വധഭീഷണി; പൊലീസ് സംരക്ഷണം തേടി ദിഷ സാലിയന്‍റെ പിതാവ്

ദിഷയുടെ മരണവുമായി ബന്ധപ്പെട്ട കേസിൽ പുതിയ ആരോപണങ്ങളും അന്വേഷണവും തുടരുന്നതിനിടെയാണ് സുരക്ഷ ആവശ്യപ്പെട്ടിരിക്കുന്നത്
Satheesh Salian

സതീഷ് സാലിയൻ

Updated on: 

മുംബൈ: അന്തരിച്ച ബോളിവുഡ് താരം സുശാന്ത് സിങ് രാജ്പുത്തിന്‍റെ സെലിബ്രിറ്റി മാനേജരായിരുന്ന ദിഷ സാലിയന്‍റെ പിതാവ് സതീഷ് സാലിയൻ പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് രംഗത്ത്. സതീഷ് സാലിയന് വധഭീഷണിയുണ്ടെന്നും അതിനാൽ പൊലീസ് സംരക്ഷണം വേണമെന്നും അദ്ദേഹത്തിന്‍റെ അഭിഭാഷകൻ നിലെഷ് ഓജ ആവശ്യപ്പെട്ടു. ദിഷയുടെ മരണവുമായി ബന്ധപ്പെട്ട കേസിൽ പുതിയ ആരോപണങ്ങളും അന്വേഷണവും തുടരുന്നതിനിടെയാണ് സുരക്ഷ ആവശ്യപ്പെട്ടിരിക്കുന്നത്.

2020ൽ മുംബൈയിലെ മാലഡിലെ കെട്ടിടത്തിൽ നിന്ന് വീണാണ് ദിഷ സാലിയൻ മരിച്ചത്. സംഭവത്തിൽ നേരത്തെ മുംബൈ പൊലീസ് അസ്വാഭാവികതയൊന്നും കണ്ടെത്തിയിരുന്നില്ല. എന്നാൽ പിന്നീട് ദിഷയുടെ പിതാവ് മകൾ ലൈംഗികാതിക്രമത്തിനിരയായി കൊല്ലപ്പെട്ടതാണെന്ന് ആരോപിച്ച് പുനരന്വേഷണം ആവശ്യപ്പെടുകയായിരുന്നു.

സതീഷ് സാലിയന്‍റെ ഹർജിയെ തുടർന്ന് സെപ്റ്റംബർ രണ്ടിന് ബോംബെ ഹൈക്കോടതി ദിഷയുടെ മരണത്തിൽ സിബിഐ അന്വേഷണത്തിന് നിർദേശം നൽകി. തുടർന്ന് സിബിഐ അദ്ദേഹത്തിന്‍റെ മൊഴി രേഖപ്പെടുത്തുകയും കേസിൽ എഫ്ഐആർ രജിസ്റ്റർ ചെയ്യുകയും ചെയ്തു. കേസിൽ നിർണായക വിവരങ്ങളും തെളിവുകളും പുറത്തുവരുന്നതിനാൽ സാക്ഷികളുടെയും ബന്ധപ്പെട്ടവരുടെയും സുരക്ഷ ഉറപ്പാക്കേണ്ടതുണ്ടെന്ന് അഭിഭാഷകൻ പറയുന്നു.

ഇതിനിടെ കേസുമായി ബന്ധപ്പെട്ട് സതീഷ് സാലിയൻ സിബിഐയ്ക്ക് പെൻഡ്രൈവും കൈമാറിയിരുന്നു. അതിൽ കേസുമായി ബന്ധപ്പെട്ട ഒരു സാക്ഷിയുടെ മൊഴിയും വീഡിയോ തെളിവുകളും ഉൾപ്പെടെ നാല് ഫയലുകളുണ്ടെന്ന് അഭിഭാഷകൻ അവകാശപ്പെട്ടു. ഇവ സിബിഐ പരിശോധിച്ചുവരികയാണ്.

logo
Metro Vaartha
www.metrovaartha.com