
ഗുജറാത്ത്: ഇന്ത്യയിൽ ക്യാംപസ് സ്ഥാപിക്കുന്ന ആദ്യ വിദേശ സർവകലാശാലയാകാൻ ഒരുങ്ങി ഡീക്കിങ് യൂണിവേഴ്സിറ്റി. ഇതിനായുള്ള അപേക്ഷ ഇന്‍റർനാഷണൽ ഫിനാൻഷ്യൽ സർവീസസ് സെന്‍റർ അതോറിറ്റിക്ക് (ഐഎഫ്എസ്ഇഎ) സമർപ്പിച്ചു. അനുവാദം ലഭിച്ചാൽ ഗുജറാത്തിലെ ഗിഫ്റ്റ് സിറ്റിയിലായിരിക്കും ഡീക്കിങ്ങിന്‍റെ ക്യാംപസ് സ്ഥാപിക്കുക.
ഈ ആഴ്ച അവസാനം ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആന്തണി അൽബനീസ് ഗുജറാത്ത് സന്ദർശിക്കുന്നുണ്ട്. ഔദ്യോഗിക പ്രഖ്യാപനം ആ വേളയിൽ ഉണ്ടാകുമെന്നാണു പ്രതീക്ഷിക്കപ്പെടുന്നത്. ഡീക്കിങ് യൂണിവേഴ്സിറ്റിയുടെ അപേക്ഷ പരിശോധിച്ചു വരികയാണെന്നു ഐഎഫ്എസ്ഇഎ അധികൃതർ വ്യക്തമാക്കി. ഇതിനോടകം നിരവധി വിദേശ യൂണിവേഴ്സിറ്റികൾ ഗുജറാത്തിലെ ഗിഫ്റ്റ് സിറ്റിയിൽ ക്യാംപസ് തുടങ്ങുന്നതിനുള്ള താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. എന്നാൽ ഔദ്യോഗിക അപേക്ഷയുമായി മുന്നോട്ടു വന്നത് ഡീക്കിങ് യൂണിവേഴ്സിറ്റിയാണ്.
വിദേശ സർവകലാശാലകൾക്ക് ഗുജറാത്ത് ഗിഫ്റ്റ് സിറ്റിയിൽ പ്രവർത്തനം തുടങ്ങാനുള്ള അനുമതി നൽകുമെന്നു ധനമന്ത്രി നിർമല സീതാരാമൻ ബജറ്റിൽ പ്രഖ്യാപിച്ചിരുന്നു.