
ന്യൂഡൽഹി: കർണാടകയിൽ അധികാരത്തിലെത്തിയാൽ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ, ബജ്റംഗ് ദൾ എന്നീ സംഘടനകൾക്കെതിരേ നിരോധനം അടക്കമുള്ള നടപടികൾ സ്വീകരിക്കുമെന്ന് കോൺഗ്രസിന്‍റെ പ്രകടപത്രിക. സമുദായങ്ങൾക്കിടയിൽ ഭിന്നത വളർത്തുകയാണ് ഇരു സംഘടനകളും ചെയ്യുന്നതെന്നും പ്രകടനപത്രികയിൽ ചൂണ്ടിക്കാട്ടുന്നു.
അതേസമയം, ബജ്റംഗ് നിരോധിക്കുമെന്ന കോൺഗ്രസ് വാഗ്ദാനം ഹനുമാനെ അവഹേളിക്കലാണെന്ന് ബിജെപി ആരോപിച്ചു. പോപ്പുലർ ഫ്രണ്ടിനെ സംരക്ഷിക്കാനാണ് കോൺഗ്രസ് ശ്രമിക്കുന്നതെന്നും ബിജെപി ദേശീയ വക്താവ് സംബിത് പത്ര.
മുൻപ് രാമനെ പൂട്ടിയിട്ടതു പോലെ ഇപ്പോൾ ഹനുമാന്‍റെ ഭക്തരെ പൂട്ടിയിടാനാണ് കോൺഗ്രസ് ശ്രമിക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.
അതേസമയം, ഹനുമാനെയും ബജ്റംഗ് ദളിനെയും സമീകരിക്കുക വഴി ഹനുമാനെ അവഹേളിക്കുന്നത് ബിജെപിയാണെന്ന് കോൺഗ്രസ് കർണാടക ഘടകം പ്രതികരിച്ചു.
ദേശീയവാദ പ്രസ്ഥാനത്തെയാണ് കോൺഗ്രസ് ഇത്തരത്തിൽ അവഹേളിക്കുന്നതെന്ന് വിശ്വഹിന്ദു പരിഷത്തിന്‍റെ പ്രതികരണം. കോൺഗ്രസിന്‍റെ തെരഞ്ഞെടുപ്പ് വാഗ്ദാനം ബജ്റംഗ് ദൾ വെല്ലുവിളിയായി ഏറ്റെടുക്കുമെന്നും വിഎച്ച്പി ജോയിന്‍റ് ജനറൽ സെക്രട്ടരി സുരേന്ദ്ര ജയിൻ.