വിദേശയാത്ര: രാഹുൽ ഗാന്ധിക്കെതിരേ സിആർപിഎഫിന്‍റെ കത്ത്

ഇറ്റലി, വിയറ്റ്നാം, ദുബായ്, ലണ്ടൻ, മലേഷ്യ യാത്രകൾ അറിയിച്ചില്ല; സുരക്ഷാ ചട്ടങ്ങൾ ലംഘിക്കുന്നു
വിദേശയാത്ര: രാഹുൽ ഗാന്ധിക്കെതിരേ സിആർപിഎഫിന്‍റെ കത്ത് | CRPF against Rahul Gandhi

സെഡ് കാറ്റഗറി സുരക്ഷയുള്ള രാഹുൽ ഗാന്ധി നിരന്തരം സുരക്ഷാ പ്രോട്ടോകോളുകൾ ലംഘിക്കുന്നു എന്നാണ് സിആർപിഎഫിന്‍റെ പരാതി.

Updated on

ന്യൂഡൽഹി: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി സുരക്ഷാ പ്രോട്ടൊകോൾ നിരന്തരം ലംഘിക്കുന്നെന്ന് സിആർപിഎഫ്. മുൻകൂട്ടി അറിയിക്കാതെ വിദേശയാത്രകൾ നടത്തുന്നുവെന്നതടക്കം വീഴ്ചകൾ ചൂണ്ടിക്കാട്ടി കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയ്ക്കും രാഹുൽ ഗാന്ധിക്കും സിആർപിഎഫ് കത്തു നൽകി. രാഹുലിനെതിരേ ബിജെപി രംഗത്തെത്തി. എന്നാൽ, വോട്ട് മോഷണ വിവാദത്തിൽ നിന്നു ശ്രദ്ധതിരിക്കാനുള്ള ശ്രമമാണിതെന്നു കോൺഗ്രസ്.

ഇസഡ് പ്ലസ് കാറ്റഗറി സുരക്ഷയുള്ള നേതാവാണ് അമ്പത്തഞ്ചുകാരൻ രാഹുൽ. 10-12 സായുധ സിആർപിഎഫ് കമാൻഡോകൾ യാത്രകളിലുടനീളം രാഹുലിന് സുരക്ഷാ കവചമായി ഉണ്ടാകും. രാഹുൽ സന്ദർശിക്കാൻ ലക്ഷ്യമിടുന്ന സ്ഥലങ്ങളിൽ മുൻകൂർ പരിശോധന നടത്തി കുറ്റമറ്റ സുരക്ഷ ഉറപ്പാക്കേണ്ടതടക്കം ഉത്തരവാദിത്വങ്ങളാണ് സിആർപിഎഫിനുള്ളത്. എന്നാൽ, ഒരു വിവരവും കൈമാറാതെ രാഹുൽ അപ്രതീക്ഷിത യാത്രകൾ നടത്തുന്നുവെന്നാണ് സിആർപിഎഫിന്‍റെ പരാതി.

ആഭ്യന്തര യാത്രകളിലും വിദേശയാത്രയ്ക്കു മുൻപുമുള്ള ചട്ടങ്ങൾ പാലിക്കുന്നില്ലെന്നും സുരക്ഷയൊരുക്കുന്നതിൽ ഇതുവലിയ വെല്ലുവിളി സൃഷ്ടിക്കുന്നെന്നും കേന്ദ്ര സേനാ വൃത്തങ്ങൾ പറയുന്നു. ആരെയും അറിയിക്കാതെ രാഹുൽ വിദേശയാത്ര നടത്തുന്നുവെന്ന് സിആർപിഎഫിന്‍റെ വിവിഐപി സുരക്ഷാ വിഭാഗം മേധാവി സുനിൽ ജൂൺ, ഖാർഗെയ്ക്കു നൽകിയ കത്തിൽ പറയുന്നതായി ഒരു ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തു. സുരക്ഷാ ജീവനക്കാരോട് സഹകരിക്കണമെന്നും കത്തിൽ അഭ്യർഥിക്കുന്നുണ്ട്.

ഇറ്റലി (ഡിസംബർ 30-ജനുവരി 9), വിയറ്റ്നാം (മാർച്ച് 12-17), ദുബായ് (ഏപ്രിൽ 17-23), ലണ്ടൻ (ജൂൺ 25-ജൂലൈ 6), മലേഷ്യ (സെപ്റ്റംബർ 4-8) എന്നീ യാത്രകളെക്കുറിച്ചു കത്തിൽ പറയുന്നതായാണു റിപ്പോർട്ട്. കത്തിനെക്കുറിച്ച് പരസ്യമായി പ്രതികരിക്കാൻ സിആർപിഎഫ് തയാറായിട്ടില്ല. രാഹുലിന്‍റെ സുരക്ഷ സംബന്ധിച്ച് മുൻപും ഇത്തരം കത്തുകൾ നൽകിയിട്ടുണ്ടെന്നാണ് ഉന്നത വൃത്തങ്ങളുടെ പ്രതികരണം.

എന്തുകൊണ്ടാണു രാഹുൽ യാത്രാ വിവരങ്ങൾ മറച്ചുവയ്ക്കുന്നതെന്ന് അമിത് മാളവ്യ ഉൾപ്പെടെ ബിജെപി നേതാക്കൾ ചോദിച്ചു. ഇതു സുരക്ഷാ ചട്ടങ്ങളുടെ ലംഘനമെന്നും രാഹുലിന്‍റെ വിദേശത്തെ പ്രവർത്തനങ്ങളിൽ സംശയമുണ്ടാക്കുന്നെന്നും ബിജെപി. രാഹുൽ ഇന്ത്യയുടെ ജനാധിപത്യത്തിന് അപകടമാണെന്നു ബിജെപി ദേശീയ വക്താവ് പ്രദീപ് ഭണ്ഡാരി ആരോപിച്ചു. എന്നാൽ, കത്ത് പുറത്തുവിട്ടത് രാഷ്‌ട്രീയ ലക്ഷ്യത്തോടെയാണെന്നു കോൺഗ്രസ് പ്രതികരിച്ചു. വോട്ട് മോഷണ വിവാദത്തിൽ നിന്നു ശ്രദ്ധതിരിക്കാനാണു ബിജെപിയുടെ ശ്രമമെന്നും പാർട്ടി.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com