പ്രിയങ്ക ഗാന്ധിയുടെ മകൻ റൈഹാന്‍റെ ചിത്രപ്രദർശന വിവാദത്തിൽ വിശദീകരണം; നയത്തിന് വിരുദ്ധമായ ചിത്രങ്ങൾ നീക്കിയെന്ന് ബിക്കാനീർ ഹൗസ്

റൈഹാൻ വാദ്രയുടെ ‘നോ ഐഡിയ ഈസ് ഫൈനൽ’ എന്ന പ്രദർശനത്തിൽ ഉൾപ്പെടുത്തിയ ചില ചിത്രങ്ങളാണ് നീക്കിയത്
Raihan Vadra

റൈഹാൻ വാദ്ര

Updated on: 

ന്യൂഡൽഹി: കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയുടെ മകൻ റൈഹാൻ വാദ്രയുടെ ചിത്രപ്രദർശനത്തിൽ നിന്ന് നയത്തിന് വിരുദ്ധമായ ചില ചിത്രങ്ങൾ നീക്കാൻ ആവശ്യപ്പെട്ടതായി ബിക്കാനീർ ഹൗസ് സൊസൈറ്റി. നയത്തിന് അനുസൃതമായ മറ്റു ചിത്രങ്ങൾ പ്രദർശനത്തിൽ തുടരുകയാണെന്നും സൊസൈറ്റി വ്യാഴാഴ്ച വ്യക്തമാക്കി. കലയും സംസ്കാരവും പ്രോത്സാഹിപ്പിക്കുന്ന പൊതുസാംസ്കാരിക സ്ഥാപനമാണ് ഡൽഹിയിൽ ഇന്ത്യാ ഗേറ്റിന് സമീപം സ്ഥിതിചെയ്യുന്ന ബിക്കാനീർ ഹൗസ്.

ബിക്കാനീർ ഹൗസിൽ നടക്കുന്ന പ്രദർശനങ്ങളും അനുബന്ധ പ്രവർത്തനങ്ങളും ബിക്കാനീർ ഹൗസ് മാനേജ്മെന്‍റ് സൊസൈറ്റിയുടെ നയങ്ങൾ പാലിക്കണമെന്നും പ്രസ്താവനയിൽ വ്യക്തമാക്കി. റൈഹാൻ വാദ്രയുടെ ‘നോ ഐഡിയ ഈസ് ഫൈനൽ’ എന്ന പ്രദർശനത്തിൽ ഉൾപ്പെടുത്തിയ ചില ചിത്രങ്ങൾ സൊസൈറ്റിയുടെ നയങ്ങൾക്ക് വിരുദ്ധമാണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് അവ നീക്കാൻ ആവശ്യപ്പെട്ടതെന്ന് പ്രസ്താവനയിൽ പറയുന്നു. നയത്തിന് അനുസൃതമായ ചിത്രങ്ങൾ പ്രദർശനത്തിൽ തുടരുന്നുണ്ടെന്നും സൊസൈറ്റി അറിയിച്ചു.

പ്രിയങ്ക ഗാന്ധിയുടെയും റോബർട്ട് വാദ്രയുടെയും മകനായ ചിത്രകാരനും ഫോട്ടോഗ്രാഫറുമായ റൈഹാൻ വാദ്ര, ഡൽഹിയിൽ അടുത്തിടെ നടന്ന പ്രതിഷേധങ്ങൾ ചിത്രീകരിച്ച തന്‍റെ നിരവധി ചിത്രങ്ങൾ വ്യക്തിഗത പ്രദർശനത്തിന് മുന്നോടിയായി ബിക്കാനീർ ഹൗസ് അധികൃതർ നീക്കം ചെയ്തതായി ബുധനാഴ്ച വെളിപ്പെടുത്തിയിരുന്നു. ഇതോടെയാണ് വിവാദം ഉടലെടുത്തത്.

ബുധനാഴ്ച പ്രദർശനത്തിന്‍റെ പ്രിവ്യൂ നടത്തിയിരുന്നു. വ്യാഴാഴ്ചയാണ് പ്രദർശനം പൊതുജനങ്ങൾക്കായി തുറന്നത്. ചിത്രങ്ങൾ നീക്കം ചെയ്തില്ലെങ്കിൽ വൈകിട്ട് അഞ്ചിന് പ്രദർശനം റദ്ദാക്കുമെന്ന് ഉച്ചകഴിഞ്ഞ് 3.30ന് അറിയിപ്പ് ലഭിച്ചതായി റൈഹാൻ പറഞ്ഞു. പ്രദർശനത്തിന്‍റെ വിശദമായ നിർദേശങ്ങളും രൂപരേഖയും ഏറെ മുൻപുതന്നെ ബിക്കാനീർ ഹൗസ് മാനേജ്മെന്‍റിന് കൈമാറിയിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

ബിക്കാനീർ ഹൗസ് അധികൃതരുടെ നടപടിയെ ‘പരിഹാസ്യം’ എന്ന് വിശേഷിപ്പിച്ച പ്രിയങ്ക ഗാന്ധി, രാജ്യത്തെ യുവാക്കളുടെ ശബ്ദം അടിച്ചമർത്താനാണ് ശ്രമമെന്ന് ആരോപിച്ചു. “ഇന്ന് അവന്‍റെ കാര്യത്തിലാണ്. നാളെ മറ്റൊരു കലാകാരന്‍റേതായിരിക്കും”- പ്രിയങ്ക മാധ്യമങ്ങളോട് പറഞ്ഞു.

റൈഹാനെ പരാമർശിച്ചുകൊണ്ട് സമൂഹ മാധ്യമത്തിൽ പങ്കുവച്ച സന്ദേശത്തിൽ, മോദി സർക്കാരിനെ പരോക്ഷമായി വിമർശിച്ച പ്രിയങ്ക, അധികാരത്തിലുള്ള ഒരാൾ മറ്റൊരാളുടെ ആവിഷ്കാരത്തെ ഭയപ്പെടുമ്പോൾ, സംരക്ഷിക്കാൻ ശ്രമിക്കുന്ന അധികാരം അയാൾക്ക് ഇതിനകം നഷ്ടമായിക്കഴിഞ്ഞുവെന്ന് തിരിച്ചറിയുന്നില്ലെന്നും കുറിച്ചു.

“നീ സത്യത്തിനുവേണ്ടി നിലകൊള്ളുന്നു. മനോഹരമായതെല്ലാം നിന്നിലേക്കുള്ള വഴി കണ്ടെത്തും. നിന്നെയോർത്ത് എനിക്ക് അഭിമാനമുണ്ട്; എപ്പോഴും അങ്ങനെ തന്നെയായിരിക്കും”- മകനെക്കുറിച്ച് പ്രിയങ്ക പറഞ്ഞു.

മുഖ്യമന്ത്രി ഭജൻ ലാൽ ശർമയുടെ നേതൃത്വത്തിലുള്ള ബിജെപി സർക്കാരാണ് നിലവിൽ രാജസ്ഥാൻ ഭരിക്കുന്നത്. രാജസ്ഥാൻ സർക്കാരിന്‍റെ ഉടമസ്ഥതയിലുള്ള സ്ഥാപനമാണ് ബിക്കാനീർ ഹൗസ്.

logo
Metro Vaartha
www.metrovaartha.com