

മിസൈൽ സാങ്കേതികവിദ്യ സ്വകാര്യ മേഖലയ്ക്ക് കൈമാറാൻ അനുമതി നൽകി പ്രതിരോധ മന്ത്രാലയം
ന്യൂഡൽഹി: രാജ്യത്ത് പ്രതിരോധ ഉൽപാദനം കൂടുതൽ ശക്തിപ്പെടുത്തുന്നതിന്‍റെ ഭാഗമായി, ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്‌മെന്‍റ് ഓർഗനൈസേഷൻ (ഡിആർഡിഒ) വികസിപ്പിച്ച എല്ലാ പരമ്പരാഗത മിസൈൽ സംവിധാനങ്ങളുടെയും സാങ്കേതികവിദ്യകൾ ഇന്ത്യൻ സ്വകാര്യ മേഖലയ്ക്ക് കൈമാറാൻ പ്രതിരോധമന്ത്രി രാജ്നാഥ് സിങ് അനുമതി നൽകി. പദ്ധതിയുടെ ഭാഗമായി യോഗ്യതയുള്ള പ്രതിരോധ കമ്പനികൾക്ക് മിസൈൽ സാങ്കേതികവിദ്യകൾ ഡിആർഡിഒ കൈമാറും.
സാങ്കേതികവിദ്യ കൈമാറ്റം പ്രതിരോധ മേഖലയിലെ ഇന്ത്യൻ വ്യവസായങ്ങളുടെ പങ്കാളിത്തം വർധിപ്പിക്കുന്നതിൽ സുപ്രധാന നാഴികക്കല്ലാണെന്ന് പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. ആവശ്യമായ യോഗ്യതകൾ, സർട്ടിഫിക്കേഷനുകൾ, നിയന്ത്രണ വ്യവസ്ഥകൾ എന്നിവ പാലിച്ചുകൊണ്ട് തദ്ദേശീയ ഉൽപാദനം നടത്താൻ ഇത് വ്യവസായങ്ങളെ പ്രാപ്തമാക്കും.
പുതിയ പദ്ധതിയുടെ ഭാഗമായി സ്വകാര്യ മേഖലയ്ക്ക് ഉൽപാദിപ്പിക്കാൻ അനുമതി ലഭിക്കുന്ന മിസൈലുകളുടെ പട്ടിക പ്രതിരോധ മന്ത്രാലയം ഇതുവരെ പുറത്തുവിട്ടിട്ടില്ല. ആകാശ് വ്യോമപ്രതിരോധ മിസൈൽ, അസ്ത്ര വ്യോമാക്രമണ മിസൈൽ, നാഗ ആന്‍റി ടാങ്ക് ഗൈഡഡ് മിസൈൽ തുടങ്ങിയ പരമ്പരാഗത ആയുധങ്ങളുടെ ഉൽപാദനത്തിന് സ്വകാര്യ മേഖലയ്ക്ക് അനുമതി ലഭിച്ചേക്കുമെന്നാണ് സൂചന.
മിസൈൽ സംവിധാനങ്ങളുടെ വികസനത്തിൽ നിന്ന് വ്യാവസായിക ഉൽപാദനത്തിലേക്കുള്ള വിജയകരമായ മാറ്റത്തിന് പുതിയ വ്യവസ്ഥ സഹായിക്കുമെന്ന് പ്രതിരോധ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. രാജ്യത്തെ ആഭ്യന്തര ഉൽപാദന ശേഷി വർധിപ്പിക്കുക, പ്രതിരോധ വ്യവസായ അടിത്തറ ശക്തിപ്പെടുത്തുക തുടങ്ങിയവയാണ് പദ്ധതിയുടെ ലക്ഷ്യങ്ങൾ. പ്രവർത്തന ശേഷി വർധിപ്പിക്കുക, ഇറക്കുമതിയെ ആശ്രയിക്കുന്നത് കുറയ്ക്കുക, ആഭ്യന്തര മൂല്യവർധന വർധിപ്പിക്കുക എന്നിവയ്ക്കും പദ്ധതി സഹായിക്കുമെന്ന് മന്ത്രാലയം വ്യക്തമാക്കി.