

ഡൽഹിയിൽ കോൾഡ്രിഫ് കഫ് സിറപ്പിന്‍റെ വിൽപ്പനയ്ക്കും ഉപയോഗത്തിനും നിരോധനം
representative image
ന്യൂഡൽഹി: കോൾഡ്രിഫ് കഫ് സിറപ്പിന്‍റെ വിൽപ്പനയും ഉപയോഗവും നിരോധിച്ച് ഡൽഹി സർക്കാർ. ഇത് സംബന്ധിച്ച് സർക്കാരിന്‍റെ ഡ്രഗ്സ് കൺട്രോൾ വകുപ്പ് പൊതു താത്പര്യ നോട്ടീസ് പുറത്തിറക്കിയിട്ടുണ്ട്.
ഒക്ടോബർ 10-ന് പുറത്തിറക്കിയ നോട്ടീസിൽ, കോൾഡ്രിഫ് സിറപ്പ് 'സ്റ്റാൻഡേർഡ് ക്വാളിറ്റി അല്ല" എന്ന് സർക്കാർ വിശകലനത്തിൽ കണ്ടെത്തിയതായി വകുപ്പ് അറിയിച്ചു. ഡൈഎത്തിലീൻ ഗ്ലൈക്കോൾ അടങ്ങിയിരിക്കുന്നതിനാൽ മരുന്നിൽ മായം ചേർത്തിട്ടുണ്ടെന്നും ഇത് ആരോഗ്യത്തിന് ഹാനികരമാക്കുന്നുവെന്നും വകുപ്പ് കൂട്ടിച്ചേർത്തു.
മുൻകരുതൽ നടപടിയെന്ന നിലയിൽ, കോൾഡ്രിഫ് സിറപ്പ് കൈകാര്യം ചെയ്യുന്നതിൽ നിന്ന് അടിയന്തര പ്രാബല്യത്തോടെ സിറപ്പിന്‍റെ വാങ്ങൽ, വിൽപ്പന, വിതരണം, ഉപയോഗം എന്നിവ നിയന്ത്രിക്കുന്നതായി സർക്കാർ ഉത്തരവിൽ വ്യക്തമാക്കുന്നു.
രാജസ്ഥാനിലും മധ്യപ്രദേശിലുമായി 22 ഓളം കുട്ടികൾ കഫ്സിറപ്പ് കുടിച്ച് മരിച്ചതിനു പിന്നാലെയാണ് നിയന്ത്രണം വരുന്നത്. മുൻപ് തന്നെ തമിഴ്നാട്, മധ്യപ്രദേശ്, രാജസ്ഥാൻ, കേരളം എന്നിവിടങ്ങളിൽ കഫ് സിറപ്പിന് നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു.