
സൈപ്രസിന്റെ 'ഗ്രാൻഡ് ക്രോസ് ഓഫ് ദി ഓർഡർ ഓഫ് മകരിയോസ് III' എന്ന ബഹുമതി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പ്രസിഡന്റ് നിക്കോസ് ക്രിസ്റ്റോഡൗലിഡ്സ് സമ്മാനിക്കുന്നു
നിക്കോഷ്യ: സൈപ്രസിന്റെ 'ഗ്രാൻഡ് ക്രോസ് ഓഫ് ദി ഓർഡർ ഓഫ് മകരിയോസ് III' എന്ന ബഹുമതി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പ്രസിഡന്റ് നിക്കോസ് ക്രിസ്റ്റോഡൗലിഡ്സ് സമ്മാനിച്ചു. ഇന്ത്യ- സൈപ്രസ് ബന്ധം വളര്‍ത്തുന്നതില്‍ നല്കിയ സംഭാവന പരിഗണിച്ചാണ് പുരസ്കാരം.
140 കോടി ഇന്ത്യക്കാരുടെ പേരിൽ ബഹുമതി സ്വീകരിച്ച് പ്രസിഡന്റിനും ഗവൺമെന്റിനും സൈപ്രസിലെ ജനങ്ങൾക്കും മോദി നന്ദി അറിയിച്ചു. പരസ്പര വിശ്വാസത്തിലും മൂല്യങ്ങളിലും അധിഷ്ഠിതമായ ഇന്ത്യ- സൈപ്രസ് ദീർഘകാല ബന്ധത്തിന് അദ്ദേഹം പുരസ്കാരം സമർപ്പിച്ചു. ആഗോള സമാധാനത്തിനും പുരോഗതിക്കും വേണ്ടിയുള്ള ഇന്ത്യയുടെ ദർശനത്തെ നയിക്കുന്ന 'വസുധൈവ കുടുംബകം' അല്ലെങ്കിൽ 'ലോകം ഒരു കുടുംബം' എന്ന പുരാതന തത്ത്വചിന്തയ്ക്കുള്ള അംഗീകാരമാണ് ഈ അവാർഡെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്ത്യ സന്ദർശിക്കാൻ പ്രസിഡന്റ് ക്രിസ്റ്റോഡൗലിഡ്സിനെ പ്രധാനമന്ത്രി ക്ഷണിച്ചു.
സൈപ്രസിന്റെ ആദ്യ പ്രസിഡന്റ് ആര്‍ച്ച് ബിഷപ്പ് മകാരിയോസ് മൂന്നാമന്റെ പേരിലുള്ള പുരസ്കാരമാണ് മോദിക്ക് നല്‍കിയത്. 1991 മുതലാണ് ഇതു നൽകിത്തുടങ്ങിയത്. പുരസ്കാരത്തിന് വിവിധ റാങ്കുകളുണ്ട്. ഇതില്‍ ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ പുരസ്കാരമാണ് ഗ്രാന്‍ഡ് ക്രോസ്. ഏറ്റവും മുകളില്‍ ഗ്രാന്‍ഡ് കോളര്‍ എന്ന പുരസ്കാരമാണ്. ഗ്രാന്‍ഡ് കമാന്‍ഡര്‍, കമാന്‍ഡര്‍, ഓഫിസര്‍, നൈറ്റ് എന്നിവയുമുണ്ട്. മുന്‍ രാഷ്ട്രപതി ഡോ. പ്രണബ് മുഖര്‍ജിക്ക് ഗ്രാന്‍ഡ് കോളര്‍ പുരസ്കാരം സൈപ്രസ് സമ്മാനിച്ചിരുന്നു.
രണ്ടു പതിറ്റാണ്ടിനിടെ സൈപ്രസിലെത്തുന്ന ആദ്യ ഇന്ത്യന്‍ പ്രധാനമന്ത്രിയാണ് നരേന്ദ്ര മോദി. അദ്ദേഹത്തെ സ്വീകരിക്കാന്‍ പ്രോട്ടോകോള്‍ മറികടന്ന് സൈപ്രസ് പ്രസിഡന്റ് നേരിട്ടെത്തിയതു ലോകശ്രദ്ധ നേടി. വ്യാപാരം, സുരക്ഷ, സാങ്കേതിക വിദ്യ, പ്രതിരോധം തുടങ്ങിയവയിലെ സഹകരണം ശക്തിപ്പെടുത്തുന്നതു സംബന്ധിച്ച് ഇരുനേതാക്കളും ചര്‍ച്ച നടത്തി.
സൈപ്രസിലെ വിവിധ കമ്പനികളുടെ സിഇഒമാരുമായി മോദി കൂടിക്കാഴ്ച നടത്തി. ഇന്ത്യയിലെ നിക്ഷേപ സാധ്യതകള്‍ പ്രയോജനപ്പെടുത്താന്‍ സൈപ്രസിലെ കമ്പനികളോട് ആഹ്വാനം ചെയ്തു. വിദേശകാര്യമന്ത്രി ഡോ. എസ്. ജയശങ്കർ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ എന്നിവരടക്കമുള്ളവർ മോദിക്കൊപ്പമുണ്ടായിരുന്നു.