8 വർഷത്തെ പക; ഒടുവിൽ സഹോദരനെ 'കെണി'യൊരുക്കി കൊന്നു! ചുരുളഴിഞ്ഞത് സിനിമയെ വെല്ലുന്ന കഥ

എട്ടു വർഷം മുമ്പ് തന്‍റെ അച്ഛൻ കൊല്ലപ്പെട്ടതുപോലെ, അതേ ദിവസം, അതേ രീതിയിൽ വെടിയുണ്ടകളേറ്റ് അയാളും മരിച്ചു...
cop brother's highway murder revenge

8 വർഷത്തെ പക; ഒടുവിൽ സഹോദരനെ 'കെണി'യൊരുക്കി വധിച്ചു!! സിനിമയെ വെല്ലുന്ന കഥ

Updated on

ഭോപ്പാൽ: വർഷങ്ങളുടെ കാത്തിരുപ്പ്, പക, ഒരു കെണി, വാടകക്കൊലയാളികൾ, ഹൈവേ വെടിവയ്പ്പ്... അടുത്തിടെ നടന്ന ഒരു കൊലപാതകത്തിൽ പ്രതിയെ തിരിച്ചറിഞ്ഞതോടെ സിനിമയെ വെല്ലുന്ന കഥകളാണ് ചുരുളഴിഞ്ഞത്. 8 വർഷം മുന്‍പ് അച്ഛനെ കൊന്ന സഹോദരന്‍റെ കൊലപാതകത്തിൽ മധ്യപ്രദേശിലെ ഒരു പൊലീസുകാരന്‍ പ്രധാന പ്രതി. സഹോദരനെ വശീകരിക്കാന്‍ പതിനേഴുകാരിയെയും കൊല്ലാൻ വാടകക്കൊലയാളികളെയും ഏർപ്പാടാക്കിയായിരുന്നു പദ്ധതി നടപ്പാക്കിയത്.

മധ്യപ്രദേശിലെ ശിവപുരിൽ 2017-ലാണ് റിട്ട. പൊലീസ് ഇന്‍സ്‌പെക്ടറായ ഹനുമാന്‍ സിങ് തോമര്‍ കൊല്ലപ്പെടുന്നത്. ഒപ്പമുണ്ടായിരുന്ന മകന്‍ ഭാനു തോമറിനും വെടിയേറ്റെങ്കിലും രക്ഷപെടുകയായിരുന്നു. കൊല്ലപ്പെട്ട ഹനുമാന്‍ സിങ് തോമറിന്‍റെ മൂത്ത മകനായ അജയ് ആണ് കൊലപാതകം നടത്തിയത്. ഇയാൾ‌ക്ക് പിന്നീട് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു.

പിതാവിന്‍റെ മരണത്തോടെ, മകന്‍ ഭാനു തോമറിന് പൊലീസില്‍ ജോലി ലഭിച്ചു. അജയ് ജയിലിൽ കഴിയുമ്പോഴും സ്വന്തം പിതാവിനെ കണ്‍മുന്നിലിട്ടു കൊന്ന സഹോദരനോടുള്ള പക ഭാനു തോമര്‍ വര്‍ഷങ്ങളോളം മനസിലൊളിപ്പിച്ച് നടന്നു. കഴിഞ്ഞ മാസം ജൂലൈയിൽ ഇപ്പോൾ 40 വയസുള്ള അജയ് പരോള്‍ ലഭിച്ച് പുറത്തിറങ്ങി. ജൂലൈ 23-ന് അജയ് ശിവപുരിയില്‍നിന്ന് ഗ്വാളിയറിലേക്ക് കാറില്‍ യാത്ര ചെയ്യുകയായിരുന്നു. 7 വര്‍ഷത്തെ ജയില്‍വാസത്തിന് ശേഷം പുറത്തിറങ്ങിയ അജയ് വളരെ ഉന്മേഷവാനായിരുന്നു. അജയുമായി അടുത്തിടെ സൗഹൃദത്തിലായ ഒരു 17 വയസുകാരിയും കാറിൽ ഒപ്പമുണ്ടായിരുന്നു. എന്നാൽ, മണിക്കൂറുകൾക്കുള്ളിൽ, 8 വർഷം മുമ്പ് തന്‍റെ പിതാവ് കൊല്ലപ്പെട്ടതുപോലെ, അതേ ദിവസം, അതേ രീതിയിൽ വെടിയുണ്ടകളേറ്റ് അയാളും മരിച്ചു.

