

രേഖ ഗുപ്ത
ന‍്യൂഡൽഹി: ദുരന്ത നിവാരണ അഥോറിറ്റി ഉദ‍്യോഗസ്ഥരുടെ വേതനം 100 ശതമാനം വരെ വർധിപ്പിച്ച് ഡൽഹി സർക്കാർ. 16 വർഷമായി മാറ്റമില്ലാതെ തുടരുന്ന വേതനം പരിഷ്കരിച്ചുകൊണ്ട് തങ്ങൾ ദുരന്ത നിവാരണ ഉദ‍്യോഗസ്ഥരോട് നീതി പുലർത്തിയെന്ന് മുഖ‍്യമന്ത്രി രേഖ ഗുപ്ത പ്രസ്താവനയിൽ പറഞ്ഞു.
ഡൽഹി ദുരന്ത നിവാരണ അഥോറിറ്റിയുടെ കീഴിൽ പ്രവർത്തിക്കുന്ന പ്രൊജക്റ്റ് ഓഫിസർമാർ, പ്രൊജക്റ്റ് കോർഡിനേറ്റർമാർ, ജില്ലാ പ്രൊജക്റ്റ് ഓഫിസർമാർ എന്നിവർ ഉൾപ്പടെയുള്ള ജീവനക്കാർക്ക് ഇതിന്‍റെ ഗുണം ലഭിക്കും.
പ്രൊജക്റ്റ് ഓഫിസർമാർക്കും ജില്ലാ പ്രെജക്റ്റ് ഓഫിസർമാർക്കും 25,000 രൂപയും പ്രൊജക്റ്റ് കോർഡിനേറ്റർക്ക് 20,000 രൂപയുമായിരുന്നു നേരത്തെ ലഭിച്ചിരുന്നത്. എന്നാൽ പുതിയ വർധനവ് പ്രകാരം മഹാരാഷ്ട്ര, കർണാടക, ഉത്തർപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിൽ സമാന തസ്തികകളിലെ ജീവനക്കാർക്ക് ലഭിക്കുന്ന 45,000 മുതൽ 50,000 രൂപ വരെ ലഭിച്ചേക്കും.
2009ൽ ഐക‍്യരാഷ്ട്രസഭയുടെ വികസന പരിപാടിയുടെ ഭാഗമായാണ് ഈ തസ്തിക രൂപീകരിച്ചത്. പക്ഷേ സർക്കാർ ശമ്പള ഘടനയുമായോ തതുല‍്യമായ ശമ്പള വിഭാഗങ്ങളുമായോ ബന്ധിപ്പിക്കാത്തതിനാൽ ജീവനക്കാർക്ക് ശമ്പള പരിഷ്കരണത്തിന്‍റെ ആനുകൂല‍്യമോ ക്ഷാമബത്തയോ ലഭിച്ചിരുന്നില്ലെന്ന് മുഖ‍്യമന്ത്രി കൂട്ടിച്ചേർത്തു.
ദുരന്ത നിവാരണ പദ്ധതികൾ തയാറാക്കുക, ശാസ്ത്രീയമായി അപകടസാധ‍്യത വിലയിരുത്തലുകൾ നടത്തുക, ഡൽഹിയിലെ അതീവ ജാഗ്രതാ മേഖലകളിലെ അപകടസാധ‍്യതകൾ പഠിക്കുക, വിവിധ വകുപ്പുകൾക്കിടയിൽ ഏകോപനം നടത്തുക. എന്നിവയാണ് ഇവരുടെ പ്രധാന ഉത്തരവാദിത്തങ്ങൾ