രോഹിത് ശർമയെക്കുറിച്ചുളള വിവാദ പരാമർശം: മാപ്പ് പറയില്ലെന്ന് ഷമ മുഹമ്മദ്

തന്‍റെ വ്യക്തിപരമായ അഭിപ്രായമാണെന്നും കോൺഗ്രസ് പാർട്ടിയെ ഇതിലേക്ക് വലിച്ചിഴയ്ക്കണ്ട ആവശ്യമില്ലെന്നും ഷമ പറഞ്ഞു.
controversial remark about rohit sharma

ഷമ മുഹമ്മദ്, രോഹിത് ശർമ

Updated on

ഡൽഹി: ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമയെ വിമർശിച്ചതിനു താൻ മാപ്പ് പറയാൻ തയറല്ലെന്ന് കോൺഗ്രസ് നേതാവ് ഷമ മുഹമ്മദ്. പറഞ്ഞത് തന്‍റെ വ്യക്തിപരമായ അഭിപ്രായമാണെന്നും കോൺഗ്രസ് പാർട്ടിയെ ഇതിലേക്ക് വലിച്ചിഴയ്ക്കേണ്ട ആവശ്യമില്ലെന്നും ഷമ പറഞ്ഞു.

ഇന്ത്യൻ - ന്യൂസിലൻഡ് ചാമ്പ്യൻസ് ട്രോഫി മത്സരത്തിനു പിന്നാലെയായിരുന്നു രോഹിത് ശർമ തടിയനാണെന്നും കായികതാരത്തിനു ചേർന്ന ശരീര പ്രകൃതിയല്ലെന്നും ഭാരം കുറയ്ക്കേണ്ടതുണ്ടെന്നും ഷമ എക്സിൽ കുറിച്ചത്. കൂടാതെ ഇന്ത്യ കണ്ട എക്കാലത്തെയും മോശം ക്യാപ്റ്റനാണ് രോഹിത് എന്നും ഷമ വിധിയെഴുതിയിരുന്നു.

ഷമയുടെ പോസ്റ്റിനെതിരേ രാഷ്ട്രീയ പാർട്ടികൾ അടക്കം രൂക്ഷവിമർശനമാണ് ഉന്നയിച്ചത്. ‌രാഹുല്‍ ഗാന്ധിക്ക് കീഴില്‍ 90 തെരഞ്ഞെടുപ്പുകളില്‍ തോറ്റ കോണ്‍ഗ്രസാണ് രോഹിത്തിനെ മോശം ക്യാപ്റ്റനെന്നു വിമര്‍ശിക്കുന്നതെന്ന് ബിജെപി പ്രതികരിച്ചു.

സൗരവ് ഗാംഗുലി, സച്ചിൻ ടെൻഡുൽക്കർ, രാഹുൽ ദ്രാവിഡ്, എം.എസ്. ധോണി, വിരാട് കോലി, കപിൽ ദേവ്, രവി ശാസ്ത്രി തുടങ്ങിയ മുൻഗാമികളുമായി താരതമ്യപ്പെടുത്തുമ്പോൾ രോഹിത്തിന് എന്ത് ലോകോത്തര നിലവാരമാണുള്ളതെന്നും, അദ്ദേഹം ഒരു ശരാശരി ക്യാപ്റ്റനാണെന്നും, ഇന്ത്യയുടെ ക്യാപ്റ്റനാകാൻ ഭാഗ്യം ലഭിച്ച ഒരു ശരാശരി കളിക്കാരന്‍ മാത്രമാണെന്നും ഷമ കുറിച്ചിരുന്നു.

വിവാദമായതോടെ ഷമ ട്വീറ്റ് പിൻവലിച്ചു. എന്നാൽ, പിന്‍വലിക്കാനുള്ള കാരണം പാർട്ടി നിർദേശം മാത്രമാണെന്നും, എന്നാൽ കായികതാരം എന്ന നിലയിൽ രോഹിത് ഒരു റോൾ മോഡൽ ആണെന്ന പശ്ചാത്തലത്തിലാണ് അദ്ദേഹത്തെ വിമർശിച്ചതെന്നും ഷമ പറഞ്ഞു. അമിത വണ്ണത്തിനെതിരേ പ്രധാനമന്ത്രി തന്നെ ക്യാംപെയിൻ നടത്തുന്നുണ്ടെന്നും ഷമ ചൂണ്ടിക്കാട്ടി.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com