ഭരണം കിട്ടിയാൽ മധ്യ പ്രദേശിന് ഐപിഎൽ ടീം: കോൺഗ്രസ് വാഗ്ദാനം

എല്ലാ പൗരന്മാർക്കും 25 ലക്ഷം രൂപയുടെ ആരോഗ്യ ഇൻഷ്വറൻസും ഒബിസി വിഭാഗത്തിന് 27 ശതമാനം സംവരണവുമുൾപ്പെടെ ജനപ്രിയതയിലൂന്നിയ പ്രകടനപത്രിക
Kamal Nath, Madhya Pradesh Congress chief
Kamal Nath, Madhya Pradesh Congress chief
Updated on

ഭോപ്പാൽ: എല്ലാ പൗരന്മാർക്കും 25 ലക്ഷം രൂപയുടെ ആരോഗ്യ ഇൻഷ്വറൻസും ഒബിസി വിഭാഗത്തിന് 27 ശതമാനം സംവരണവുമുൾപ്പെടെ ജനപ്രിയതയിലൂന്നിയ പ്രകടനപത്രികയുമായി മധ്യപ്രദേശിലും കോൺഗ്രസിന്‍റെ നീക്കം. കർഷകരെയും സ്ത്രീകളെയും സർക്കാർ ജീവനക്കാരെയും ലക്ഷ്യമിടുന്ന പദ്ധതികൾക്കു പുറമേ യുവാക്കളെ ആകർഷിക്കാൻ സംസ്ഥാനത്തിന് ഐപിഎൽ ടീം എന്ന വാഗ്ദാനം വരെ പ്രകടന പത്രികയിലുണ്ട്.

ഭോപ്പാലിലെ രവീന്ദ്ര ഭവനില്‍ നടന്ന ചടങ്ങിൽ പിസിസി അധ്യക്ഷനും മുൻ മുഖ്യമന്ത്രിയുമായ കമല്‍നാഥും എഐസിസി ജനറല്‍ സെക്രട്ടറി രണ്‍ദീപ് സുര്‍ജേവാലയും ചേര്‍ന്നാണു 106 പേജുള്ള പ്രകടന പത്രിക പുറത്തിറക്കിയത്. 59 വാഗ്ദാനങ്ങള്‍ ഇതിൽ അക്കമിട്ടു നിരത്തിയിട്ടുണ്ട്. ‌എല്ലാ പൗരന്‍മാര്‍ക്കും 25 ലക്ഷം രൂപയുടെ ആരോഗ്യ ഇന്‍ഷ്വറന്‍സ് പരിരക്ഷയാണു പ്രധാന വാഗ്ദാനം. എല്ലാവര്‍ക്കും 10 ലക്ഷം രൂപയുടെ അപകട പരിരക്ഷയും പാർട്ടി ഉറപ്പുനൽകുന്നു.

രണ്ടു ലക്ഷം രൂപ വരെയുള്ള കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളും, സ്ത്രീകള്‍ക്ക് പ്രതിമാസം 1500 രൂപ സഹായം, 500 രൂപയ്ക്ക് എല്‍പിജി സിലിണ്ടർ, സൗജന്യ സ്കൂൾ വിദ്യാഭ്യാസം, യുവാക്കള്‍ക്ക് രണ്ട് വര്‍ഷത്തേക്ക് തൊഴിലില്ലായ്മ വേതനമായി 1500-3000 രൂപ തുടങ്ങിയ വാഗ്ദാനങ്ങളും മുന്നോട്ടുവയ്ക്കുന്നു.

ജാതി സെന്‍സസ് നടത്തും 100 യൂണിറ്റ് വരെ സൗജന്യ വൈദ്യുതി എന്നിങ്ങനെയും വാഗ്ദാനങ്ങളുണ്ട്. ഒന്നു മുതൽ മുതല്‍ 8 വരെ ക്ലാസുകളിലെ വിദ്യാർഥികൾക്ക് പ്രതിമാസം 500 രൂപയും 9, 10 ക്ലാസുകളിലെ വിദ്യാർഥികള്‍ക്ക് 1000 രൂപയും 11, 12 ക്ലാസുകളിലെ വിദ്യാർഥികള്‍ക്ക് 1,500 രൂപയും നല്‍കുമെന്നു കഴിഞ്ഞ ദിവസം പ്രിയങ്ക ഗാന്ധി വാദ്‌ര പ്രഖ്യാപിച്ചിരുന്നു. 230 അംഗ സംസ്ഥാന നിയമസഭയിലേക്കു നവംബർ 17നാണു തെരഞ്ഞെടുപ്പ്. 144 സ്ഥാനാർഥികളെ കോൺഗ്രസ് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു.

15 ലക്ഷത്തിന്‍റെ ആരോഗ്യ ഇൻഷ്വറൻസ് ഉൾപ്പെടെ ജനപ്രിയ വാഗ്ദാനങ്ങളാണ് കഴിഞ്ഞ ദിവസം തെലങ്കാനയിൽ പുറത്തിറക്കിയ പ്രകടന പത്രികയിലും കോൺഗ്രസ് ഉൾപ്പെടുത്തിയത്. കർണാടകയിൽ സമാനമായ വാഗ്ദാനങ്ങൾ മുന്നോട്ടുവച്ച് വൻ വിജയം നേടാൻ കോൺഗ്രസിനു കഴിഞ്ഞിരുന്നു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com