

എയർ ട്രാഫിക് കൺട്രോൾ തകരാറിൽ; ഡൽഹി വിമാനത്താവളത്തിൽ നൂറിലധികം വിമാനങ്ങൾ വൈകി
ന്യൂഡൽഹി: എയർ ട്രാഫിക് കൺട്രോൾ തകരാറിലായതിനെ തുടർന്ന് ഡൽഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിന്‍റെ പ്രവർത്തനങ്ങൾ തടസപ്പെട്ടു. വിമാനത്താവളം പ്രശ്നം പരിഹരിക്കാനുള്ള തീവ്ര ശ്രമത്തിലാണ്.
എടിസി തകരാർ കാരണം 100 ലധികം വിമാനങ്ങൾ വൈകിയാണ് സർവീസ് നടത്തുന്നത്. യാത്രക്കാർ വിമാന കമ്പനികളുമായി ബന്ധപ്പെടാൻ വിമാനത്താവള അധികൃതർ നിർദേശിക്കുന്നു.
ഇൻഡിഗോ, സ്‌പൈസ് ജെറ്റ്, എയർ ഇന്ത്യ തുടങ്ങിയ വിമാനക്കമ്പനികൾ ഡൽഹിയിലെ വിമാനത്താവളത്തിൽ കാലതാമസം നേരിടുന്നതിനാൽ യാത്രക്കാർക്ക് മുന്നറിയിപ്പു നൽകി.
എടിസി തകരാർ കാരണം ഡൽഹി വിമാനത്താവളത്തിൽ വിമാനങ്ങൾ വൈകുകയും കൂടുതൽ കാത്തിരിക്കേണ്ടിവരുമെന്ന് കമ്പനി അറിയിച്ചു. ഞങ്ങളുടെ നിയന്ത്രണത്തിന് അതീതമായ ഈ അപ്രതീക്ഷിത തടസമായിരുന്നു ഇതെന്നും അസൗകര്യത്തിൽ ഞങ്ങൾ ഖേദിക്കുന്നുവെന്നും നിങ്ങളുടെ ക്ഷമയെ അഭിനന്ദിക്കുന്നുവെന്നും എയർ ഇന്ത്യ പറഞ്ഞു.