

ന്യൂഡൽഹി: ഇന്ത്യയുടെ വർക്ക് വീക്ക് ആറ് ദിവസത്തിൽ നിന്ന് അഞ്ച് ദിവസമായി ചുരുക്കിയതിൽ താൻ അസ്വസ്ഥനാണെന്ന് ഇൻഫോസിസ് സഹസ്ഥാപകൻ നാരായണ മൂർത്തിയുടെ പ്രസ്ഥാവനയോട് പ്രതികരിച്ച് കോൺഗ്രസ് എംപി കാർത്തി പി ചിദംബരം.
കൂടുതൽ നേരം ജോലിചെയ്യുന്നതിലല്ല ചെയ്യുന്ന ജോലി കാര്യക്ഷമമാകുന്നതിലാണ് ശ്രദ്ധിക്കേണ്ടതെന്ന് കോൺഗ്രസ് എംപി പറഞ്ഞു. അടിസ്ഥാന സൗകര്യങ്ങളുടെ പരിമിതികളോടും കാര്യക്ഷമമല്ലാത്ത സംവിധാനങ്ങളോടുമുള്ള പോരാട്ടമാണ് ദൈനംദിന ജീവിതം.
അതുകൊണ്ടുതന്നെ സാമൂഹിക ഐക്യം ഉറപ്പാക്കുന്നതിന് ഏറ്റവും അനിവാര്യമായ ഒന്ന് തൊഴിലും ജീവിതവും ബാലന്‍സ് ചെയ്യുകയാണെന്ന് പി. ചിദംബരം പറഞ്ഞു. എന്‍റെ അഭിപ്രായത്തില്‍ ഇന്ത്യ ആഴ്ചയില്‍ നാല് പ്രവര്‍ത്തി ദിവസം എന്ന നിലയിലേക്ക് മാറുകയാണ് വേണ്ടത്.
വര്‍ക്ക് വീക്ക് എന്നത് തിങ്കളാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് ആരംഭിച്ച് വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ട് മണിക്ക് അവസാനിക്കുന്ന നിലയിലേക്ക് മാറണമെന്നും എം.പി. എക്‌സില്‍ കുറിച്ചു.
ഇന്ത്യയുടെ വികസനത്തിന് വിശ്രമമല്ല, ത്യാഗമാണ് വേണ്ടതെന്നും ഒരാഴ്ചയില്‍ 70 മണിക്കൂറെങ്കിലും ജോലി ചെയ്യണമെന്നുമായിരുന്നു നാരായണ മൂര്‍ത്തിയുടെ പ്രസ്താവന.
പ്രധാനമന്ത്രി നരേന്ദ്ര മോദി ഒരാഴ്ചയില്‍ 100 മണിക്കൂര്‍ ജോലി ചെയ്യുന്നുണ്ടെന്നും അദ്ദേഹത്തിന്‍റെ പ്രയത്‌നം കൊണ്ട് നമുക്ക് ചുറ്റിലുമുണ്ടാകുന്ന മാറ്റങ്ങളെ അഭിനന്ദിക്കേണ്ടത് അദ്ദേഹത്തെ പോലെ ജോലിചെയ്താണെന്നും മൂര്‍ത്തി അഭിപ്രായപ്പെട്ടിരുന്നു.