രാജി പ്രഖ്യാപിച്ച് കൽക്കട്ട ഹൈക്കോടതി ജസ്റ്റിസ് അഭിജിത് ഗംഗാപാധ്യായ

സജീവ രാഷ്ട്രീയത്തിലേക്കിറങ്ങുന്നതിനു മുന്നോടിയായാണ് രാജി.
അഭിജിത് ഗംഗാപാധ്യായ
അഭിജിത് ഗംഗാപാധ്യായ

കോൽക്കൊത്ത: കൽക്കട്ട ഹൈക്കോടതി ജസ്റ്റിസ് അഭിജിത് ഗംഗോപാധ്യായ രാജിക്കൊരുങ്ങുന്നു. മാർച്ച് 5 നുള്ളിൽ രാജി വയ്ക്കുമെന്നാണ് ജസ്റ്റിസ് പ്രഖ്യാപിച്ചിരിക്കുന്നത്. ബംഗാളി മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് പ്രഖ്യാപനം. സജീവ രാഷ്ട്രീയത്തിലേക്കിറങ്ങുന്നതിനു മുന്നോടിയായാണ് രാജി. തന്നെ നിരന്തരം വെല്ലുവിളിച്ച് രാഷ്ട്രീയത്തിലേക്കിറക്കിയതിൽ തൃണമൂൽ കോൺഗ്രസിനോട് നന്ദിയുണ്ടെന്ന് അദ്ദേഹം പറഞ്ഞു. നിലവിൽ ഏതെങ്കിലും രാഷ്ട്രീയ പാർട്ടികളിൽ ചേരുന്നതിനെക്കുറിച്ചോ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനെക്കുറിച്ചോ തീരുമാനമെടുത്തിട്ടില്ല. ബിജെപി, കോൺഗ്രസ്, സിപിഎം എന്നീ പാർട്ടികളിൽ ചേരാൻ താനൊരുക്കമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

2018 ലാണ് ജസ്റ്റിസ് ഗംഗോപാധ്യായ ഹൈക്കോടതിയിലെത്തിയത്. ഈ വർഷം ഓഗസ്റ്റിൽ വിരമിക്കാനിരിക്കേയാണ് രാജി തീരുമാനം. തൃണമൂൽ കോൺഗ്രസിനെതിരേയുള്ള പരാമർശങ്ങളിലൂടെ ജസ്റ്റിസ് നിരവധി വിവാദങ്ങൾ സൃഷ്ടിച്ചിട്ടുണ്ട്. 2023 നവംബറിൽ അധ്യാപകരുടെ നിയമനവുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കുന്നതിനിടെ തൃണമൂൽ കോൺഗ്രസിന് ഒരു രാഷ്ട്രീയ പാർട്ടി എന്ന നിലയിലുള്ള അംഗീകാരം എടുത്തു കളയണമെന്നും പാർട്ടി ചിഹ്നം പിൻവലിക്കണമെന്നും തെരഞ്ഞെടുപ്പു കമ്മിഷനോട് ആവശ്യപ്പെടുമെന്നുള്ള പരാമർശം വൻ വിവാദമായി മാറിയിരുന്നു.

പ്രതിപക്ഷത്തെ സഹായിക്കുന്നതിനായി ജസ്റ്റിസ് സ്വന്തം പദവി പരിചയായി ഉപയോഗിക്കുകയാണെന്ന് തൃണമൂൽ വക്താവ് കുനാൽ ഘോഷ് ആരോപിച്ചിരുന്നു. 2024 ജനുവരിയിൽ ഹൈക്കോടതിയിലെ തന്നെ മറ്റൊരു ജസ്റ്റിസ് സൗമൻ സെന്നുമായുണ്ടായ അഭിപ്രായ ഭിന്നതയിൽ സുപ്രീം കോടതി നേരിട്ടിടപെട്ടിരുന്നു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com