

വിജയ്, രാഹുൽ ഗാന്ധി
ചെന്നൈ: നടൻ വിജയ്‌യുടെ രാഷ്ട്രീയ പാർട്ടിയായ തമിഴക വെട്രി കഴകത്തിന്‍റെ പിന്തുണ ആവശ‍്യമില്ലെന്ന് കോൺഗ്രസ് തമിഴ്നാട് അധ‍്യക്ഷൻ കെ. സെൽവപ്പെരുന്തഗൈ. തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് സെൽവപ്പെരുന്തഗൈയുടെ നിർണായക പ്രസ്താവന.
തങ്ങളുടെ നേതാവായ രാഹുൽ ഗാന്ധി ആവശ‍്യത്തിന് ബൂസ്റ്റും ഹോർലിക്സും ബോൺവീറ്റയും നൽകുന്നുണ്ടെന്നും അതിനാൽ പ്രവർത്തകർക്ക് വിജയ്‌യുടെ ബൂസ്റ്റ് വേണ്ടെന്നുമായിരുന്നു കോൺഗ്രസ് അധ‍്യക്ഷൻ തമാശ രൂപേണ മറുപടി നൽകിയത്.
കോൺഗ്രസിന് തമിഴ്നാട്ടിൽ വലിയ പാരമ്പര‍്യമുണ്ടെന്നും എന്നാൽ നിലവിൽ പ്രസക്തി കുറഞ്ഞു വരുകയാണെന്നും വിജയ്‌യുടെ പിതാവും നിർമാതാവുമായ എസ്എ ചന്ദ്രശേഖർ പറഞ്ഞിരുന്നു. കോൺഗ്രസിനെ പഴയ പ്രതാപത്തിലേക്ക് തിരിക്കെ കൊണ്ടുവരാൻ പിന്തുണ നൽകാൻ ടിവികെ തയാറാണെന്നും ഈ അവസരം വിനിയോഗിക്കണമെന്നും അദ്ദേഹം ആവശ‍്യപ്പെട്ടിരുന്നു.