രാൻ മസൂദ് ആരോപിച്ചിരുന്നത്. ഇതിനെതിരേ രൂക്ഷ പ്രതികരണവുമായി ബിജെപി വക്താവ് പ്രദീപ് ഭണ്ഡാരി രംഗത്തെത്തിയതോടെയാണ് സംഭവം വലിയ വിവാദങ്ങൾക്ക് ഇടയാക്കിയത്.