യമുനാ ശുചീകരണ യജ്ഞത്തിൽ പങ്കുചേർന്ന് ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്ത

ഐടിഒയ്ക്ക് സമീപമുള്ള ഹാത്തി ഘട്ടിൽ ഞായറാഴ്ചയായിരുന്നു ശുചീകരണ പ്രവർത്തനം
Delhi Chief Minister Rekha Gupta
ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്ത
Updated on: 

ന്യൂഡൽഹി: യമുനാ നദിയുടെ തീരത്ത് നടത്തിയ ശുചീകരണ യജ്ഞത്തിൽ ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്തയും മന്ത്രിസഭാംഗങ്ങളും പങ്കെടുത്തു. ഐടിഒയ്ക്ക് സമീപമുള്ള ഹാത്തി ഘട്ടിൽ ഞായറാഴ്ചയായിരുന്നു ശുചീകരണ പ്രവർത്തനം. യുവാക്കളും സാമൂഹിക സംഘടനാ പ്രവർത്തകരും ഉൾപ്പെടെ നിരവധി പേർ പങ്കാളികളായി.

നദീതീരത്ത് നിന്ന് മുഖ്യമന്ത്രി മാലിന്യങ്ങൾ നീക്കം ചെയ്തു. ദേവീദേവന്മാരുടെ വിഗ്രഹങ്ങളുടെ തകർന്ന ഭാഗങ്ങളും പൂജയ്ക്ക് ഉപയോഗിക്കുന്ന മറ്റ് വസ്തുക്കളും വലിയ തോതിൽ നദിയിൽ വലിച്ചെറിയുന്നതായി ശ്രദ്ധയിൽപ്പെട്ടെന്ന് രേഖ ഗുപ്ത പറഞ്ഞു. പ്ലാസ്റ്റിക് മാലിന്യങ്ങളും ധാരാളമായി നിക്ഷേപിക്കുന്നുണ്ട്. യമുനയിൽ വിശ്വാസമുള്ള എല്ലാവർക്കും നദി വൃത്തിയായി സൂക്ഷിക്കാനുള്ള ഉത്തരവാദിത്തമുണ്ടെന്നും അവർ പറഞ്ഞു.

യമുനാ ശുചീകരണത്തിനായി ഡൽഹി സർക്കാർ വിവിധ നടപടികൾ സ്വീകരിച്ചുവരികയാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. വികേന്ദ്രീകൃത മലിനജല ശുദ്ധീകരണ പ്ലാന്‍റുകൾ സ്ഥാപിച്ച് നദിയിലേക്ക് ഒഴുകിയെത്തുന്ന അഴുക്കുചാൽ വെള്ളം തടയുക, ഓടകളിലെ ചെളിയും മാലിന്യങ്ങളും നീക്കം ചെയ്യുക തുടങ്ങിയ നടപടികൾ ഇതിൽ ഉൾപ്പെടുന്നു.

ബിജെപി നേതാക്കളും പ്രവർത്തകരും റസിഡന്‍റ്സ് വെൽഫെയർ അസോസിയേഷൻ അംഗങ്ങളും ശുചീകരണ യജ്ഞത്തിൽ പങ്കെടുത്തു.

logo
Metro Vaartha
www.metrovaartha.com