മലയാളി അടക്കം നാലു ഇന്ത്യൻ നാവികരുടെ മരണം; റഷ്യൻ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി പ്രതിഷേധം അറിയിച്ച് ഇന്ത്യ

അതേസമയം ആക്രമണത്തെ അപലപിച്ചു കൊണ്ടുള്ള പ്രസ്താവനയിൽ റഷ്യയുടെ പേരെടുത്ത് പറഞ്ഞിട്ടില്ല
Malayali sailor killed in Russian attack (File photo)

റഷ്യൻ ആക്രമണത്തിൽ കൊല്ലപ്പെട്ട മലയാളി നാവികൻ (ഫയൽ ചിത്രം)

Updated on

ന്യൂഡൽഹി: യുക്രെയ്ൻ തീരത്തിന് സമീപം ചരക്കുകപ്പലായ എംവി ഗോൾഡൻ ലിയോയ്ക്ക് നേരെയുണ്ടായ ആക്രമണത്തിൽ മലയാളി അടക്കം നാലു ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവത്തിൽ റഷ്യയുടെ ചാർജ് ഡി അഫയേഴ്സിനെ വിളിച്ചുവരുത്തി ശക്തമായ പ്രതിഷേധം അറിയിച്ച് വിദേശകാര്യ മന്ത്രാലയം. ചൊവ്വാഴ്ച വിദേശകാര്യ മന്ത്രാലയത്തിലേക്ക് നേരിട്ട് വിളിച്ചുവരുത്തിയാണ് പ്രതിഷേധം അറിയിച്ചത്.

സംഭവത്തിൽ ഇന്ത്യയുടെ ഗുരുതരമായ ആശങ്കയും വ്യക്തമായ അപലപനവും റഷ്യൻ ചാർജ് ഡി അഫയേഴ്സ് വ്ലാദിമിർ ലദാനോവിനെ അറിയിച്ചതായി വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു. വാണിജ്യ കപ്പലുകൾക്ക് നേരെയുള്ള ഇത്തരം ആക്രമണങ്ങൾ അന്താരാഷ്ട്ര സമുദ്രവ്യാപാരത്തിന്‍റെ സുരക്ഷയും സ്ഥിരതയും തകർക്കുന്നതാണെന്ന് വിദേശകാര്യ മന്ത്രാലയം ചൂണ്ടിക്കാട്ടി.

നിരപരാധികളായ സാധാരണക്കാരുടെ ജീവൻ നഷ്ടപ്പെടാൻ ഇടയാക്കുന്ന രീതിയിൽ വാണിജ്യ കപ്പലുകളെ ലക്ഷ്യമിടുന്നത് അംഗീകരിക്കാനാകാത്തതാണെന്നും ഇത്തരം ആക്രമണങ്ങൾ ഒഴിവാക്കാൻ ആവശ്യമായ സന്ദേശം റഷ്യൻ അധികാരികൾക്ക് കൈമാറണമെന്നും വിദേശകാര്യ മന്ത്രാലയം ചാർജ് ഡി അഫയേഴ്സിനോട് ആവശ്യപ്പെട്ടു. അതേസമയം പ്രസ്താവനയിൽ റഷ്യയുടെ പേരെടുത്ത് പറഞ്ഞിട്ടില്ല.

ഞായറാഴ്ച യുക്രെയ്ൻ സമുദ്ര ഇടനാഴിയിലൂടെ സഞ്ചരിച്ചിരുന്ന ഗിനിയ-ബിസാവു പതാകയേന്തിയ എംവി ഗോൾഡൻ ലിയോ എന്ന ചരക്കുകപ്പലാണ് റഷ്യൻ ക്രൂസ് മിസൈൽ ആക്രമണത്തിൽ തകർന്നത്. കപ്പലിൽ ആകെ 17 ജീവനക്കാരുണ്ടായിരുന്നുവെന്നും അതിൽ അഞ്ചു പേർ ഇന്ത്യൻ പൗരന്മാരായിരുന്നുവെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചിരുന്നു. കാസര്‍കോട് വെള്ളരിക്കുണ്ട് എകെജി നഗര്‍ സ്വദേശി അഖില്‍ ജോയന്‍ (26) ആണ് മരിച്ച മലയാളി. സംഭവം ഇന്ത്യൻ എംബസി സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നും സാധ്യമായ എല്ലാ സഹായവും ലഭ്യമാക്കാൻ ശ്രമിക്കുന്നുണ്ടെന്നും മന്ത്രാലയം അറിയിച്ചു.

logo
Metro Vaartha
www.metrovaartha.com