'ഇന്ത്യ കുത്തക അനുവദിക്കുന്നില്ല'

സ്റ്റാര്‍ലിങ്ക് ലൈസന്‍സ് തടയുന്നുവെന്ന മസ്‌കിന്‍റെ പരാമര്‍ശത്തോട് പ്രതികരിച്ച് സിന്ധ്യ
  Union Minister for Information and Broadcasting Jyotiraditya Scindia

കേന്ദ്ര വാര്‍ത്താവിനിമയ മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ

Updated on: 

ന്യൂഡല്‍ഹി: സാറ്റലൈറ്റ് കമ്മ്യൂണിക്കേഷന്‍ മേഖലയില്‍ ഇന്ത്യ കുത്തക അനുവദിക്കില്ലെന്ന് കേന്ദ്ര വാര്‍ത്താവിനിമയ മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ വ്യക്തമാക്കി. തങ്ങളുടെ കമ്പനിക്കുള്ള അനുമതികള്‍ നിക്ഷിപ്ത താത്പര്യക്കാര്‍ തടയുകയാണെന്ന് സ്‌പേസ് എക്‌സ്, സ്റ്റാര്‍ലിങ്ക് മേധാവി ഇലോണ്‍ മസ്‌ക് ആരോപിച്ച സാഹചര്യത്തിലാണ് സര്‍ക്കാരിന്‍റെ നിലപാട് മന്ത്രി വ്യക്തമാക്കിയത്.

റിലയന്‍സ് ജിയോ, വണ്‍വെബ്, സ്റ്റാര്‍ലിങ്ക് എന്നീ മൂന്ന് കമ്പനികള്‍ക്ക് ലൈസന്‍സ് ലഭിച്ചതായും, ആമസോണും ഈ മേഖലയിലേക്ക് കടന്നുവരാന്‍ താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ടെന്നും എന്നാല്‍ അവര്‍ നിശ്ചിത നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കേണ്ടതുണ്ടെന്നും സിന്ധ്യ പറഞ്ഞു.

സാറ്റലൈറ്റ് കമ്മ്യൂണിക്കേഷന്‍ സേവനങ്ങള്‍ നല്‍കാന്‍ ആഗ്രഹിക്കുന്ന എല്ലാ ഓപ്പറേറ്റര്‍മാര്‍ക്കും ലൈസന്‍സ് നല്‍കിയിട്ടുണ്ടെന്നും, സര്‍ക്കാര്‍ ഏതെങ്കിലും ഒരു കമ്പനിയെ മാത്രം അനുകൂലിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

ഉപഗ്രഹ ആശയവിനിമയ സേവനങ്ങളുടെ നിരക്ക് നിശ്ചയിക്കുന്നതിനുള്ള ചട്ടക്കൂട് അന്തിമമാക്കുന്നതിനോട് ഇന്ത്യ അടുത്തെത്തിയിരിക്കുകയാണെന്ന് സിന്ധ്യ കൂട്ടിച്ചേര്‍ത്തു. ലേലത്തിലൂടെയല്ലാതെ ഭരണപരമായ നടപടിക്രമങ്ങളിലൂടെ സ്‌പെക്‌ട്രം അനുവദിക്കാന്‍ തീരുമാനിച്ചതിനെത്തുടര്‍ന്ന്, നിരക്ക് നിശ്ചയിക്കുന്ന രീതിയെക്കുറിച്ച് ടെലികോം വകുപ്പും ടെലികോം റെഗുലേറ്ററി അതോറിറ്റി ഒഫ് ഇന്ത്യയും ചര്‍ച്ചകള്‍ നടത്തിവരികയാണ്. വാണിജ്യാടിസ്ഥാനത്തിലുള്ള പ്രവര്‍ത്തനം ആരംഭിക്കുന്നതിന് മുന്‍പ്, നിശ്ചയിച്ചിട്ടുള്ള സുരക്ഷാ മാനദണ്ഡങ്ങളും നിര്‍ദിഷ്ട ഘട്ടങ്ങളും ഓരോ ഓപ്പറേറ്ററും സ്വതന്ത്രമായി പൂര്‍ത്തിയാക്കേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു.

logo
Metro Vaartha
www.metrovaartha.com