ഭോപ്പാൽ: മധ്യപ്രദേശിൽ ഇത്തവണ അധികാരത്തിലെത്തിയാൽ ജാതി സെൻസസ് നടത്തുമെന്ന പ്രഖ്യാപനവുമായി കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. നിയസഭാ തെരഞ്ഞെടുപ്പിലേക്ക് കടക്കുന്ന മധ്യപ്രദേശിലെ സാഗറിൽ നടന്ന റാലിയിൽ പങ്കെടുത്ത് സംസാരിക്കുകവേയാണ് അദ്ദേഹത്തിന്‍റെ പ്രഖ്യാപനം.
കർണാടകയിൽ അധികാരം വീണ്ടെടുക്കാൻ കോൺഗ്രസിന് മുതൽക്കൂട്ടായ പ്രഖ്യാപനങ്ങളിലൂന്നിയാണ് മധ്യപ്രദേശിലും കോൺഗ്രസ് തെരഞ്ഞെടുപ്പിന് ഒരുങ്ങുന്നത്.
500 രൂപയ്ക്ക് പാചകവാതകം, എല്ലാ സ്ത്രീകൾക്കും ബാങ്ക് അക്കൗണ്ടുകളിൽ പ്രതിമാസം 1500 രൂപ, കർഷകർക്ക് കടശ്വാസം, സർക്കാർ ജീവനക്കാരുടെ പഴയ പെൻഷൻ പദ്ധതി പുനസ്ഥാപിക്കൽ, 100 യൂണിറ്റ് വരെ സൗജന്യ വൈദ്യുതി തുടങ്ങിയ പ്രഖ്യാപനങ്ങളാണ് ഖാർഗെ മുന്നോട്ടു വച്ചത്.
ചില ആളുകൾ ഭരണഘടന തന്നെ മാറ്റിയെഴുതാനുള്ള ശ്രമത്തിലാണ്. പക്ഷേ, അത് നടക്കില്ല. രാജ്യത്തെ 140 കോടി ജനങ്ങളും ഭരണഘടനയെ സംരക്ഷിക്കണമെന്ന നിലപാടുകാരാണെന്നും ഖാർഗെ പറഞ്ഞു.