ന‍്യൂഡൽഹി: ഹരിയാന നിയസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രകടന പത്രിക പുറത്തിറക്കി കോൺഗ്രസ്. ഡൽഹിയിലെ എഐസിസി ആസ്ഥാനത്ത് വച്ചാണ് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പാർട്ടിയുടെ പ്രകടന പത്രിക പുറത്തിറക്കിയത്.
ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ, മുൻ ഹരിയാന മുഖ്യമന്ത്രി ഭൂപീന്ദർ സിംഗ് ഹൂഡ, ഹരിയാന കോൺഗ്രസ് അധ്യക്ഷൻ ഉദയ് ഭാൻ എന്നിവരുൾപ്പെടെ മുതിർന്ന കോൺഗ്രസ് നേതാക്കളുടെ സാന്നിധ്യത്തിലായിരുന്നു പ്രഖ്യാപനം.
ഹരിയാനയിലെ സ്ത്രീകൾ, മുതിർന്ന പൗരന്മാർ, പാർശ്വവൽക്കരിക്കപ്പെട്ട സമൂഹങ്ങൾ എന്നിവരെ ശാക്തീകരിക്കാൻ ലക്ഷ്യമിട്ടുള്ള നിരവധി വാഗ്ദാനങ്ങൾ പാർട്ടിയുടെ പ്രകടനപത്രികയിൽ ഉൾപ്പെടുന്നു.
സ്ത്രീ ശാക്തീകരണം ലക്ഷ‍്യം വച്ച് 18 വയസിന് മുകളിലുള്ള എല്ലാ സ്ത്രീകൾക്കും പ്രതിമാസം 2000 രൂപ നൽകും. എൽപിജി ഗ്യാസ് സിലിണ്ടറുകൾ 500 രൂപയ്ക്ക് ലഭ‍്യമാക്കും, മുതിർന്ന പൗരന്മാർക്ക് 6,000 രൂപ പ്രതിമാസം പെൻഷൻ ലഭിക്കും. പഴയ പെൻഷൻ പദ്ധതി (ഒപിഎസ്) പുനഃസ്ഥാപിക്കുമെന്നും ഒഴിവുള്ള രണ്ട് ലക്ഷം സർക്കാർ ജോലികൾ നികത്തുമെന്നും അദ്ദേഹം വ‍്യക്തമാക്കി.
ഹരിയാനയെ ലഹരി വിമുക്തമാക്കുക, ചിരഞ്ജീവി പദ്ധതിക്ക് സമാനമായ പദ്ധതി പ്രകാരം 25 ലക്ഷം രൂപ വരെ സൗജന്യ ചികിത്സ, വീടുകളിൽ 300 യൂണിറ്റ് സൗജന്യ വൈദ്യുതി എന്നിവയാണ് മറ്റ് പ്രധാന വാഗ്ദാനങ്ങൾ. കൂടാതെ, പാവപ്പെട്ട കുടുംബങ്ങൾക്ക് 100 യാർഡിന്‍റെ പ്ലോട്ടുകൾ ലഭിക്കും, കൂടാതെ കർഷകർക്ക് നിയമപരമായ മിനിമം താങ്ങുവില (എംഎസ്പി) ഗ്യാരണ്ടി കോൺഗ്രസ് ഉറപ്പാക്കുമെന്നും ഖർഗെ വ‍്യക്തമാക്കി.