സൈബർ തട്ടിപ്പിലൂടെ നഷ്ടപ്പെട്ടത് 50 ലക്ഷം രൂപ; 82കാരനും ഭാര്യയും ജീവനൊടുക്കി

‌സിം കാർഡ് മറ്റാരോ ദുരുപയോഗം ചെയ്യുന്നുവെന്നും വ്യാജ പരസ്യങ്ങൾക്കായി ഉപയോഗിക്കുന്നുവെന്നുമാണ് ദമ്പതികളെ തട്ടിപ്പുകാർ വിശ്വസിപ്പിച്ചത്.
cyber fraud, elderly couple loses 50 lakch rupees, commit suicide

മരണപ്പെട്ട ദമ്പതികൾ

Updated on

ബെൽഗവി: സൈബർ തട്ടിപ്പിലൂടെ 50 ലക്ഷം രൂപ നഷ്ടപ്പെട്ടതിനു പിന്നാലെ 82കാരനും ഭാര്യയും ജീവനൊടുക്കിയതായി റിപ്പോർട്ട്. കർണാടകയിലെ ഖാനപുർ താലൂക്കിലാണ് സംഭവം ബീഡി ഗ്രാമത്തിലെ താമസക്കാരായ ഡിയോജെറോൺ സാന്‍റൺ നസറെത്ത് ഭാര്യ 79 വയസുള്ള ഫ്ലാവിയാന എന്നിവരെയാണ് വെള്ളിയാഴ്ച ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്. രണ്ടു പേജുകളിലായുള്ള ആത്മഹത്യാ കുറിപ്പിൽ ഇക്കാര്യങ്ങളെല്ലാം ഇവർ വിശദമാക്കിയിട്ടുണ്ട്. ആരെയും കുറ്റപ്പെടുത്തുന്നില്ല എന്നും മറ്റാരുടെയും കാരുണ്യത്തിൽ ജീവിക്കാൻ താത്പര്യമില്ലെന്നും ഇരുവരും കുറിച്ചിട്ടുണ്ട്.

വെള്ളിയാഴ്ച അയൽക്കാരായ ഫ്ലാവിയാനയെ ചലനമറ്റ നിലയിൽ കട്ടിലിലും ഡിയോജെറോണിനെ വീട്ടിലെ അണ്ടർഗ്രൗണ്ട് വാട്ടർ ടാങ്കിലും കണ്ടെത്തിയത്. മഹാരാഷ്ട്ര സർക്കാർ സെക്രട്ടേറിയറ്റ് ജീവനക്കാരനായിരുന്നു ഡിയോജെറോൺ. ഇദ്ദേഹത്തിന്‍റെ കഴുത്തിലും കൈകളിലും മുറിവുകൾ ഉണ്ട്. കഴുത്തിലെ മുറിവാണ് മരണ കാരണം. ഫ്ലാവിയാന വിഷം കഴിച്ചു മരിച്ചുവെന്നാണ് പ്രാഥമിക നിഗമനം. ഇരുവരുടെയും മൃതദേഹം പോസ്റ്റമോർട്ടം ചെയ്തതിനു ശേ‍ഷം മാത്രമേ മരണകാരണം സ്ഥിരീകരിക്കാൻ സാധിക്കൂ. ഡൽഹിയിലെ ടെലികോം ഡിപ്പാർട്മെന്‍റ് ജീവനക്കാരൻ എന്ന് അവകാശപ്പെട്ട സുമിത് ബിറ, അനിൽ യാദവ് എന്നിവരാണ് ദമ്പതികളെ തട്ടിപ്പിനിരയാക്കിയിരിക്കുന്നതെന്നാണ് കുറിപ്പിലുള്ളത്. ഡിയെജെറോണിന്‍റെ പേരിലുള്ള സിം കാർഡ് മറ്റാരോ ദുരുപയോഗം ചെയ്യുന്നുവെന്നും വ്യാജ പരസ്യങ്ങൾക്കായി ഉപയോഗിക്കുന്നുവെന്നുമാണ് ദമ്പതികളെ ബിറ വിശ്വസിപ്പിച്ചത്. പിന്നീട് ക്രൈംബ്രാഞ്ച് ഓഫിസർ എന്ന് അവകാശപ്പെട്ട് അനിൽ യാദവ് ഇരുവരോടും സംസാരിച്ചു.

ഡിയോജെറോണിന്‍റെ ആസ്തിയെയും സമ്പാദ്യത്തെയും കുറിച്ചുള്ള കാര്യങ്ങൾ എല്ലാം ചോദിച്ചറിഞ്ഞ ശേഷം സിം കാർഡിന്‍റെ ദുരുപയോഗം മൂലം പ്രശ്നമുണ്ടാകാൻ സാധ്യതയുണ്ടെന്ന് പറഞ്ഞു വിശ്വസിപ്പിച്ചു. പ്രശ്നങ്ങൾ ഒഴിവാക്കാനായി അവർ ആവശ്യപ്പെട്ട 50 ലക്ഷം രൂപ ദമ്പതികൾ നൽകി. പക്ഷേ തട്ടിപ്പുകാർ അവരോട് വീണ്ടും പണം ആവശ്യപ്പെട്ടു കൊണ്ടിരുന്നു. സ്വർണം പണയം വച്ചും സുഹൃത്തുക്കളിൽ നിന്ന് പണം കടം വാങ്ങിയുമാണ് പണം നൽകിയത്. ഞങ്ങൾക്ക് ആരുടെയും സഹായം ഇല്ല. മറ്റാരുടെയും സഹായത്തോടെ ജീവിനാക്കാനും താത്പര്യമില്ല. അതിനാലാണ് ഇത്തരമൊരു തീരുമാനമെടുക്കുന്നകതെന്നും ആത്മഹത്യാ കുറിപ്പിൽ ഉണ്ട്. ആത്മഹത്യാ പ്രേരണയുടെയും സൈബർ കുറ്റകൃത്യത്തിന്‍റെയും പേരിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി പൊലീസ് വ്യക്തമാക്കി.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com