
നവ റായ്പുർ: കോൺഗ്രസ് പ്രവർത്തക സമിതിയിലേക്കു തെരഞ്ഞെടുപ്പു വേണ്ടെന്ന് ഛത്തിസ്ഗഡ് തലസ്ഥാനമായ റായ്പുരിൽ ചേർന്ന സ്റ്റിയറിങ് കമ്മിറ്റി യോഗത്തിൽ തീരുമാനം. മുഴുവൻ അംഗങ്ങളെയും നാമനിർദേശം ചെയ്യാൻ പാർട്ടി ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയെ യോഗം ചുമതലപ്പെടുത്തി. മുൻ അധ്യക്ഷരെയും മുൻ പ്രധാനമന്ത്രിമാരെയും പ്രവർത്തക സമിതിയിലെ സ്ഥിരം അംഗങ്ങളാക്കാനുള്ള പാർട്ടി ഭരണഘടനാ ഭേദഗതിക്കും സ്റ്റിയറിങ് കമ്മിറ്റിയുടെ അംഗീകാരം. ഇന്നും നാളെയുമായി നടക്കുന്ന പ്ലീനറി സമ്മേളനം ഈ തീരുമാനങ്ങൾക്ക് അന്തിമാനുമതി നൽകി.
ലോക്സഭാ തെരഞ്ഞെടുപ്പിന് ഒരു വർഷം മാത്രം അവശേഷിക്കെ പ്രവർത്തക സമിതിയിലേക്കു തെരഞ്ഞെടുപ്പു നടത്തുന്നത് വിഭാഗീയതയുണ്ടാക്കുമെന്ന വിലയിരുത്തതിലാണു നാമനിർദേശമെന്ന തീരുമാനത്തിലേക്കു സ്റ്റിയറിങ് കമ്മിറ്റി എത്തിയത്. നാൽപ്പത്തഞ്ചോളം പേർ പങ്കെടുത്ത സ്റ്റിയറിങ് കമ്മിറ്റിയിലെ യുവാക്കൾ തെരഞ്ഞെടുപ്പു വേണമെന്ന നിലപാടുകാരായിരുന്നെങ്കിലും നാമനിർദേശമെന്ന മുതിർന്ന നേതാക്കളുടെ നിർദേശത്തോടു യോജിക്കുകയായിരുന്നു. തീരുമാനം ഏകകണ്ഠമെന്നു ജനറൽ സെക്രട്ടറി ജയ്റാം രമേശ്.
മുൻ അധ്യക്ഷർക്കും മുൻ പ്രധാനമന്ത്രിമാർക്കും സ്വയമേവ പ്രവർത്തക സമിതി അംഗത്വം ലഭിക്കുമെന്ന തീരുമാനത്തോടെ മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്, സോണിയ ഗാന്ധി, രാഹുൽ ഗാന്ധി എന്നിവരുടെ സാന്നിധ്യം ഉറപ്പായി. പ്രിയങ്ക ഗാന്ധി വാദ്രയെ നാമനിർദേശത്തിലൂടെ സമിതിയിൽ ഉൾപ്പെടുത്തിയേക്കും.
25 അംഗ പ്രവർത്തക സമിതിയിൽ 12 പേരെ തെരഞ്ഞെടുപ്പിലൂടെയും 11 പേരെ നാമനിർദേശത്തിലൂടെയും കണ്ടെത്തുകയെന്നതായിരുന്നു പതിവ്. പാർട്ടി അധ്യക്ഷനും പാർലമെന്ററി പാർട്ടി നേതാവുമാണ് സമിതിയിലെ മറ്റു രണ്ടംഗങ്ങൾ. ഇത്തവണ പ്രവർത്തക സമിതി അംഗങ്ങളുടെ എണ്ണം വർധിപ്പിക്കാനും ലോക്സഭയിലെയും രാജ്യസഭയിലെയും നേതാക്കളെക്കൂടി ഉൾപ്പെടുത്താനും സ്റ്റിയറിങ് കമ്മിറ്റി ശുപാർശ ചെയ്തിട്ടുണ്ട്.
