

ഉമർ ഖാലിദ്
പുനെ: ജയിലിൽ കഴിയുന്ന ഡൽഹി കലാപക്കേസ് പ്രതി ഉമർ ഖാലിദ് എഴുതിയ പുസ്തകം ലൈബ്രറിയിൽ ഉൾപ്പെടുത്തിയതിനെതിരേ സമൂഹ മാധ്യമങ്ങളിൽ വിമർശനം ഉയർന്നതിനു പിന്നാലെ പുസ്തകം നീക്കി പുനെയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് എജ്യുക്കേഷൻ ആൻഡ് റിസർച്ച് (ഐഐഎസ്ഇആർ). പുതിയതായി ലൈബ്രറിയിൽ ഉൾപ്പെടുത്തിയ പുസ്തകങ്ങളുടെ പട്ടികയിൽ ഖാലിദിന്റെ പുസ്തകവും വന്നതിനെതിരേയായിരുന്നു സമൂഹ മാധ്യമങ്ങളിൽ വിമർശനം ഉയർന്നത്.
കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന് കീഴിലുള്ള സ്വയംഭരണ സ്ഥാപനമായ ഐഐഎസ്ഇആർ തിങ്കളാഴ്ചയാണ് പുസ്തകം നീക്കിയ വിവരം അറിയിച്ചത്. തെറ്റിദ്ധാരണയോ സംഘർഷമോ ഒഴിവാക്കാനാണ് 'ഫ്രാക്ചേഡ് കമ്മ്യൂണിറ്റീസ്: ആദിവാസി ഹിസ്റ്ററീസ് ആൻഡ് പൊളിറ്റിക്സ് ഓഫ് പവർ' എന്ന പുസ്തകം നീക്കിയതെന്ന് സ്ഥാപനം പ്രസ്താവനയിൽ പറഞ്ഞു.
നിലവിലെ ജാർഖണ്ഡിലെ സിങ്ഭും മേഖലയിലെ രണ്ട് നൂറ്റാണ്ടുകാലത്തെ ഭരണകൂട രൂപീകരണം, കൊളോണിയൽ ഭരണം, ഗോത്രവിഭാഗങ്ങളും ഭരണകൂടവും തമ്മിലുള്ള അധികാരബന്ധങ്ങൾ എന്നിവ പരിശോധിക്കുന്ന ഉമർ ഖാലിദിന്റെ പിഎച്ച്ഡി ഗവേഷണത്തെ അടിസ്ഥാനമാക്കിയാണ് പുസ്തകം തയ്യാറാക്കിയിരിക്കുന്നത്.
ഐഐഎസ്ഇആറിലെ അംഗങ്ങളുടെ ശുപാർശകളും ലൈബ്രറിയുടെ പ്രവർത്തനം മേൽനോട്ടം വഹിക്കുന്ന സമിതിയുടെ നിർദേശങ്ങളും അടിസ്ഥാനമാക്കിയാണ് പുസ്തകങ്ങൾ ഉൾപ്പെടുത്തുന്നതെന്ന് സ്ഥാപനം വ്യക്തമാക്കി. വിവിധ മേഖലകളിൽ നിന്നായി ശരാശരി 50-ലധികം പുസ്തകങ്ങൾ ഓരോ മാസവും ലൈബ്രറിയിൽ ഉൾപ്പെടുത്താറുണ്ട്. ഖാലിദിന്റെ പുസ്തകത്തെക്കുറിച്ചുള്ള വിഷയം അധികൃതരുടെ ശ്രദ്ധയിൽപ്പെട്ട ഉടൻ മുൻകരുതൽ നടപടിയെന്ന നിലയിൽ പുസ്തകം പിൻവലിക്കാൻ തീരുമാനിക്കുകയായിരുന്നുവെന്നും തുടർനടപടികൾ പരിശോധിക്കുമെന്നും പ്രസ്താവനയിൽ പറഞ്ഞു.
ജവഹർലാൽ നെഹ്റു സർവകലാശാലയിലെ (ജെഎൻയു) മുൻ വിദ്യാർഥിയായ ഖാലിദിനെ 2020 സെപ്റ്റംബറിലാണ് അറസ്റ്റ് ചെയ്തത്. 2020 ഫെബ്രുവരിയിൽ ഡൽഹിയിൽ 53 പേർ കൊല്ലപ്പെടുകയും 700-ലധികം പേർക്ക് പരുക്കേൽക്കുകയും ചെയ്ത കലാപത്തിന്റെ സൂത്രധാരന്മാരിൽ ഒരാളാണെന്ന് ആരോപിച്ച് യുഎപിഎ പ്രകാരമാണ് ഖാലിദിനെതിരേ കേസെടുത്തത്.