
നരേന്ദ്ര മോദി അമ്മ ഹീരാബെൻ മോദിക്കൊപ്പം
File picture
ന്യൂഡൽഹി: ആർജെഡി-കോൺഗ്രസ് വേദികളിൽ തനിക്കെതിരേ ഉണ്ടായ അധിക്ഷേപങ്ങൾക്കെതിരേ വൈകാരികമായി പ്രതികരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബിഹാറിലെ കോൺഗ്രസ്-ആർജെഡി വേദികളിൽ തന്‍റെ അമ്മയെ പോലും അധിക്ഷേപിച്ചുവെന്നും ആ നിമിഷം അത്യന്തം വേദനാജനകമായിരുന്നുവെന്നും മോദി പറഞ്ഞു. വോട്ടർ അധികാർ യാത്രക്കിടെ കോൺഗ്രസ് അനുയായികൾ മോദിയുടെ അമ്മയെക്കുറിച്ച് മോശമായി സംസാരിക്കുന്ന വിഡിയോകൾ പുറത്തു വന്നിരുന്നു.
മരിച്ചു പോയ തന്‍റെ അമ്മയെം അധിക്ഷേപിച്ചതിലൂടെ എല്ലാ അമ്മമാരെയും സഹോദരിമാരെയുംമാണ് പ്രതിപക്ഷ സഖ്യം അപമാനിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ബിഹാർ രാജ്യ ജീവിക നിധി സാഖ് സാഖേരി സംഗ് ലിമിറ്റഡിന്‍റെ ലോഞ്ചിങ് വേദിയിൽ സംസാരിക്കുകയായിരുന്നു മോദി. കടുത്ത ദാരിദ്ര്യത്തോട് പടവെട്ടിയാണ് തന്‍റെ അമ്മ ഹീരാബെൻ മോദി തന്നെയും സഹോദരങ്ങളെയും വളർത്തിയത്. അസുഖബാധിതയായപ്പോഴും അവർ ജോലി ചെയ്തു കൊണ്ടിരുന്നു. കിട്ടുന്ന പൈസയെല്ലാം കൂട്ടി വച്ച് ഞങ്ങൾക്കു വേണ്ടി വസ്ത്രങ്ങൾ വാങ്ങി. അതു പോലുള്ള കോടിക്കണക്കിന് അമ്മമാരുണ്ട് നമ്മുടെ നാട്ടിൽ. ദേവിമാരെക്കാളും ദേവന്മാരെക്കാളും മുകളിലാണ് അമ്മയുടെ സ്ഥാനമെന്നും മോദി പറഞ്ഞു.
രാജകുടുംബങ്ങളിൽ പിറന്ന രാജകുമാരന്മാർക്ക് അത്തരത്തിലുള്ള അമ്മമാരുടെയും മക്കളുടെയും ബുദ്ധിമുട്ടുകളെക്കുറിച്ച് അറിയില്ലായിരിക്കാം. അവരെല്ലാം വായിൽ സ്വർണക്കരണ്ടിയും വെള്ളിക്കരണ്ടിയുമായി ജനച്ചവരാണ്. ബിഹാറിലെ അധികാരം അവരുടെ കുടുംബത്തിന്‍റെ വകയാണെന്നാണ് അവർ കരുതുന്നത്. എന്നാൽ നിങ്ങൾ യാതൊരു പ്രത്യേക അവകാശങ്ങളുമില്ലാത്ത ഒരു അമ്മയുടെ മകനെ പ്രധാനമന്ത്രിയാക്കി മാറ്റി. അവർക്കത് ദഹിച്ചില്ലെന്നും രാഹുൽഗാന്ധി , തേജസ്വി യാദവ് എന്നിവരെ പരോക്ഷമായി പരാമർശിച്ചു കൊണ്ട് മോദി പറഞ്ഞു.