<div class="paragraphs"><p>അജയ് | ഭാനു</p></div>

അജയ് | ഭാനു

യഥാർഥ കഥ

2017 മേയ് 23ന് സ്വത്ത് തർക്കത്തിന്‍റെ പേരിലാണ് അജയ് തന്‍റെ പിതാവിനെ കൊലപ്പെടുത്തുന്നത്. കേസിൽ അമ്മയുടെയും സഹോദരന്‍ ഭാനുവിന്‍റെയും മൊഴിയുടെ അടിസ്ഥാനത്തില്‍ അജയ്ക്ക് ജീവപര്യന്തം തടവ് ശിക്ഷ ലഭിച്ചു. പൊലീസ് പറയുന്നതനുസരിച്ച്, അജയ്‌ക്ക് പരോൾ ലഭിച്ചപ്പോൾ ഭാനു അതൊരു അവസരമായി കണ്ട് കരുക്കൾ നീക്കി. അജയ്‌ക്കൊപ്പമുണ്ടായിരുന്ന 17 വയസുകാരി, ഇന്ദോറിലെ ജുവനൈല്‍ ഹോമില്‍ നിന്ന് രക്ഷപെട്ട ഒരു കൂട്ടബലാത്സംഗ കേസിലെ പ്രതിയായിരുന്നു. ഭാനു ഈ പെൺകുട്ടിയെ കണ്ട് കാര്യങ്ങള്‍ വിശദീകരിച്ചിരുന്നു. ഇതനുസരിച്ച് പെൺകുട്ടി അജയുമായി സൗഹൃദം സ്ഥാപിച്ചു. അജയുടെ വിശ്വാസം നേടിയെടുത്ത് അയാൾക്കൊപ്പം ഗ്വാളിയറിലേക്ക് പോകുകയുമായിരുന്നെന്ന് പൊലീസ് പറഞ്ഞു.

മറ്റൊരു കൊലപാതകക്കേസില്‍ ശിക്ഷകഴിഞ്ഞ് അടുത്തിടെ ജയില്‍ മോചിതനായ കൊടുംകുറ്റവാളിയായ ധര്‍മേന്ദ്ര കുശ്വാഹയെയെയും ഒരു ലക്ഷം രൂപയുടെ കരാർ അടിസ്ഥാനത്തിൽ ഭാനു കൊലപാതകത്തിനായി ഏര്‍പ്പാടാക്കി. അജയുടെ കാര്‍ ഗ്വാളിയറിലേക്ക് പോകുന്നതിന്‍റെയും വാടകക്കൊലയാളികള്‍ അതിനെ പിന്തുടരുന്നതിന്‍റെയും സിസിടിവി ദൃശ്യങ്ങള്‍ പൊലീസിനു ലഭിച്ചിരുന്നു. നയാഗാവ് തിരാഹയിലെ ഒരു പെട്രോള്‍ പമ്പിന് സമീപത്തായി, ശുചിമുറിയില്‍ പോകണമെന്നാവശ്യപ്പെട്ട് പെൺകുട്ടി അജയിയോട് വണ്ടി നിര്‍ത്താന്‍ പറഞ്ഞു.

കൊലപാതക പദ്ധതിയെക്കുറിച്ച് അറിവില്ലാത്ത അജയ് അത് സമ്മതിച്ചു. പെൺകുട്ടി കാറിൽ നിന്നിറങ്ങി, കൊലയാളികൾക്ക് സിഗ്നൽ നൽകി. നിമിഷങ്ങള്‍ക്കകം കൊലയാളികള്‍ കാറിനടുത്തെത്തി അജയ്ക്കുനേരേ വെടിയുതിർത്തു. ഉടന്‍ തന്നെ അജയ് കൊല്ലപ്പെട്ടു. തുടര്‍ന്നുള്ള ദിവസങ്ങളില്‍ ദുഃഖം അഭിനയിച്ച ഭാനു, അജയുടെ അന്ത്യകര്‍മങ്ങൾ നടത്തി. മൂന്നു ദിവസത്തിന് ശേഷം ആരുമറിയാതെ ബാങ്കോക്കിലേക്ക് കടന്നു.

പൂട്ട് തകർത്ത് പൊലീസ്

ശിവപുരിക്കും ഗ്വാളിയറിനും ഇടയിലുള്ള അഞ്ഞൂറോളം സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച പൊലീസ്, പെണ്‍കുട്ടിയെയും വാടക കൊലയാളിയെയും ഒരുപോലെ കണ്ടെത്തിയതോടെയാണ് സംശയമുദിക്കുന്നത്. വൈകാതെ, ഭാനുവിന്‍റെ കാറിലുണ്ടായിരുന്ന പെൺകുട്ടിയെയും കൊലപാതകത്തിന് ഏർപ്പാടാക്കിയ ധര്‍മേന്ദ്രയെയും ഭാനുവിന്‍റെ ബന്ധു മോനേഷിനെയും അറസ്റ്റ് ചെയ്തു. ഇവരിൽ നിന്ന് കൊലപാതകത്തിന് ഉപയോഗിച്ച തോക്കും ഭാനു തോമറിനെ കുറ്റകൃത്യവുമായി ബന്ധിപ്പിക്കുന്ന പല തെളിവുകളും പൊലീസ് കണ്ടെത്തിയതോടെയാണ് ഭാനു കേസിലെ പ്രധാന പ്രതിയാവുന്നത്.

"ഒരു കുടുംബ വഴക്ക് കൊലപാതക ദൗത്യമായി മാറുകയായിരുന്നു. ഭാനു നിലവിൽ ബാങ്കോക്കിലാണ്. അയാളെ തിരികെ കൊണ്ടുവരാനുള്ള നടപടികൾ നടക്കുകയാണ്. ഭാനുവിന്‍റെ പേരില്‍ ലുക്ക്ഔട്ട് സര്‍ക്കുലര്‍ ഇറക്കും. ഇയാളുടെ മടങ്ങിവരവ് ഉറപ്പാക്കാന്‍ പാസ്പോര്‍ട്ട് സംബന്ധിച്ച വിവരം വിദേശകാര്യ മന്ത്രാലയത്തിനു കൈമാറിയിട്ടുണ്ട്" - ശിവപുരി പൊലീസ് സൂപ്രണ്ട് അമൻ സിങ് റാത്തോഡ് പറഞ്ഞു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com