

ഡൽഹി കലാപക്കേസ്; 13 പ്രതികളെ വെറുതെവിട്ടു
file
ന‍്യൂഡൽഹി: 2020ലെ ഡൽഹി കലാപവുമായി ബന്ധപ്പെട്ട കേസിൽ 13 പ്രതികളെ കോടതി വെറുതെവിട്ടു. പ്രധാന പ്രോസിക‍്യൂഷൻ സാക്ഷിയുടെ മൊഴി സംശയത്തിന്‍റെ നിഴലിലാണെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതിയുടെ നടപടി.
പ്രതികളെ തിരിച്ചറിയാൻ വേണ്ടി ഉപയോഗിച്ച സിസിടിവി ദൃശ‍്യങ്ങളിൽ വ‍്യക്തതയില്ലെന്ന് അഡീഷണൽ സെഷൻസ് ജഡ്ജ് പർവീൻ സിങ് പറഞ്ഞു. 2020 ഫെബ്രുവരി 25ന് ഡൽഹി കലാപത്തിനിടെ ന‍്യൂ ഉസ്മാൻ പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള രാമൻ ചൗഹാൻ എന്നയാളെ ആക്രമിച്ചതായി ബന്ധപ്പെട്ടുള്ളതാണ് കേസ്. തന്നെ ആക്രമിച്ചവരെ തിരിച്ചറിയാൻ സാധിച്ചില്ലെന്ന് രാമൻ ചൗഹാൻ കോടതിയിൽ പറഞ്ഞു.
മുഹമ്മദ് അനസ്, മോബിൻ, ഷാനു എന്നറിയപ്പെടുന്ന മുഹമ്മദ് ജാവേദ് ഖാൻ, ഫൈസൽ, മോന്‍റു എന്നറിയപ്പെടുന്ന ഷഹ്ജാദ് ഖാൻ, ഇമ്രാൻ ഖാൻ, ബാദ്ഷാ ഖാൻ, ഇർഫാൻ ഖാൻ, സിറാജ് ഖാൻ, അർമാൻ എന്ന് അറിയപ്പെടുന്ന അർബാസ്, അമൻ എന്നറിയപ്പെടുന്ന സുഹൈൽ, ഇഖ്ബാൽ ഖാൻ എന്ന സോനു എന്നീ 13 പ്രതികൾക്കെതിരേ ന‍്യൂ ഉസ്മാൻ പൊലീസ് സ്റ്റേഷനിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തിരുന്നു.
മാരക ആയുധങ്ങൾ കൈവശം വച്ചുകൊണ്ട് കലാപം, വധശ്രമം, ക്രിമിനൽ ഗൂഢാലോചന പൊതുപ്രവർത്തകൻ പുറപ്പൊടുവിച്ച ഉത്തരവ് ലംഘിക്കൽ എന്നീ കുറ്റങ്ങളാണ് ഇവർക്കെതിരേ ചുമത്തിയിരുന്നത്.
സംഭവം കണ്ടിട്ടില്ലെന്ന് അന്വേഷണ ഘട്ടത്തിൽ പറഞ്ഞിരുന്ന പ്രോസിക‍്യൂഷൻ സാക്ഷി പിന്നീട് ദൃക്സാക്ഷിയാകുകയായിരുന്നുവെന്നും സിസിടിവി ദൃശ‍്യങ്ങളിലൂടെ പ്രതികളെ തിരിച്ചറിയുകയും ചെയ്തുവെന്നും കോടതി പറഞ്ഞു. സാക്ഷിമൊഴിയിൽ വരുത്തിയ ഇത്തരം തിരുത്തലുകൾ പൂർണമായി വിശ്വസിക്കാൻ സാധിക്കില്ലെന്നും കോടതി വ‍്യക്തമാക്കി.
കൂടാതെ സിസിടിവി ദൃശ‍്യങ്ങളിൽ വ‍്യക്തതയില്ലെന്നും മുഖങ്ങൾ തിരിച്ചറിയാൻ ഫൊറൻസിക് ലാബിന് സാധിച്ചില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. എവിടെവച്ച് എങ്ങനെയാണ് ക്രിമിനൽ ഗൂഢാലോചന നടന്നതെന്നോ ആരൊക്കെയാണ് ഇതിൽ പങ്കാളികളായതെന്നോ തെളിയിക്കുന്ന തെളിവുകളില്ലെന്നും കോടതി നിരീക്ഷിച്ചു.