
ന‍്യൂഡൽഹി: 1984ലെ സിഖ് വിരുദ്ധ കലാപവുമായി ബന്ധപ്പെട്ടുള്ള കൊലപാതക കേസിൽ മുൻ കോൺഗ്രസ് എംപി സജ്ജൻ കുമാർ കുറ്റകാരനെന്ന് കോടതി. കലാപത്തിനിടെ രണ്ട് പേർ സരസ്വതി വിഹാർ പ്രദേശത്ത് കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ടുള്ളതാണ് കേസ്. ഫെബ്രുവരി 18നാണ് കേസിൽ വിധി പറയുന്നത്. നിലവിൽ മറ്റൊരു കേസിൽ ജീവപര‍്യന്തം ശിക്ഷിക്കപ്പെട്ട് തീഹാർ ജയിലിൽ കഴിയുകയാണ് സജ്ജൻ കുമാർ.
1984 നവംബർ 1 ന് ജസ്വന്ത് സിങ്ങിന്‍റെയും മകൻ തരുൺദീപ് സിങ്ങിന്‍റെയും കൊലപാതകങ്ങളുമായി ബന്ധപ്പെട്ടതാണ് കേസ്. പഞ്ചാബ് ബാഗ് പൊലീസ് സ്റ്റേഷൻ രജിസ്റ്റർ ചെയ്ത കേസ് പിന്നീട് പ്രത‍്യേക അന്വേഷണ സംഘം ഏറ്റെടുക്കുകയായിരുന്നു. 2021 ഡിസംബർ 16ന് സജ്ജൻ കുമാറിനെതിരേ പ്രഥമദൃഷ്ട‍്യാ കേസ് ഉണ്ടെന്ന് കണ്ടെത്തുകയും തുടർന്ന് കുറ്റം ചുമത്തുകയുമായിരുന്നു.
മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ വധത്തിന് പ്രതികാരം ചെയ്യുന്നതിനായി മാരകായുധങ്ങളുമായി സജ്ജൻ കുമാർ വലിയ തോതിൽ കൊള്ളയടിക്കലും, തീവയ്പ്പും, സിഖുകാരുടെ സ്വത്തുക്കൾ നശിപ്പിക്കലും നടത്തിയെന്നാണ് പ്രോസിക്യൂഷനൻ ആരോപിക്കുന്നത്.
പരാതിക്കാരനായ ജസ്വന്തിന്‍റെ ഭാര്യയുടെ വീട് ആക്രമിച്ച ജനക്കൂട്ടം ഭർത്താവിനെയും മകനെയും കൊലപ്പെടുത്തുകയും സാധനങ്ങൾ കൊള്ളയടിക്കുകയും അവരുടെ വീട് കത്തിക്കുകയും ചെയ്തുവെന്ന് പ്രോസിക്യൂഷൻ ആരോപിച്ചു.