

പ്രതീകാത്മക ചിത്രം
ഭുവനേശ്വർ: അർണബ് ചുഴലിക്കാറ്റിനെ തുടർന്നുണ്ടായ കനത്ത മഴയിലും മിന്നൽ പ്രളയത്തിലും അകപ്പെട്ടവരെ എയർലിഫ്റ്റ് ചെയ്ത് രക്ഷപ്പെടുത്താൻ ഒഡിശ സർക്കാർ. ഗഞ്ചാം ജില്ലയിലെ 300ഓളം ഗ്രാമങ്ങളിൽ കുടുങ്ങിയവരെയാണ് എയർലിഫ്റ്റ് ചെയ്യുന്നത്. ഇതുസംബന്ധിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയവുമായി ഒഡിശ സർക്കാർ കൂടിയാലോചനകൾ നടത്തിവരികയാണെന്ന് ചീഫ് സെക്രട്ടറി അനു ഗാർഗ് വ്യാഴാഴ്ച അറിയിച്ചു.
സംസ്ഥാനത്ത് കനത്ത നാശനഷ്ടമാണ് ചുഴലിക്കാറ്റ് വിതച്ചത്. ദേശീയ പാത ഒഴുകിപ്പോവുകയും ട്രെയ്ൻ സർവീസുകൾ നിലയ്ക്കുകയും ചെയ്തത് രക്ഷാപ്രവർത്തനത്തിന് വെല്ലുവിളിയായിട്ടുണ്ട്. വിവിധ ദുരന്തനിവാരണ ഏജൻസികളിൽ നിന്നായി 54 സംഘങ്ങളെ സംസ്ഥാനത്ത് വിന്യസിച്ചു.
ദേശീയ ദുരന്തനിവാരണ സേനയുടെ മൂന്ന് ടീമുകൾ, ഒഡിശ ദുരന്ത ദ്രുത കർമ സേനയുടെ 27 ടീമുകൾ, അഗ്നിരക്ഷാസേനയുടെ 24 ടീമുകൾ എന്നിവയാണ് രക്ഷാപ്രവർത്തനം നടത്തുന്നത്.
ഗഞ്ചാം ജില്ലയിലെ സൊറാഡയാണ് ഏറ്റവും കൂടുതൽ ദുരിതം നേരിടുന്ന പ്രദേശങ്ങളിലൊന്ന്. കഴിഞ്ഞ മൂന്ന് ദിവസമായി പെയ്യുന്ന അതിശക്തമായ മഴയിൽ ഋഷികുല്യ നദി കരകവിഞ്ഞൊഴുകി സമീപത്തെ പട്ടണങ്ങളിലും ഗ്രാമങ്ങളിലും വെള്ളം കയറി. അസ്കയിൽ നദി അപകടനിലയ്ക്ക് അടുത്താണ് ഒഴുകുന്നത്.
ഒറ്റപ്പെട്ട പ്രദേശങ്ങളിൽ നിന്ന് ആദ്യഘട്ടത്തിൽ 120 പേരെ എയർലിഫ്റ്റ് ചെയ്യാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. ഇതിനായി ഇന്ത്യൻ കോസ്റ്റ് ഗാർഡ് ആവശ്യമായ സൗകര്യങ്ങൾ ഒരുക്കും. എന്നാൽ, തുടർച്ചയായ മഴയും കാരണം വ്യോമ മാർഗമുള്ള രക്ഷാപ്രവർത്തനം വൈകാൻ സാധ്യതയുണ്ടെന്ന് ചീഫ് സെക്രട്ടറി പറഞ്ഞു. നദികളിൽ ജലനിരപ്പ് ഉയർന്നതിനാൽ ബോട്ടുകൾ ഉപയോഗിച്ചുള്ള രക്ഷാപ്രവർത്തനം ബുദ്ധിമുട്ടാണെന്നും ചീഫ് സെക്രട്ടറി വ്യക്തമാക്കി.
ഋഷികുല്യ നദിയിൽ 16.8 മീറ്ററാണ് അപകടനിലയെന്നിരിക്കേ ജലനിരപ്പ് 19 മീറ്ററിലെത്തി. ജലനിരപ്പ് ഇനിയും ഉയരാൻ സാധ്യതയുണ്ടെന്നാണ് സൂചന. ഗഞ്ചാം, ഗജപതി, കന്ധമാൽ എന്നീ ജില്ലകളിൽ മണ്ണിടിച്ചിലുമുണ്ടായി.
അയൽസംസ്ഥാനമായ ആന്ധ്രാപ്രദേശിലെ ശ്രീകാകുളം ജില്ലയിൽ കനത്ത മഴയെ തുടർന്ന് ട്രെയ്ൻ സർവീസുകളും തടസപ്പെട്ടു. റെയ്ൽവേ പാലം വെള്ളത്തിനടിയിലായതോടെ ഇരുവശത്തേക്കുമുള്ള ട്രെയ്ൻ ഗതാഗതം നിലച്ചു. കുടുങ്ങിക്കിടക്കുന്ന യാത്രക്കാരെ റോഡ് മാർഗം രക്ഷപ്പെടുത്താനാണ് അധികൃതരുടെ ശ്രമം. അതിന് സാധിച്ചില്ലെങ്കിൽ സമീപത്തെ റെയ്ൽവേ സ്റ്റേഷനുകളിൽ യാത്രക്കാർക്ക് ആവശ്യമായ സൗകര്യങ്ങൾ ഒരുക്കും.
ചുഴലിക്കാറ്റിന്റെ ആഘാതം നേരിടാൻ ഒഡിശയ്ക്കും മറ്റു സംസ്ഥാനങ്ങൾക്കും സാധ്യമായ എല്ലാ സഹായവും നൽകുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഉറപ്പുനൽകിയതായി മുഖ്യമന്ത്രി മോഹൻ ചരൺ മാജി അറിയിച്ചു.