രശ്മിക‍യുടെ ഡീപ് ഫേക് വീഡിയോ നിർമിച്ചത് ബി ടെക്കുകാരൻ; ഫോളോവേഴ്സിന്‍റെ എണ്ണം കൂട്ടാനെന്ന് മൊഴി

സംഭവം വിവാദമായതോടെ നവീൻ ഇൻസ്റ്റഗ്രാം പേജിൽ നിന്ന് വീഡിയോ നീക്കം ചെയ്തു. പേജിന്‍റെ പേരും മാറ്റി.
രശ്മിക‍യുടെ ഡീപ് ഫേക് വീഡിയോ നിർമിച്ചത് ബി ടെക്കുകാരൻ; ഫോളോവേഴ്സിന്‍റെ എണ്ണം കൂട്ടാനെന്ന് മൊഴി

ന്യൂഡൽഹി: തെന്നിന്ത്യൻ താരം രശ്മിക മന്ദാനയുടെ ഡീപ് ഫേക്ക് വീഡിയോ നിർമിച്ചത് ആന്ധ്രപ്രദേശിലെ ബിടെക് ബിരുദധാരിയായ ഈമാനി നവീൻ. രശ്മിക മന്ദാനയുടെ പേരിൽ ഇൻസ്റ്റഗ്രാമിൽ നവീൻ ഒരു അക്കൗണ്ട് നിർമിച്ചിരുന്നു. ഈ പേജിലെ ഫോളോവേഴ്സ് വർധിക്കുന്നതിനായാണ് ഡീപ് ഫേക് വീഡിയോ നിർമിച്ചതെന്നാണ് 23കാരനായ യുവാവ് മൊഴി നൽകിയിരിക്കുന്നത്. ഒക്റ്റോബർ 13നാണ് നവീൻ വ്യാജ വീഡിയോ നിർമിച്ച് ഇൻസ്റ്റഗ്രാം പേജിൽ പോസ്റ്റ് ചെയ്തതെന്ന് ഡപ്യൂട്ടി പൊലീസ് കമ്മിഷണർ ഹേമന്ത് തീവാരി പറഞ്ഞു. യുട്യൂബിന്‍റെ സഹായത്തോടെ ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് ഉപയോഗിച്ചാണ് വ്യാജ വിഡിയോ നിർമിച്ചത്.

വിഡിയോ പോസ്റ്റ് ചെയ്തതിനു പിന്നാലെ 90,000 ത്തിൽ നിന്ന് പേജ് ഫോളോവേഴ്സിന്‍റെ എണ്ണം 1,08000 ആയി ഉയർന്നു. വെറും രണ്ടാഴ്ച കൊണ്ട് വീഡിയോ പല പേജുകളിലൂടെ വ്യാപകമായി പ്രചരിക്കപ്പെട്ടു. അതിനു പിന്നാലെയാണ് രശ്മിക അടക്കമുള്ളവർ വീഡിയോക്കെതിരേ രംഗത്തത്തിയത്. സംഭവം വിവാദമായതോടെ നവീൻ ഇൻസ്റ്റഗ്രാം പേജിൽ നിന്ന് വീഡിയോ നീക്കം ചെയ്തു. പേജിന്‍റെ പേരും മാറ്റി. വീഡിയോ നിർമിക്കാൻ ഉപയോഗിച്ച സിസ്റ്റത്തിൽ നിന്ന് എല്ലാ ഡേറ്റയും ഇല്ലാതാക്കിയിരുന്നു.

അമിതാബ് ബച്ചൻ ഉൾപ്പെടെയുള്ള പ്രമുഖർ രശ്മികയുടെ വീഡിയോ പങ്കു വച്ച് നിയമനിർമാണം ആവശ്യപ്പെട്ടതോടെയാണ് പൊലീസ് അന്വേഷണം ഊർജിതമാക്കിയത്. ഇതു പ്രകാരം മെറ്റയോട് വിശദാംശങ്ങൾ പങ്കു വക്കാൻ ആവശ്യപ്പെട്ടിരുന്നു. അന്വേഷണത്തിനിടെ 500 സമൂഹ മാധ്യമ അക്കൗണ്ടുകൾ വിശദമായി പരിശോധിച്ചുവെന്ന് പൊലീസ് പറയുന്നു. ഏറ്റവും ഒടുവിലാണ് നവീന്‍റെ അക്കൗണ്ടിലേക്ക് എത്തുന്നത്. ഇതു പ്രകാരം പൊലീസ് സംഘം ആന്ധ്രയിലെ ഗുണ്ടൂരിലെത്തി നവീനെ അറസ്റ്റ് ചെയ്യുകയായിരുന്നു. താൻ രശ്മികയുടെ വലിയ ആരാധകനാണെന്ന് നവീൻ പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. ബിടെക് ബിരുദം നേടിയതിനു ശേഷം കുറച്ചു കാലമായി നവീൻ വീട്ടിലിരുന്നാണ് ജോലി ചെയ്തിരുന്നത്.

മന്ദാനയ്ക്കു പുറമേ മറ്റു രണ്ടു താരങ്ങളുടെ പേരിലും നവീൻ ഇൻസ്റ്റഗ്രാം അക്കൗണ്ടുകൾ നിർമിച്ചിരുന്നു. മറ്റു രണ്ടു താരങ്ങളുടെയും ഇൻസ്റ്റ ഫാൻ പേജുകളിൽ ഒരു ലക്ഷത്തിലധികം ഫോളോവേഴ്സ് ഉണ്ടായിരുന്നു. രശ്മികയുടെ പേജിൽ ഫോളോവേഴ്സ് കുറവായതോടെയാണ് വ്യാജ വീഡിയോ പോസ്റ്റ് ചെയ്തത്. ബിടെക്കിനു പുറമേ വെബ്സൈറ്റ് ഡെവലപ്മെന്‍റ് , ഫോട്ടോഷോപ്പ്, വീഡിയോ എഡിറ്റിങ്, യുട്യൂബ് എന്നിവയിലും കോഴ്സുകൾ പൂർത്തിയാക്കിയിട്ടുണ്ട്. നവീന്‍റെ കൈയിൽ നിന്ന് ഒരു ലാപ്ടോപ്പും മൂന്നു മൊബൈൽ ഫോണുകളും പിടിച്ചെടുത്തിട്ടുണ്ട്.

രശ്മിക‍യുടെ വ്യാജ വീഡിയോ വ്യാപകമായി പ്രചരിച്ചതിനു പിന്നാലെ ഡൽഹി വനിതാ കമ്മിഷൻ‌ നൽകിയ പരാതിയിലാണ് ഡൽഹി പൊലീസ് എഫ്ഐആർ ഫയൽ ചെയ്തത്. ഇൻഫോർമേഷൻ‌ ടെക്നോളജി നിയമങ്ങൾ പ്രകാരം അടക്കം വിവിധ വകുപ്പുകൾ ചുമത്തിയാണ് കേസ് ഫയൽ ചെയ്തിരിക്കുന്നത്.

Trending

No stories found.

Latest News

No stories found.