എയർ കേരളയ്ക്ക് പറന്നുയരാൻ 20 റഷ്യൻ വിമാനങ്ങൾ

50 വിമാനങ്ങൾ പിനാക്കിൾ എയറിനും 35 വിമാനങ്ങൾ സ്ലീക്ക് എയറിനും ലഭിക്കും
Ilyushin I1 114-300 aircraft


ഇല്യൂഷിൻ

ഐ1 114-300 വിമാനം

Updated on

ന്യൂഡൽഹി: കേരളത്തിന്‍റെ "സ്വന്തം' വിമാനക്കമ്പനി എയർ കേരളയ്ക്ക് റഷ്യൻ വിമാനങ്ങളെത്തുന്നു. ഡൽഹിയിൽ നടക്കുന്ന ഇന്നൊപ്രോം പ്രദർശന പരിപാടിയുടെ ഭാഗമായി ഒപ്പുവച്ച കരാറുകളിലാണു എയർ കേരളയും ഉൾപ്പെട്ടിട്ടുണ്ടെന്നു റഷ്യയുടെ പ്രഖ്യാപനം.

മൂന്ന് ഇന്ത്യൻ കമ്പനികൾക്കായി ഐ1-114-300 വിഭാഗത്തിൽപ്പെട്ട 105 വിമാനങ്ങൾ നൽകുമെന്നു റഷ്യൻ വിമാന നിർമാതാക്കളായ യുനൈറ്റഡ് എയർക്രാഫ്റ്റ് കോർപ്പറേഷൻ (യുഎസി) അറിയിച്ചു. ഇതിൽ 20 വിമാനങ്ങളാണ് കേരളത്തിന്‍റെ ആദ്യ അൾട്രാ ലോ ബജറ്റ് വിമാനക്കമ്പനിയായ എയർ കേരളയ്ക്ക് ലഭിക്കുന്നത്. ഇന്ത്യയിലെ ഉഡാൻ പദ്ധതിയടക്കം പ്രാദേശിക വിമാന സർവീസുകൾ ശക്തിപ്പെടുത്താൻ ഇതു സഹായിക്കുമെന്നു യുഎസി.

ഇല്യൂഷിൻ ഐ1 114-300 വിമാനം

റഷ്യൻ സർക്കാരിനു കീഴിലുള്ള റോസ്റ്റെക് സ്റ്റേറ്റ് കോർപ്പറേഷനു കീഴിൽ യുനൈറ്റഡ് എയർ ക്രാഫ്റ്റ് കോർപ്പറേഷൻ നിർമിച്ച ചെറു യാത്രാ വിമാനം. രണ്ടു നിരകളിലായി രണ്ടു സീറ്റുകൾ വീതമുള്ള വിമാനത്തിൽ 64-68 പേർക്കു കയറാം. നീളം കുറഞ്ഞ റൺവേയും പരിമിതമായ സൗകര്യങ്ങളുമുള്ള വിമാനത്താവളങ്ങളിലും സർവീസിന് യോഗ്യം. ഒറ്റത്തവണ ഇന്ധനം നിറച്ചാൽ 1400 കിലോമീറ്റർ വരെ പറക്കും.

എയർ കേരള

സിയാലിന്‍റെ അനുബന്ധ കമ്പനിയായി കേരള സർക്കാർ രൂപം നൽകിയ പദ്ധതി. പിന്നീടു യുഎഇ ആസ്ഥാനമായി അഫി അഹമ്മദിന്‍റെ ഉട‌മസ്ഥതയിലുള്ള സെറ്റ് ഫ്ലൈ ഏവിയേഷൻ എയർ കേരളയുടെ ഡൊമെയ്ൻ നാമവും ബ്രാൻഡും ഏറ്റെടുത്തു. 2024 ജൂലൈയിൽ സിവിൽ വ്യോമയാന മന്ത്രാലയത്തിന്‍റെ എതിർപ്പില്ലാ രേഖ (എൻഒസി) ലഭിച്ചു. 2025 മേയിൽ ഇന്‍റർനാഷണൽ എയർ ട്രാൻസ്പോർട്ട് അസോസിയേഷനിൽ (അയാട്ട) നിന്ന് വിമാന സർവീസിനുള്ള എയർലൈൻ കോഡും ലഭിച്ചിരുന്നു."കേരള ഡ്രീം' എന്നതിന്‍റെ ചുരുക്കമായ ‘കെഡി’ എന്ന കോഡാണ് ലഭിച്ചത്.

logo
Metro Vaartha
www.metrovaartha.com