ഇന്ത്യ മുന്നണിയുടെ ഏകോപന സമിതിയിലേക്കില്ലെന്ന് സിപിഎം; എതിർപ്പിന്‍റെ കാരണങ്ങളിൽ‌ കേരളത്തിന് മുഖ്യ പങ്ക്

''ഓരോ സംസ്ഥാനത്തിന്‍റേയും രാഷ്ട്രീയ സാഹചര്യം ഓരോന്നാണ്. കേരളത്തിൽ സിപിഎമ്മും കോൺഗ്രസും തമ്മിലാണ് പ്രധാന മത്സരം. അതുകൊണ്ട് ഇത്തരത്തിലൊരു മുന്നണി സംവിധാനം ആവശ്യമില്ല''
Sitaram Yechury and Pinarayi Vijayan
Sitaram Yechury and Pinarayi Vijayanfile

ന്യൂഡല്‍ഹി: പ്രതിപക്ഷ സഖ്യമായ ഇന്ത്യ മുന്നണിയിലെ ഏകോപന സമിതിയിലേക്ക് പ്രതിനിധിയെ അയക്കേണ്ടതില്ലെന്ന് സിപിഎം. ഇന്ന് ചേർന്ന പോളിറ്റ് ബ്യൂറോ യോഗത്തിലാണ് തീരുമാനം. ഈ സാഹചര്യത്തിൽ ഏകോപന സമിതിയിൽ സിപിഎം അംഗം ഉണ്ടാകില്ല.

നിലവിലെ സാഹചര്യത്തിൽ‌ കൃത്യമായ ഒന്നു മുന്നണിയുടെ രൂപഘടനയിലേക്കും സംഘടിത സംവിധാനത്തിലേക്കും പ്രതിപക്ഷ പാർട്ടികളുടെ സഹകരണം പോവേണ്ടതില്ലെന്നാണ് സിപിഎം നിലപാട്.മുന്നണിയുടെ ശക്തി 28 പാര്‍ട്ടികളും അവയുടെ നേതാക്കളുമാണ്. അതിന് മുകളില്‍ ഒരു സമിതി രൂപീകരിച്ചതിനോട് യോജിപ്പില്ലെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പ്രതികരിച്ചു.

ഓരോ സംസ്ഥാനത്തിന്‍റേയും രാഷ്ട്രീയ സാഹചര്യം ഓരോന്നാണ്. കേരളത്തിൽ സിപിഎമ്മും കോൺഗ്രസും തമ്മിലാണ് പ്രധാന മത്സരം. അതുകൊണ്ട് ഇത്തരത്തിലൊരു മുന്നണി സംവിധാനം ആവശ്യമില്ലെന്നാണ് സിപിഎം വിലയിരുത്തൽ.

രാജ്യത്തിന്‍റെ ഭരണഘടനയും മതേതര ജനാധിപത്യ സ്വഭാവവും സംരക്ഷിക്കാനുള്ള ശ്രമങ്ങള്‍ക്ക് ശക്തി പകരുന്നതിന് വേണ്ടി ഇന്ത്യാ ബ്ലോക്കിന്റെ ഏകീകരണത്തിനും വിപുലീകരണത്തിനും വേണ്ടി പാര്‍ട്ടി പ്രവര്‍ത്തിക്കും. കേന്ദ്ര, സംസ്ഥാന ഭരണങ്ങളില്‍ നിന്ന് ബിജെപിയെ അകറ്റിനിര്‍ത്തേണ്ടത് അത്യാവശ്യമാണ്. രാജ്യത്തുടനീളം പൊതുയോഗങ്ങള്‍ സംഘടിപ്പിക്കാനും വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളില്‍ ബിജെപിയുടെ പരാജയം ഉറപ്പാക്കാനും ജനങ്ങളെ അണിനിരത്താനുമുള്ള ഇന്ത്യ സഖ്യത്തിന്റെ നിലപാടിനെ സിപിഎം അംഗീകരിക്കുന്നു. തെരഞ്ഞെടുത്ത നേതാക്കളാണ് എല്ലാ തീരുമാനങ്ങളും എടുക്കേണ്ടത്. അത്തരം തീരുമാനങ്ങള്‍ക്ക് തടസ്സമാകുന്ന സംഘടനാ സംവിധാനങ്ങള്‍ ഉണ്ടാകരുതെന്നും സിപിഎം പോളിറ്റ് ബ്യൂറോ പുറത്തിറക്കിയ പത്രക്കുറിപ്പില്‍ വ്യക്തമാക്കി.

നേരത്തെ, ഇന്ത്യ മുന്നണിയുടെ ഏകോപന സമിതിയിലേക്ക് സിപിഎമ്മിനും സ്ഥാനം മാറ്റിവച്ചിരുന്നു. എന്നാല്‍, പാര്‍ട്ടി ഘടകങ്ങളില്‍ ആലോചിച്ച് തീരുമാനിക്കാം എന്ന നിലപാടാണ് സിപിഎം സ്വീകരിച്ചത്. ഇതേത്തുടര്‍ന്നാണ് പോളിറ്റ് ബ്യൂറോയില്‍ ഈ വിഷയം ചര്‍ച്ചയായത്

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com