

ദീപക് നന്ദ
ന്യൂഡൽഹി: ജയിലിൽ കഴിയുന്ന ഗുണ്ടാസംഘത്തലവൻ ലോറൻസ് ബിഷ്ണോയിയുടെ അഭിഭാഷകൻ ദീപക് നന്ദയുടെ സുരക്ഷ ഉറപ്പാക്കാൻ തിഹാർ ജയിൽ അധികൃതർക്ക് ഡൽഹി കോടതി നിർദേശം നൽകി. ജയിലിലും പുറത്തേക്ക് കൊണ്ടുപോകുമ്പോഴുള്ള യാത്രയിലും സുരക്ഷ ഉറപ്പാക്കണം. എന്നാൽ ബുള്ളറ്റ് പ്രൂഫ് വാഹനവും പ്രത്യേക സായുധ കമാൻഡോ അകമ്പടിയും അനുവദിക്കണമെന്ന നന്ദയുടെ ആവശ്യം കോടതി തള്ളി. രോഹിത് ഗോദാര സംഘത്തിലെ അംഗങ്ങളിൽ നിന്ന് നന്ദയെ ജയിലിൽ പ്രത്യേകം മാറ്റിപ്പാർപ്പിക്കണമെന്നും പ്രത്യേക ജഡ്ജി കിരൺ ബൻസാൽ നിർദേശിച്ചു.
ദീപക് ഖത്രി എന്ന പേരിലും അറിയപ്പെടുന്ന നന്ദ, സംഘടിത കുറ്റകൃത്യം, വഞ്ചന, ക്രിമിനൽ ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങൾ ചുമത്തപ്പെട്ട കേസിൽ തിഹാർ ജയിലിൽ കഴിയുകയാണ്. ജയിലിന് പുറത്തേക്കുള്ള യാത്രകളിൽ സുരക്ഷ ഉറപ്പാക്കണമെന്നും പ്രത്യേക സായുധ കമാൻഡോ സംഘത്തെയും ബുള്ളറ്റ് പ്രൂഫ് വാഹനവും അനുവദിക്കണമെന്നും ആവശ്യപ്പെട്ടാണ് അദ്ദേഹം കോടതിയെ സമീപിച്ചത്.
ഈ വർഷം ഫെബ്രുവരി 24ന് ഡൽഹിയിലെ മർഘട്ട് വാലേ ബാബ ക്ഷേത്രത്തിന് സമീപം രോഹിത് ഗോദാര സംഘാംഗങ്ങൾ തനിക്കുനേരെ ആക്രമണം നടത്തിയെന്നാണ് നന്ദയുടെ ഹർജിയിൽ പറയുന്നത്.
സുഹൃത്തുക്കൾക്കൊപ്പം സഞ്ചരിച്ചിരുന്ന കാറിന് നേരെ അക്രമികൾ വെടിയുതിർത്തതായും സഹയാത്രികന് വെടിയേറ്റതായും ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. സംഭവത്തിൽ കശ്മീരി ഗേറ്റ് പൊലീസ് കേസെടുത്തിരുന്നു.
നേരത്തേ ഡൽഹി ഹൈക്കോടതിയെ സമീപിച്ച നന്ദയ്ക്ക് ഏപ്രിൽ 17ലെ ഉത്തരവിലൂടെ ഒരു വ്യക്തിഗത സുരക്ഷാ ഉദ്യോഗസ്ഥനെ അനുവദിച്ചിരുന്നു. എന്നാൽ ജയിലിൽ കഴിയുമ്പോഴും യാത്രയ്ക്കിടയിലും കൂടുതൽ സുരക്ഷ വേണമെന്നായിരുന്നു ആവശ്യം.
ജയിലിൽ നിന്ന് കോടതിയിലേക്കും ആശുപത്രിയിലേക്കും കൊണ്ടുപോകുമ്പോൾ രണ്ട് പൊലീസുകാരുടെ അകമ്പടി ഉറപ്പാക്കണമെന്ന് കോടതി നിർദേശിച്ചിട്ടുണ്ട്. രോഹിത് ഗോദാര സംഘാംഗങ്ങളിൽ നിന്നും ലോറൻസ് ബിഷ്ണോയ് സംഘത്തിന്‍റെ എതിരാളികളിൽനിന്നും ഇയാളെ വേർതിരിച്ച് നിർത്തണം. പ്രത്യേക ഭീഷണി കണ്ടെത്തിയിട്ടില്ലെന്ന പൊലീസ് റിപ്പോർട്ടും പരിഗണിച്ച കോടതി, മറ്റ് പ്രത്യേക സുരക്ഷാ സൗകര്യങ്ങൾ അനുവദിക്കേണ്ടതില്ലെന്ന് വ്യക്തമാക്കി. നേരിട്ട് ഹാജരാക്കാൻ പ്രത്യേക നിർദേശമില്ലെങ്കിൽ വിഡിയോ കോൺഫറൻസിങ് വഴി ഹാജരാക്കാമെന്നും കോടതി ഉത്തരവിട്ടു.