കോൺഗ്രസും സമാജ്‌വാദി പാർട്ടിയും തമ്മിൽ പോര്: 'ഇന്ത്യ' മുന്നണിക്ക് ആശങ്ക

മധ്യപ്രദേശിൽ ധാരണയ്ക്കു തയാറാകാത്ത കോൺഗ്രസ്, ലോക്സഭാ തെരഞ്ഞെടുപ്പിൽ യുപിയിലും ഇതേ സമീപനം പ്രതീക്ഷിച്ചാൽ മതിയെന്ന് എസ്പി അധ്യക്ഷൻ അഖിലേഷ് യാദവ്
Akhilesh Yadav, Ajay Rai
Akhilesh Yadav, Ajay Rai
Updated on

വാരാണസി: മധ്യപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിലെ സീറ്റ് പങ്കിടലിനെച്ചൊല്ലി കോൺഗ്രസും സമാജ്‌വാദി പാർട്ടിയും പരസ്യമായി ഏറ്റുമുട്ടുന്നു. മധ്യപ്രദേശിൽ ധാരണയ്ക്കു തയാറാകാത്ത കോൺഗ്രസ്, ലോക്സഭാ തെരഞ്ഞെടുപ്പിൽ യുപിയിലും ഇതേ സമീപനം പ്രതീക്ഷിച്ചാൽ മതിയെന്ന് എസ്പി അധ്യക്ഷൻ അഖിലേഷ് യാദവ് തുറന്നടിച്ചു.

എന്നാൽ, കോൺഗ്രസിനോട് ആലോചിക്കാതെ എസ്പിയാണ് മധ്യപ്രദേശിൽ ആദ്യം സ്ഥാനാർഥികളെ പ്രഖ്യാപിച്ചതെന്നു യുപിസിസി അധ്യക്ഷൻ അജയ് റായ് മറുപടി നൽകി. ലോക്സഭാ തെരഞ്ഞെടുപ്പിനു മാസങ്ങൾ മാത്രം അവശേഷിക്കെയാണ് പ്രതിപക്ഷ സഖ്യമായ "ഇന്ത്യ'യിലെ പ്രമുഖ കക്ഷികളുടെ പോര്.

230 അംഗ നിയമസഭയിലേക്ക് കോൺഗ്രസ് രണ്ടു ഘട്ടമായി 229 സ്ഥാനാർഥികളെ പ്രഖ്യാപിച്ചിരുന്നു. ഇതിൽ പ്രകോപിതനായ അഖിലേഷ് യാദവ്, മധ്യപ്രദേശിൽ തങ്ങൾക്ക് ഒരു സീറ്റും നീക്കിവയ്ക്കാത്ത കോൺഗ്രസിനോട് യുപിയിൽ സമാനമായ സമീപനം എസ്പിയും സ്വീകരിക്കുമെന്നു വ്യക്തമാക്കി. മധ്യപ്രദേശിൽ 33 സീറ്റുകളിലേക്കുള്ള സ്ഥാനാർഥിപ്പട്ടികയും പുറത്തിറക്കി.

ഇരുപാർട്ടികളും നേരത്തേ സഖ്യചർച്ചകൾ നടത്തിയിരുന്നു. ആറു സീറ്റുകൾ എസ്പിക്കു നീക്കിവയ്ക്കാമെന്നായിരുന്നു കോൺഗ്രസിന്‍റെ നിലപാട്. ഇത് എസ്പി അംഗീകരിച്ചില്ല. സിറ്റിങ് എംഎൽഎയ്ക്കു പോലും സീറ്റ് നൽകാത്തത് അംഗീകരിക്കാനാവില്ലെന്ന് അഖിലേഷ് യാദവ് പറഞ്ഞിരുന്നു.

എന്നാൽ, ഭരണഘടനയെയും ദളിതരെയും പിന്നാക്കക്കാരെയും സംരക്ഷിക്കാൻ ഒരുമിച്ചു നിൽക്കണമെന്നു പറയുന്ന അഖിലേഷ്, മധ്യപ്രദേശിൽ തനിച്ചു മത്സരിക്കുമ്പോൾ അദ്ദേഹത്തിന്‍റെ യഥാർഥ ലക്ഷ്യം എന്താണെന്നത് ചോദ്യമാണെന്ന് അജയ് റായ് പറഞ്ഞു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com