
ന്യൂഡൽഹി: രാഹുൽ ഗാന്ധിയെ എംപി സ്ഥാനത്തു നിന്ന് അയോഗ്യനാക്കിയതിൽ കറുപ്പണിഞ്ഞ് പ്രതിഷേധിച്ച് പ്രതിപക്ഷം. കോൺഗ്രസ് നേതൃത്വം നൽകിയ നിർദ്ദേശത്തെത്തുടർന്ന് കറുത്ത വസ്ത്രവും കറുത്ത മാസ്കും അണിഞ്ഞാണ് കോൺഗ്രസ് എംപിമാർ പാർലമെന്‍റിൽ എത്തിയത്.
ആർഎസ് പി നേതാവ് എൻ കെ പ്രേമചന്ദ്രൻ, സിപിഐ നേതാവ് ബിനോയ് വിശ്വം, കേരള കോൺഗ്രസ് ചെയർമാൻ ജോസ് കെ മാണി, തൃണമൂൽ കോൺഗ്രസ് നേതാക്കളും, തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവുവിന്‍റെ നേതൃത്വത്തിലുള്ള ഭാരത് രാഷ്ട്ര സമിതി, ശിവസേന ഉദ്ധവ് താക്കറെ വിഭാഗക്കാരും കറുപ്പണിഞ്ഞ് പ്രതിഷേധിച്ചു.
പ്രതിപക്ഷ ബഹളത്തെത്തുടർന്ന് ലോക്സഭയും രാജ്സഭയും ചേർന്നയുടൻ നിർത്തിവെച്ചു. ഒരു മിനിറ്റ് പോലും സഭ ചേരാനായില്ല. പ്ലക്കാർഡുകളുയർത്തി സ്പീക്കറുടെ മുന്നിൽ പ്രതിഷേധിക്കുകയും ഗാന്ധി പ്രതിമയ്ക്ക് മുന്നിൽ ധർണ നടത്തുകയും ചെയ്തു. പ്രതിപക്ഷ എംപിമാർ വിജയ് ചൗക്കിലേക്ക് പ്രതിഷേധ മാർച്ച് നടത്തി. യൂത്ത് കോൺഗ്രസ് പാർലമെന്‍റ് മാർച്ച് നടത്തി. സംഘർഷാവസ്ഥ കണക്കിലെടുത്ത് വൻ പൊലീസ് സന്നാഹം ഏർപ്പെടുത്തിയിരുന്നു.
പ്രതിപക്ഷ തന്ത്രം ചർച്ച ചെയ്യാൻ രാജ്യസഭാ പ്രതിപക്ഷ നേതാവും കോൺഗ്രസ് ദേശീയ അധ്യക്ഷനുമായ മല്ലികാർജുൻ ഖാർഗെയുടെ അധ്യക്ഷതയിൽ യോഗം ചേർന്നു. പ്രതിപക്ഷ നേതാക്കളുടെ യോഗത്തിൽ തൃണമൂൽ കോൺഗ്രസും പങ്കെടുത്തു. പ്രസൂൺ ബാനർജിയും ജവഹർ സിർക്കറുമാണ് തൃണമൂലിനെ പ്രതിനിധീകരിച്ച് പങ്കെടുത്തത്. 17 പ്രതിപക്ഷ പാർട്ടികളാണ് യോഗത്തിൽ ഉണ്ടായിരുന്നത്.