അർണബ് ചുഴലിക്കാറ്റ് കര തൊട്ടു; വേഗത മണിക്കൂറിൽ 135 കിലോമീറ്റർ, വിമാന സർവീസുകൾ റദാക്കി

അടുത്ത മൂന്ന് മണിക്കൂർ കൂടി കാറ്റ് ആന്ധ്രപ്രദേശ് തീരത്ത് തുടരുമെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (ഐഎംഡി) അറിയിച്ചു
Cyclone Arnab has made landfall; wind speeds have reached 135 km/h, and flight services have been cancelled.

അർണബ് ചുഴലിക്കാറ്റ് കര തൊട്ടു; വേഗത മണിക്കൂറിൽ 135 കിലോമീറ്റർ, വിമാന സർവീസുകൾ റദാക്കി

Updated on: 

അമരാവതി: അതിതീവ്ര ചുഴലിക്കാറ്റായ അർണബ് കര തൊട്ടു. ബുധനാഴ്ച പുലർച്ചെ 1.20ഓടെയാണ് ചുഴലിക്കാറ്റ് കരയിലേക്ക് പ്രവേശിച്ചത്. മണിക്കൂറിൽ 135 കിലോമീറ്റർ വേഗതയിൽ എത്തിയ കാറ്റിന് പിന്നാലെ ആന്ധ്രാപ്രദേശ്, ഒഡിശ സംസ്ഥാനങ്ങളിൽ കനത്ത മഴയും ആരംഭിച്ചു.

അടുത്ത മൂന്ന് മണിക്കൂർ കൂടി കാറ്റ് ആന്ധ്രപ്രദേശ് തീരത്ത് തുടരുമെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (ഐഎംഡി) അറിയിച്ചു. യാനം മേഖലയിൽ നിന്ന് 45 കിലോമീറ്റർ തെക്ക്-തെക്കുപടിഞ്ഞാറായാണ് കാറ്റ് ഇപ്പോഴുള്ളത്.

ചുഴലിക്കാറ്റ് വടക്കുപടിഞ്ഞാറൻ ദിശയിൽ നീങ്ങി ആന്ധ്രപ്രദേശ്-യാനം തീരങ്ങൾ കടക്കുമെന്നാണ് കാലാവസ്ഥാ വകുപ്പിന്‍റെ പ്രവചനം. ഈ സമയത്ത് മണിക്കൂറിൽ 150 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റ് വീശാൻ സാധ്യതയുണ്ട്.

ചുഴലിക്കാറ്റിനെ തുടർന്ന് 44 വിമാന സർവീസുകൾ റദാക്കി. വിശാഖപട്ടണം, വിജയവാഡ, രാജമുദ്രി എന്നീ വിമാനത്താവളങ്ങളിലെ സർവീസുകൾ പൂർണമായി നിർത്തിവച്ചു. കൂടാതെ 95 ട്രെയ്ൻ സർവീസുകൾ റെയ്ൽ‌വേയും റദാക്കി.

അനകപ്പള്ളി, വിശാഖപട്ടണം, കാക്കിനാഡ, കോണസീമ ജില്ലകളിലെ വിവിധ പ്രദേശങ്ങളിൽ കനത്ത മഴ പെയ്തു. വിശാഖപട്ടണം, കാക്കിനാഡ, കോണസീമ, പശ്ചിമ ഗോദാവരി ജില്ലകളിൽ ശക്തമായ കാറ്റും മഴയും അനുഭവപ്പെട്ടതായി ജില്ലാ കലക്റ്റർമാർ അറിയിച്ചു. പലയിടങ്ങളിലും മരങ്ങൾ കടപുഴകി വീണതായും അധികൃതർ റിപ്പോർട്ട് ചെയ്തു.

കാക്കിനാഡയിലെ ബോംബെ കട്ട പ്രദേശത്ത് വെള്ളപ്പൊക്കത്തിൽ കുടുങ്ങിയ നാല് പേരെ പൊലീസ് രക്ഷപ്പെടുത്തി. കനത്ത മഴയും കടൽവെള്ളം കയറിയതും കാരണം പ്രദേശം വെള്ളത്തിനടിയിലായതോടെ ഇവർക്ക് പുറത്തുകടക്കാനായില്ല. നാല് പേരെയും സുരക്ഷിതമായി പുറത്തെത്തിച്ച് വാഹനത്തിൽ വീടുകളിലേക്ക് അയച്ചതായി ജില്ലാ പൊലീസ് അറിയിച്ചു.

അതേസമയം, കാക്കിനാഡ ആങ്കറേജ് തുറമുഖത്തെ സെൻട്രൽ വെയർഹൗസിങ് കോർപറേഷന്‍റെ (സിഡബ്ല്യുസി) ഗോഡൗണുകളിൽ മൂന്ന് പേർ കുടുങ്ങിയതായും റിപ്പോർട്ടുണ്ട്. കനത്ത മഴവെള്ളവും കടൽവെള്ളവും കയറിയതോടെ പ്രദേശം വെള്ളത്തിനടിയിലായി. വൈദ്യുതി ബന്ധവും പൂർണമായി നിലച്ചു. വെള്ളം ചുറ്റും നിറഞ്ഞതിനാൽ രാത്രി ഷിഫ്റ്റിലെ ജീവനക്കാർക്ക് പുറത്തുകടക്കാനായില്ലെന്ന് പൊലീസ് അറിയിച്ചു.

logo
Metro Vaartha
www.metrovaartha.com