
ന്യൂഡല്‍ഹി: ഡോക്യുമെന്‍ററി വിവാദത്തിന് പിന്നാലെ, ബ്രിട്ടീഷ് ബ്രോഡ്കാസ്റ്റിംഗ് കോര്‍പ്പറേഷന്‍റെ (ബിബിസി) ഡല്‍ഹി, മുംബൈ ഓഫീസില്‍ ആദായനികുതി വകുപ്പ് റെയ്ഡ് നടത്തി. ജീവനക്കാരുടെ ഫോണുകള്‍ പിടിച്ചെടുത്തതായുമാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍.
രാവിലെ പതിനൊന്നരയോടെയാണ് ആദായ നികുതി ഉദ്യോഗസ്ഥര്‍ ബിബിസിയുടെ ഓഫീസുകളില്‍ എത്തിയത്. പരിശോധനയ്ക്കിടെ മാധ്യമ പ്രവര്‍ത്തകരുടെയും ജീവനക്കാരുടെയും ഫോണുകള്‍ ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തു. അടുത്ത ഷിഫ്റ്റിലുള്ള ജോലിക്കാര്‍ ഓഫീസില്‍ എത്തേണ്ടതില്ലെന്ന നിര്‍ദേശവും നല്‍കി.
ജീവനക്കാരുടെ പക്കൽ നിന്നും പിടിച്ചെടുത്ത ഇലക്ട്രോണിക് ഉപകരണങ്ങളുടെ ബാക്കപ്പ് എടുത്ത് വ്യക്തികൾക്ക് തിരികെ കൈമാറുമെന്നാണ് ആദായ നികുതി ഉദ്യോഗസ്ഥരുടെ വിശദീകരണം. അക്കൗണ്ട്, ധനകാര്യ ഡിപ്പാർട്ട്മെൻ്റ് എന്നിവയിലെ ഉദ്യോഗസ്ഥരുടെ ലാപ്പ് ടോപ്പുകൾ, കംപ്യൂട്ടറുകൾ എന്നിവ പിടിച്ചെടുത്തതായും ആദായ നികുതി വകുപ്പ് വൃത്തങ്ങൾ വ്യക്തമാക്കി.
ബിസിനസ് പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട രേഖകളും ബിബിസിയുടെ ഇന്ത്യൻ ഭാഷാ ചാനലുകളുടെ വരുമാന രേഖകളും പരിശോധിക്കുന്നുണ്ട്. മുംബൈയിൽ ബിബിസി സ്റ്റുഡിയോ ഓഫീസിലാണ് റെയ്ഡ് നടക്കുന്നത്. ബിബിസി ന്യൂസിന് മുംബൈയിൽ മറ്റൊരു ഓഫീസുകൂടി ഉണ്ട്. ഇവിടെ റെയ്ഡ് നടക്കുന്നുണ്ടോയെന്ന കാര്യം വ്യക്തമല്ല.
നികുതി അടച്ചതുമായി ബന്ധപ്പെട്ടും സാമ്പത്തിക ധനസമാഹരണവുമായി ബന്ധപ്പെട്ടും ബിബിസിക്കെതിരെ ചില പരാതികള്‍ ഉയര്‍ന്നിരുന്നു. ഇത് സംബന്ധിച്ച് പരിശോധനയ്ക്കാണ് റെയ്ഡുകളെന്നാണ് ഐടി അധികൃതരുടെ വിശദീകരണം.