പാർട്ടിയുടെ പരമോന്നത നയരൂപീകരണ സമിതിയായ പ്രവർത്തക സമിതിയിലുൾപ്പെടെ പട്ടികജാതി- പട്ടികവർഗം, ഒബിസി, വനിതകൾ, യുവാക്കൾ, ന്യൂനപക്ഷങ്ങൾ എന്നീ വിഭാഗങ്ങളിൽ നിന്നുള്ളവർക്കായി 50 ശതമാനം അംഗത്വം നീക്കിവയ്ക്കാനുള്ള ശുപാർശയും സ്റ്റിയറിങ് കമ്മിറ്റി നൽകിയിട്ടുണ്ടെന്നു യോഗ തീരുമാനങ്ങൾ വിശദീകരിച്ച ജയ്റാം രമേശ്.
പാർട്ടി ഭരണഘടനയിലെ 16 അനുച്ഛേദങ്ങളും 32 ചട്ടങ്ങളും ഭേദഗതി ചെയ്യാനാണു ശുപാർശ. ലഹരിവസ്തുക്കളുടെ ഉപയോഗത്തിലും പ്രചാരണത്തിലും നിന്ന് പാർട്ടി അംഗങ്ങൾ വിട്ടുനിൽക്കണമെന്നതാണ് പ്രധാന ഭേദഗതി. അംഗങ്ങൾ മദ്യപിക്കരുതെന്ന നിർദേശവും ഒരു വിഭാഗം നേതാക്കൾ മുന്നോട്ടുവച്ചിട്ടുണ്ട്.
രണ്ടര മണിക്കൂർ നീണ്ട യോഗത്തിൽ പ്രവർത്തക സമിതിയിലേക്കു ചർച്ച വേണ്ടെന്നതായിരുന്നു ഭൂരിപക്ഷത്തിന്റെയും അഭിപ്രായമെന്നും ജയ്റാം രമേശ്. ചിലർ തെരഞ്ഞെടുപ്പു വേണമെന്നു പറഞ്ഞെങ്കിലും അന്തിമ തീരുമാനം ഏകകണ്ഠമായിരുന്നുവെന്നും അദ്ദേഹം.
എല്ലാവരും സ്വതന്ത്രമായി അഭിപ്രായങ്ങൾ പറയണമെന്നായിരുന്നു ഉദ്ഘാടന പ്രസംഗത്തിൽ പ്രതിനിധികളോട് ഖാർഗെയുടെ അഭ്യർഥന. തീരുമാനം കൂട്ടായി എടുക്കണം. നിങ്ങളെടുക്കുന്ന ഏതു തീരുമാനവും എന്റേതും എല്ലാവരുടേതുമാണ്. ഭരണഘടനയും ജനാധിപത്യവും ഭീഷണി നേരിടുമ്പോഴാണ് പ്ലീനറി സമ്മേളനം നടക്കുന്നത്. മഹാത്മാഗാന്ധി കോൺഗ്രസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടതിന്റെ നൂറാം വാർഷികത്തിലാണു പാർട്ടിയുടെ എൺപത്തഞ്ചാം പ്ലീനറി നടക്കുന്നത് എന്നും ഖാർഗെ ഓർമിപ്പിച്ചു. കന്യാകുമാരി മുതൽ കശ്മീർ വരെ രാഹുൽ ഗാന്ധി നടത്തിയ ഭാരത് ജോഡോ യാത്ര പാർട്ടിയിൽ ആവേശം സൃഷ്ടിച്ചെന്നു പറഞ്ഞ ഖാർഗെ ഇക്കൊല്ലം നടക്കാനുള്ള നിയമസഭാ തെരഞ്ഞെടുപ്പുകൾ ഒരേസമയം അവസരവും വെല്ലുവിളിയുമാണെന്നു കൂട്ടിച്ചേർത്തു.