Copyright issue; HC orders AR Rahman to deposit Rs 2 crore over ps2 song

എ.ആർ. റഹ്മാൻ

സംഗീത മോഷണം: എ.ആർ. റഹ്മാന്‍ 2 കോടി രൂപ കെട്ടിവയ്ക്കാൻ ഹൈക്കോടതി ഉത്തരവ്

റഹ്മാനും പൊന്നിയിൻ സെൽവൻ എന്ന സിനിമ നിർമിച്ച മദ്രാസ് ടാക്കീസ്, ലൈക്ക പ്രൊഡക്ഷന്‍സ് എന്നിവരും തുക കെട്ടിവയ്ക്കണം
Published on

പൊന്നിയിന്‍ സെല്‍വന്‍ 2 ചിത്രത്തിലെ ഗാനത്തിന്‍റെ പകര്‍പ്പവകാശ ലംഘന കേസില്‍ പ്രശസ്ത സംഗീത സംവിധായകന്‍ എ.ആര്‍. റഹ്മാന്‍ 2 കോടി രൂപ കെട്ടിവയ്ക്കാന്‍ ഡല്‍ഹി ഹൈക്കോടതിയുടെ ഉത്തരവ്. 2023 ല്‍ പുറത്തിറങ്ങിയ ചിത്രത്തിലെ 'വീര രാജ വീര' എന്ന ഗാനവുമായി ബന്ധപ്പെട്ടാണ് നടപടി. പ്രശസ്ത ക്ലാസിക്കൽ ഗായകരായ ജൂനിയർ ഡാഗർ സഹോദരന്മാർ രചിച്ച പ്രശസ്ത 'ശിവ സ്തുതി'യുമായി സാമ്യമുണ്ടെന്നു കണ്ടെത്തിയതിനെത്തുടർന്നാണ് ഡൽഹി ഹൈക്കോടതി വെള്ളിയാഴ്ച ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്.

'പ്രചോദിതമല്ല, സമാനമാണ്' എന്ന് കേസിൽ പ്രതികരിച്ച് കോടതി, എ.ആര്‍. റഹ്മാനൊപ്പം സിനിമയുടെ സഹനിര്‍മാതാക്കളും 2 കോടി രൂപ കെട്ടിവയ്ക്കാന്‍ ഉത്തരവിട്ടു. കൂടാതെ, ചിത്രത്തിൽ ഡാഗർ സഹോദരന്മാർക്ക് ഓൺലൈൻ പകർപ്പുകളിൽ ക്രെഡിറ്റുകൾ ചേർക്കാനും 4 ആഴ്ചയ്ക്കുള്ളില്‍ കേസിൽ വാദിയായ ഉസ്താദ് ഫയാസ് വാസിഫുദ്ദീന്‍ ദാഗറിന് 2 ലക്ഷം രൂപ കോടതി ചെലവായി റഹ്മാനും മറ്റ് പ്രതികളും നല്‍കണമെന്നും കോടതി വിധിച്ചു

ജൂനിയര്‍ ഡാഗര്‍ സഹോദരന്മാര്‍ എന്ന് അറിയപ്പെടുന്ന അന്തരിച്ച ഉസ്താദ് എന്‍ ഫയാസുദ്ദീന്‍ ഡാഗറും, ഉസ്താദ് സാഹിറുദ്ദീന്‍ ഡാഗറും ചേര്‍ന്ന് രചിച്ച ശിവ സ്തുതി അനധികൃതമായി ഉപയോഗിച്ചുവെന്നാണ് ആരോപണം. റഹ്മാനും സിനിമയുടെ നിര്‍മാണ കമ്പനികളായ മദ്രാസ് ടാക്കീസ്, ലൈക്ക പ്രൊഡക്ഷന്‍സ് എന്നിവര്‍ക്കും എതിരേ ക്ലാസിക്കല്‍ ഗായകനും പത്മശ്രീ അവാര്‍ഡ് ജേതാവുമായ ഉസ്താദ് ഫയാസ് വാസിഫുദ്ദീന്‍ ഡാഗറാണ് കേസ് നല്‍കിയത്.

കേസിൽ ശിവ സ്തുതി, വീര രാജ വീര എന്നീ 2 സംഗീത സൃഷ്ടികളുടെയും തമ്മിലുള്ള അടുത്ത ബന്ധം കോടതി ചൂണ്ടിക്കാട്ടി. ശിവ സ്തുതിയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടതല്ല, മറിച്ച് അതിനോട് അസംശയം സാമ്യമുള്ളതാണ്. അതിന്‍റെ വരികൾ മാത്രം മാറ്റി പുതിയതായി മിക്സ് ചെയ്തതെന്നും എന്നാൽ അതിന്‍റെ അടിസ്ഥാന സംഗീതം ഒന്നാണെന്നും കോടതി വ്യക്തമാക്കി.

Copyright issue; HC orders AR Rahman to deposit Rs 2 crore over ps2 song
'വർഷങ്ങൾക്കു ശേഷം' സിനിമയിലെ സംഗീത മോഷ്ടാവ് എ.ആർ. റഹ്മാൻ?

ഹിന്ദുസ്ഥാനി ക്ലാസിക്കൽ പോലുള്ള യഥാർഥ സംഗീത സൃഷ്ടികൾ, പകർപ്പവകാശ നിയമപ്രകാരം സംരക്ഷിക്കപ്പെടുന്നവയാണെന്നും ഹൈക്കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ച് വ്യക്തമാക്കി.

logo
Metro Vaartha
www.metrovaartha.com