

ദീപക് പ്രകാശ്
പറ്റ്ന: ബിഹാർ നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിക്കാതെ മന്ത്രിയായ യുവാവുണ്ട് ദീപക് പ്രകാശ്. എൻഡിഎയുടെ സഖ്യകക്ഷിയായ രാഷ്ട്രീയ ലോക് മോർച്ച അധ്യക്ഷൻ ഉപേന്ദ്ര കുശ്വാഹയുടെയും സ്നേഹലത കുശ്വാഹയുടെയും മകനായ ദീപക് പ്രകാശാണ് സ്ഥാനാർഥിയാവാതെയും ജയിക്കാതെയും മന്ത്രി കസേരയിലെത്തിയത്. ഉപേന്ദ്ര കുശ്വാഹ രാജ്യസഭ എംപിയും സ്നേഹലത എംഎൽഎയുമാണ്.
രാഷ്ട്രീയ ലോക് മോർച്ച 6 സീറ്റിൽ മത്സരിക്കുകയും 4 സീറ്റിൽ ജയിക്കുകയും ചെയ്തു. മകനെ മന്ത്രിയാക്കണമെന്ന് ഉപേന്ദ്ര നിതീഷ് കുമാറിനോടും അമിത് ഷായോടും അഭ്യർത്ഥിച്ചിരുന്നു. ഇതേതുടർന്നാണ് മകനെ മന്ത്രിപദത്തിലെത്തിച്ചതെന്നാണ് സൂചന. സത്യപ്രതിജ്ഞ നടക്കുന്നതിന് അരമണിക്കൂർ മുൻപാണ് സംസ്ഥാനത്തെ യുവ മന്ത്രിയാകുന്ന കാര്യം ദീപക്ക് അറിഞ്ഞത്. 36 കാരനായ ദീപക് മണിപ്പാലിലെ എംഐടിയിൽ നിന്ന് ബിടെക് പൂർത്തിയാക്കിയ ശേഷം 4 വർഷത്തോളം ഐടി മേഖലയിലാണ് ജോലി ചെയ്തിരുന്നത്.
രാഷ്ട്രീയ വേരുള്ള കുടുംബത്തിലെ ആയതിനാൽ രാഷ്ട്രീയം വേഗത്തിൽ വഴങ്ങുമെന്ന് ദീപക്കിന്‍റെ അച്ഛൻ ഉപന്ദ്രേ കുശ്വാഹ പ്രതികരിച്ചു. തെരഞ്ഞെടുപ്പിൽ മത്സരിക്കാത്ത സ്ഥിതിക്ക് ദീപക്ക് അടുത്ത 6 മാസത്തിനുളള നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെടുകയോ, ബിഹാർ ലെജിസ്ലേറ്റിവ് കൗൺസിലിലേക്ക് തെരഞ്ഞെടുക്കപ്പെടുകയോ നാമനിർദേശം ചെയ്യാപ്പെടുകയോ വേണം.