ഇൻഡോറിൽ കോൺഗ്രസ് 'നോട്ട'യ്‌ക്കൊപ്പം

സിറ്റിങ് എംപി ബിജെപിയുടെ ശങ്കർ ലാൽവാനിയെ നേരിടാൻ ഇതോടെ സ്വതന്ത്രരുൾപ്പെടെ ദുർബലരായ 13 സ്ഥാനാർഥികൾ മാത്രമായി
congress votes nota in indore
NOTA

ന്യൂഡൽഹി: നാലാംഘട്ടം തെരഞ്ഞെടുപ്പിന്‍റെ ഭാഗമായി നാളെ വോട്ടെടുപ്പ് നടക്കുന്ന മധ്യപ്രദേശിലെ ഇൻഡോറിൽ "നോട്ട'യ്ക്ക് വോട്ട് ചെയ്യാൻ കോൺഗ്രസ്. പാർട്ടി സ്ഥാനാർഥി അക്ഷയ് കാന്തി ബാം നാമനിർദേശ പത്രിക പിൻവലിച്ചതിനെത്തുടർന്നാണ് കോൺഗ്രസിന്‍റെ നീക്കം. പത്രിക പിൻവലിക്കാനുള്ള അവസാന സമയത്ത് പിന്മാറിയ അക്ഷയ് കാന്തി ബാം ബിജെപിയിൽ ചേർന്നിരുന്നു.

സിറ്റിങ് എംപി ബിജെപിയുടെ ശങ്കർ ലാൽവാനിയെ നേരിടാൻ ഇതോടെ സ്വതന്ത്രരുൾപ്പെടെ ദുർബലരായ 13 സ്ഥാനാർഥികൾ മാത്രമായി. ഇവരിലാരെയും പിന്തുണയ്ക്കേണ്ടതില്ലെന്നും നോട്ടയ്ക്ക് വോട്ട് ചെയ്തു ബിജെപിക്കു മറുപടി നൽകണമെന്നും പിസിസി അധ്യക്ഷൻ ജിത്തു പട്വാരി അണികളോടും അനുഭാവികളോടും ആഹ്വാനം ചെയ്തു. 1989നുശേഷം ഇൻഡോറിൽ കോൺഗ്രസ് ജയിച്ചിട്ടില്ലെങ്കിലും പാർട്ടിക്ക് സ്ഥാനാർഥിയില്ലാതെ വരുന്നത് ഇതാദ്യമാണ്.

അതേസമയം, നാലാംഘട്ടം തെരഞ്ഞെടുപ്പിന്‍റെ പരസ്യ പ്രചാരണത്തിന് ഇന്നലെ സമാപനമായി. പ്രധാനമന്ത്രി നരേന്ദ്ര മോദി ഒഡീഷയിലും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ ബിഹാറിലും രാഹുൽ ഗാന്ധി ആന്ധ്ര പ്രദേശിലുമാണ് ഇന്നലെ പ്രചാരണം നടത്തിയത്. 10 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 96 മണ്ഡലങ്ങളിലാണ് നാളെ വോട്ടെടുപ്പ്. ആന്ധ്രയിലും തെലങ്കാനയിലുമായുള്ള 42 ലോക്സഭാ സീറ്റുകളിലും ഈ ഘട്ടത്തിലാണു വോട്ടെടുപ്പ്. ആന്ധ്ര പ്രദേശിൽ നിയമസഭാ തെരഞ്ഞെടുപ്പിനുള്ള വോട്ടെടുപ്പും നാളെയാണ്. ഒഡീഷയിൽ നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ ആദ്യഘട്ടവും ഇതോടൊപ്പം നടക്കും.

Trending

No stories found.

Latest News

No stories found.