

വിശദീകരണവുമായി തെരഞ്ഞെടുപ്പ് കമ്മിഷൻ
ന്യൂഡൽഹി: വോട്ടർപട്ടികയിലെ പ്രത്യേക തീവ്ര പരിഷ്കരണത്തിൽ (എസ്ഐആർ) 13 കോടിയിലധികം വോട്ടർമാരെ നീക്കം ചെയ്തെന്ന പ്രതിപക്ഷ ആരോപണത്തിൽ വ്യക്തത വരുത്തി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷൻ. പരിശോധനാ നടപടികൾക്കിടെ വിവിധ വിഭാഗങ്ങളിലായി വേർതിരിച്ച വോട്ടർമാരുടെ വിവരങ്ങളാണിതെന്നും യോഗ്യരായ വോട്ടർമാർക്ക് പേര് ഉൾപ്പെടുത്താൻ കൃത്യമായ സംവിധാനങ്ങൾ ലഭ്യമാണെന്നും കമ്മിഷൻ അറിയിച്ചു.
എസ്ഐആർ നടപടികളുടെ മൂന്നു ഘട്ടങ്ങളിലായി 95.40 കോടി വോട്ടർമാരുടെ വിവരങ്ങളാണു പരിശോധിച്ചതെന്നു വ്യക്തമാക്കുന്ന കണക്കുകളാണു കമ്മിഷൻ പുറത്തുവിട്ടത്. ഇതിൽ 13.39 കോടി വോട്ടർമാരെ എഎസ്ഡിഡി വിഭാഗങ്ങളിൽ ഉൾപ്പെടുത്തിയത്.
കമ്മിഷന്‍റെ കണക്കുകൾ പ്രകാരം അസാന്നിധ്യം, കണ്ടത്താനാവാത്തവർ (എ)- 3.01 കോടി, സ്ഥിരമായി താമസം മാറിയവർ (എസ്)- 6.30 കോടി, ഡി (മരണമടഞ്ഞവർ)-2.80 കോടി, ഇരട്ടിപ്പുള്ളവർ (ഡി): 1.02 കോടി എന്നിങ്ങനെയാണ് ഒഴിവാക്കപ്പെട്ടവരുടെ കണക്ക്. മറ്റു വിഭാഗങ്ങളിലായി 0.26 കോടി പേരും ഒഴിവാക്കപ്പെട്ടവരിലുണ്ട്.
വിവിധ സംസ്ഥാനങ്ങളിലായി 10 ലക്ഷത്തിലധികം വരുന്ന ബൂത്ത് തല ഉദ്യോഗസ്ഥർ (ബിഎൽഒ) നടത്തിയ സമഗ്രമായ പരിശോധനയ്ക്ക് ശേഷമാണ് എഎസ്ഡിഡി പട്ടിക തയാറാക്കിയത്. രാഷ്ട്രീയ പാർട്ടികളുടെ 22 ലക്ഷത്തിലധികം വരുന്ന ബൂത്ത് തല ഏജന്‍റുമാർക്ക് (ബിഎൽഎ) ഈ പട്ടിക ബൂത്ത് അടിസ്ഥാനത്തിൽ കൈമാറിയിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു.
കരട് വോട്ടർപട്ടിക പ്രസിദ്ധീകരിച്ച ശേഷം അവകാശവാദങ്ങളും എതിർപ്പുകളും ഉന്നയിക്കാൻ വോട്ടർമാർക്ക് ഒരു മാസത്തെ സമയം നൽകിയിരുന്നു. ഈ കാലയളവിൽ യോഗ്യരായ വോട്ടർമാർക്ക് പേര് ചേർക്കാനും അയോഗ്യരായവരെ ഒഴിവാക്കാൻ എതിർപ്പ് അറിയിക്കാനും അവസരമുണ്ടായിരുന്നു. പരിശോധനയ്ക്കിടെ യോഗ്യനായ ഒരു വോട്ടറുടെ പേര് അബദ്ധത്തിൽ വിട്ടുപോയിട്ടുണ്ടെങ്കിൽ, പരാതികൾ പരിഹരിക്കുന്ന ഘട്ടത്തിലൂടെയോ പിന്നീട് ഫോം 6 ഉപയോഗിച്ചോ പേര് ഉൾപ്പെടുത്താൻ സൗകര്യമുണ്ട്. നിശ്ചിത നടപടിക്രമങ്ങൾ പൂർത്തിയാക്കിയിട്ടും അന്തിമ വോട്ടർപട്ടികയിൽ പേര് വന്നിട്ടില്ലെങ്കിൽ, ബന്ധപ്പെട്ട ഡെപ്യൂട്ടി കമ്മിഷണർക്കോ/ജില്ലാ കലക്റ്റർക്കോ, ചീഫ് ഇലക്റ്ററൽ ഓഫിസർക്കോ അപ്പീൽ നൽകാൻ സാധിക്കുമെന്നും കമ്മിഷൻ വ്യക്തമാക്കി.