സുശാന്ത് സിങ്ങിന്‍റെ മുൻ മാനേജരുടെ മരണം; ആദിത്യ താക്കറെയ്ക്ക് 500 കോടിയുടെ വക്കീൽ നോട്ടീസ്

ദിഷയുടെ പിതാവ് സതീഷ് സാലിയൻ ആണ് 500 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് നോട്ടീസ് അയച്ചത്
Death of Sushant Singh's former manager: Rs 500 crore legal notice to Aaditya Thackeray.

സുശാന്ത് സിങ്ങിന്‍റെ മുൻ മാനേജരുടെ മരണം; ആദിത്യ താക്കറെയ്ക്ക് 500 കോടിയുടെ വക്കീൽ നോട്ടീസ്

Updated on

മുംബൈ: അന്തരിച്ച ബോളിവുഡ് നടൻ സുശാന്ത് സിങ് രജ്പുത്തിന്‍റെ മുൻ മാനേജർ ദിഷ സാലിയന്‍റെ മരണത്തിൽ ശിവസേന നേതാവ് ആദിത്യ താക്കറെയ്ക്കും മഹാരാഷ്ട്ര മുൻ ആഭ്യന്തര മന്ത്രി അനിൽ ദേശ്മുഖിനും 500 കോടി രൂപയുടെ വക്കീൽ നോട്ടീസ്. ദിഷയുടെ പിതാവ് സതീഷ് സാലിയൻ ആണ് 500 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് നോട്ടീസ് അയച്ചത്.

നീതിക്ക് വേണ്ടിയുള്ള സതീഷ് സാലിയന്‍റെ ശ്രമത്തെ രാഷ്ട്രീയ പ്രേരിതമാണെന്ന് ചിത്രീകരിക്കാൻ ഇരു നേതാക്കളും ശ്രമിച്ചതായി നോട്ടീസിൽ പറയുന്നു. കേസിൽ ഏതാനും ദിവസങ്ങൾ മുൻപ് സിബിഐ എഫ്ഐആർ രജിസ്റ്റർ ചെയ്തിരുന്നു. എഫ്ഐആറിൽ ആദിത്യ താക്കറെയും പ്രതി ചേർത്തിട്ടുണ്ട്. ഇതിനു പിന്നാലെയാണ് സതീഷ് സാലിയൻ‌ വക്കീൽ നോട്ടീസ് അയച്ചത്. സതീഷ് സാലിയന്‍റെ ഹർജിയെ തുടർന്ന് ബോംബെ ഹൈക്കോടതിയാണ് സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടത്.

2020 ജൂൺ എട്ടിനാണ് മുംബൈയിലെ മലാഡിലെ ബഹുനില പാർപ്പിട സമുച്ചയത്തിന്‍റെ 14ാം നിലയിൽ നിന്ന് വീണ് ദിഷ മരിച്ചത്. എന്നാൽ അന്വേഷണം നടത്തിയ മുംബൈ പൊലീസ് ആത്മഹത്യയാണെന്ന് പറഞ്ഞ് കേസ് അവസാനിപ്പിച്ചു. എന്നാൽ മകൾ കൂട്ടബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ടതാണെന്ന് ആരോപിച്ച് സതീഷ് സാലിയൻ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ദിഷയുടെ മരണം നടന്ന് ആറ് ദിവസങ്ങൾക്ക് ശേഷം സുശാന്തും ദുരൂഹ സാഹചര്യത്തിൽ മരിച്ചു. ദിഷയുടെയും സുശാന്തിന്‍റെയും മരണങ്ങൾക്ക് തമ്മിൽ ബന്ധമുണ്ടെന്നും സതീഷ് സാലിയൻ ആരോപിച്ചിരുന്നു.

ദിഷ സാലിയൻ കേസിൽ സിബിഐ ഇതിനകം അന്വേഷണം നടത്തിക്കഴിഞ്ഞെന്നും തനിക്ക് ക്ലീൻ‌ ചിറ്റ് നൽകിയെന്നും ആദിത്യ താക്കറെ വ്യാജ അവകാശവാദം ഉന്നയിക്കുന്നുണ്ടെന്ന് നോട്ടീൽ പറയുന്നു. ആദിത്യ താക്കറെയെ അപകീർത്തിപ്പെടുത്താനുള്ള ഗൂഢാലോചനയാണ് ദിഷ സാലിയൻ കേസെന്ന് അനിൽ ദേശ്മുഖ് പ്രസ്താവന നടത്തിയെന്നും നോട്ടീസിൽ വ്യക്തമാക്കിയിട്ടുണ്ട്. വിഷയത്തിൽ നിരുപാധികം മാപ്പ് എഴുതി നൽകണമെന്നാണ് സതീഷ് സാലിയന്‍റെ ആവശ്യം. കൂടാതെ എല്ലാ പ്രധാനപ്പെട്ട അച്ചടി, ദൃശ്യ, ഡിജിറ്റൽ മാധ്യമങ്ങളിൽ മാപ്പ് പ്രസിദ്ധീകരിക്കണമെന്നും സതീഷ് സാലിയൻ പറയുന്നു.

അതേസമയം ദിഷ സാലിയനുമായി ബന്ധമുണ്ടെന്ന വാദങ്ങൾ ആദിത്യ താക്കറെ ബുധനാഴ്ച നിഷേധിച്ചു. സിബിഐ എഫ്ഐആറിൽ പ്രതി ചേർത്തതിന് പിന്നാലെയാണ് ആദിത്യയുടെ പ്രതികരണം. താൻ ഒരിക്കലും ദിഷയെ കണ്ടിട്ടില്ലെന്നും അവരുമായി ബന്ധമില്ലെന്നും ആദിത്യ എക്സിൽ കുറിച്ചു.

logo
Metro Vaartha
www.metrovaartha.com