

ബലാത്സംഗ കേസിൽ നിന്ന് പിതാവിനെ രക്ഷിക്കാൻ സ്വയം പരുക്കേൽപ്പിച്ച് പരാതി നൽകി; ആഡിഡ് ആക്രമണ കേസിൽ വഴിത്തിരിവ്
ന്യൂഡൽഹി: ഡൽഹി ആസിഡ് അക്രമണത്തിൽ വഴിത്തിരിവ്. ആസിഡ് ആക്രമണത്തിന് ഇരയായ കോളെജ് വിദ്യാർഥിനിയുടെ പിതാവിനെ ലൈംഗികാതിക്രമ കേസിൽ പൊലീസ് അറസ്റ്റു ചെയ്തു. യുവതിയുടെ പരാതി വ്യാജമാണെന്നും ആസിഡ് ആക്രമണം നടന്നിട്ടില്ലെന്നുമാണ് പൊലീസിന്‍റെ കണ്ടെത്തൽ.
പ്രതിയെന്നാരോപിച്ചയാളുടെ ഭാര്യ ഇരയുടെ പിതാവ് തന്നെ ലൈഗികാതിക്രമത്തിനിരയാക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതായി പരാതി നൽകിയിരുന്നു. ഇതിനെ ചുറ്റിപ്പറ്റി നടന്ന അന്വേഷണത്തിലാണ് സംഭവം പുറത്തറിയുന്നത്. യുവതിയോടും ഭർത്താവിനോടുമുള്ള വൈരാഗ്യം മൂലം വ്യാജമായി ഉണ്ടാക്കിയ കേസാണിതെന്ന് പൊലീസ് കണ്ടെത്തുകയായിരുന്നു.
ആസിഡ് ആക്രമണത്തിന് രണ്ട് ദിവസം മുമ്പ്, പ്രതിയെന്നാരോപിക്കുന്ന ആളുടെ ഭാര്യ ഇരയെന്നവകാശപ്പെട്ട പെൺകുട്ടിയുടെ പിതാവിനെതിരേ ബലാത്സംഗവും ബ്ലാക്ക് മെയിലിങ്ങും ആരോപിച്ച് പരാതി നൽകിയിരുന്നു. 2021 നും 2024 നും ഇടയിൽ അയാളുടെ ഫാക്ടറിയിൽ ജോലി ചെയ്തിരുന്ന സമയത്ത് അയാൾ തന്നെ ബലാത്സംഗം ചെയ്യുകയും സ്വകാര്യ ഫോട്ടോകളും വീഡിയോകളും കാണിച്ച് ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നായിരുന്നു യുവതിയുടെ പരാതി.
കേസിൽ നിന്ന് രക്ഷപ്പെടുന്നതിന്‍റെ ഭാഗമായി പിതാവും മകളും ചേർന്ന് ഇത്തരമൊരു വ്യാജ പരാതി സൃഷ്ടിച്ചതെന്നാണ് പൊലീസ് പറയുന്നത്. കേസിൽ നിന്നും രക്ഷപെടുക, പരാതി ഒത്തുതീർപ്പാക്കുക എന്നതായിരുന്നു ഈ വ്യാജ പരാതിയിലൂടെ പെൺകുട്ടിയും പിതാവും ഉദ്ദേശിച്ചിരുന്നത്.
സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച പൊലീസിന് സ്ത്രീ തന്‍റെ സഹോദരനോടൊപ്പം ഇരുചക്രവാഹനത്തിൽ വീട്ടിൽ നിന്ന് ഇറങ്ങിയതായി കാണാം, സഹോദരൻ അവളെ അശോക് വിഹാർ പ്രദേശത്ത് ഇറക്കിവിട്ടു. അവിടെ നിന്ന്, പെൺകുട്ടി ഒരു ഇ-റിക്ഷയിൽ കയറുന്നത് കാണാം. ആരോപിക്കപ്പെടുന്ന മൂന്ന് പ്രതികളിൽ ആരെയും ദൃശ്യങ്ങളിൽ കാണുന്നില്ല.
തുടർന്ന് വീട്ടിൽ നിന്ന് എടുത്ത ടോയ്‌ലറ്റ് ക്ലീനർ ഉപയോഗിച്ച് സ്വയം പരുക്കേൽപ്പിക്കുകയായിരുന്നെന്നാണ് പൊലീസ് പറയുന്നത്. ഇത് സംബന്ധിച്ച് ശാസ്ത്രീയ തെളിവുകൾ പൊലീസ് ശേഖരിക്കുകയാണ്. പരിശോധനയിൽ പെൺകുട്ടിയുടെ കൈയിൽ ആസിഡിന്‍റെ അംശം കണ്ടെത്തിയിട്ടില്ല. കേസിൽ സിസിടിവി ദൃശ്യങ്ങൾ നിർണായകമായി. കേസിൽ പെൺകുട്ടിയെ പൊലീസ് സംഘം ഉടൻ കസ്റ്റഡിയിലെടുക്കും.