15 പ്രതികൾക്ക് ഒരുമിച്ച് തൂക്കുകയർ വിധിക്കുന്നത് കേരളത്തിൽ ആദ്യം

രാജ്യത്തെ മുഴുവൻ കണക്കുകൾ എടുക്കുമ്പോൾ ഇതിനു മുൻപ് മൂന്നു കേസുകളിൽ പത്തിലധികം പ്രതികൾക്ക് വധശിക്ഷ വിധിച്ചിട്ടുണ്ട്.
15 പ്രതികൾക്ക്  ഒരുമിച്ച് തൂക്കുകയർ വിധിക്കുന്നത് കേരളത്തിൽ ആദ്യം

തിരുവനന്തപുരം: കേസിൽ പ്രതികളായ 15 പേർക്കും വധശിക്ഷയെന്ന് അത്യപൂർവമായ ശിക്ഷാ വിധിയാണ് മാവേലിക്കര അഡീഷണൽ സെഷൻസ് കോടതി ഇന്ന് പുറപ്പെടുവിച്ചിരിക്കുന്നത്. ബിജെപി നേതാവായിരുന്ന രൺജീത് ശ്രീനിവാസനെ വീട്ടിൽ കയറി അമ്മയും മക്കളും ഭാര്യയും നോക്കി നിൽക്കേ വെട്ടിക്കൊലപ്പെടുത്തിയ കേസിലാണ് വിധി. അത്യന്തം ഹീനമായ കുറ്റകൃത്യമാണ് നടന്നതെന്നും പ്രതികൾ ശിക്ഷ അർഹിക്കുന്നില്ലെന്നും കോടതി പരാമർശിച്ചു. കേരളത്തിൽ ഇതാദ്യമായാണ് ഇത്രയധികം പ്രതികൾക്ക് ഒന്നിച്ച് വധ ശിക്ഷ വിധിക്കുന്നത്.

പലപ്പോഴായി വധ ശിക്ഷയ്ക്ക് വിധിക്കപ്പെട്ട 21 പ്രതികളാണ് സംസ്ഥാനത്ത് വിവിധ ജയിലുകളിലായി ശിക്ഷ അനുഭവിക്കുന്നത്. ആലുവയിൽ അഞ്ചു വയസുകാരിയെ ക്രൂരമായ പീഡനത്തിനിരയാക്കി കൊലപ്പെടുത്തിയ കേസിലെ പ്രതി അസഫാക് ആലമിനെയാണ് ഇതിനു മുൻപ് വധശിക്ഷയ്ക്ക് വിധിച്ചിരിക്കുന്നത്. എന്നാൽ1991 ൽ റിപ്പർ ചന്ദ്രന്‍റെ വധശിക്ഷയാണ് അവസാനമായി നടപ്പിലാക്കിയിരിക്കുന്നത്.

അതേ സമയം രാജ്യത്തെ മുഴുവൻ കണക്കുകൾ എടുക്കുമ്പോൾ ഇതിനു മുൻപ് മൂന്നു കേസുകളിൽ പത്തിലധികം പ്രതികൾക്ക് വധശിക്ഷ വിധിച്ചിട്ടുണ്ട്. 2008ലെ അഹമ്മദാബാദ് സ്ഫോടനക്കേസിൽ 38 പ്രതികൾക്കാണ് വധശിക്ഷ വിധിച്ചത്. രാജീവ് ഗാന്ധി വധക്കേസിൽ 26 പേർക്ക് വധശിക്ഷ വിധിച്ചിരുന്നു. ബിഹാറിൽ ദളിത് കൂട്ടക്കൊലക്കേസിൽ 16 പ്രതികൾക്കും വധശിക്ഷ വിധിച്ചു.

അഹമ്മദാബാദ് സ്ഫോടന പരമ്പര

2008ലെ അഹമ്മദാബാദ് സ്ഫോടന പരമ്പരയിൽ 56 പേരാണ് കൊല്ലപ്പെട്ടത്. കേസിൽ 3 മലയാളികൾ ഉൾപ്പെടെ 38 പേർക്കാണ് അഹമ്മദാബാദ് പ്രത്യേക കോടതി വധശിക്ഷ വിധിച്ചത്. രാജ്യത്ത് ഇത്രയധികം പേർക്ക് ഒരുമിച്ച് വധശിക്ഷ വിധിച്ചത് ആദ്യമായിട്ടാണ്.

രാജീവ് ഗാന്ധി വധക്കേസ്

രാജീവ് ഗാന്ധി വധക്കേസിൽ 26 പ്രതികൾക്കാണ് വധശിക്ഷ വിധിച്ചത്. ടെററിസ്റ്റ് ആൻഡ് ഡിസ്റപ്റ്റീവ് ആക്റ്റിവിറ്റീസ് ആക്റ്റ് പ്രകാരമുള്ള വിചാരണയ്ക്കൊടുവിൽ 1998 ജനുവരി 28ന് ചെന്നൈയിലെ ടാഡ കോടതിയാണ് വധശിക്ഷ വിധിച്ചത്.

ബിഹാറിലെ ദളിത് കൂട്ടക്കൊല

1997ൽ ബിഹാറിലെ ലക്ഷ്മൺപുർ -ബാതെ ദളിത് കൂട്ടക്കൊലക്കേസിൽ 16 പേരെ കോടതി വധശിക്ഷക്ക് വിധിച്ചു. സംഭവത്തിൽ 10 കുട്ടികൾ അടക്കം 58 പേരാണ് കൊല്ലപ്പെട്ടത്. അഡീഷണൽ ജില്ലാ സെഷൻസ് ജഡ്ജിയാണ് വിധി പ്രസ്താവിച്ചത്.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com